മസ്കത്ത്: ലോകകപ്പ് യോഗ്യത മത്സരത്തിൽ സൗദി അറേബ്യക്കെതിരായ മത്സരത്തിലെ അപ്രതീക്ഷിത തോൽവിയുടെ നിരാശയിലാണ് ഒമാനിലെ ഫുട്ബാൾ ആരാധകർ. മത്സരം പരാജയപ്പെട്ടതിൽ കളിക്കാരും ആരാധകരും നിരാശകരാകരുതെന്ന് ഒമാൻ ദേശീയ ഫുട്ബാൾ ടീം കോച്ച് ബ്രാൻകോ ഇവാൻകോവിക്ക് പറഞ്ഞു. വിജയിക്കാൻ ഉറച്ചുതന്നെയാണ് കളിക്കാൻ ഇറങ്ങിയതെന്ന് ചൊവ്വാഴ്ച രാത്രി മത്സരശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കവേ ബ്രാൻകോ ഇവാൻകോവിക്ക് പറഞ്ഞു. സൗദി അറേബ്യ ഏറെ അനുഭവ സമ്പത്തുള്ള ടീമാണ്. ഒമാനെ സംബന്ധിച്ച് ഒട്ടുമിക്ക കളിക്കാരും പുതിയവരാണ്. അതാണ് പ്രധാനമായും പരാജയത്തിന് കാരണം. ഒമാൻ നന്നായി കളിച്ചതായും ഇനിയുള്ള മത്സരങ്ങളിൽ മികച്ച പ്രകടനം പുറത്തെടുക്കുമെന്നും കോച്ച് പറഞ്ഞു.
മത്സരത്തിൽ ഒമാന് അനുകൂലമായി ഒട്ടേറെ ഘടകങ്ങൾ ഉണ്ടായിരുന്നെങ്കിലും നിർഭാഗ്യം വിട്ടൊഴിഞ്ഞില്ലെന്നതായിരുന്നു സ്ഥിതി. ഏകദേശം രണ്ടു വർഷത്തെ ഇടവേളക്കുശേഷം സ്റ്റേഡിയത്തിൽ കാണികളെ അനുവദിച്ച മത്സരമായിരുന്നു ഇത്. ഏകദേശം പതിനായിരം ആളുകളെ സ്റ്റേഡിയത്തിൽ പ്രവേശിപ്പിച്ചിരുന്നു. ഇവരെല്ലാം തന്നെ തങ്ങളുടെ രാജ്യത്തിനായി തൊണ്ട പൊട്ടുമാറുച്ചത്തിൽ ആർപ്പുവിളിച്ചുകൊണ്ടിരുന്നു. കാണികളുടെ പിന്തുണക്കൊപ്പം കരുത്തരായ ജപ്പാനെ അവരുടെ നാട്ടിൽവെച്ച് പരാജയപ്പെടുത്തിയതിെൻറ ആത്മവിശ്വാസത്തോടെയും കളിക്കാനിറങ്ങിയ ഒമാൻ ഒട്ടേറെ അവസരങ്ങൾ സൃഷ്ടിച്ചെങ്കിലും അനുഭവസമ്പത്തുള്ള മാച്ച് വിന്നറുടെ അഭാവം വിജയത്തിന് തടസ്സമായി. കളിയുടെ ആദ്യ പകുതിയിൽ സൗദി ശക്തമായ പ്രതിരോധത്തിലൂടെ ഒമാനെ മുന്നേറാൻ അനുവദിച്ചില്ല. അതോടൊപ്പം കളിയുടെ ഗതിക്ക് വിപരീതമായി കളിയുടെ 43ാം മിനിറ്റിൽ സൗദി അറേബ്യ ഗോൾ നേടുകയും ചെയ്തു.
കിട്ടിയ ലീഡിൽ പിടിച്ചാണ് സൗദി രണ്ടാം പകുതിയിൽ കളി മുന്നോട്ടുകൊണ്ടുപോയത്. പലപ്പോഴും സമയം കളയാൻ സൗദി ബുദ്ധിപൂർവം നീക്കങ്ങൾ നടത്തി. അതിനിടെ, ഒമാൻ സകല കരുത്തും സംഭരിച്ച് ആഞ്ഞടിച്ചു. 68ാം മിനിറ്റിൽ ഒമാൻ ഒരു വിഡിയോ റിവ്യൂവിനു വേണ്ടി വാദിച്ചെങ്കിലും റഫറി അനുവദിച്ചില്ല. കളിയുടെ അവസാന പത്തു മിനിറ്റിൽ തുറന്ന അവസരങ്ങൾ ലഭിച്ചെങ്കിലും അത് മുതലാക്കാനായില്ല. അതേസമയം സൗദിയാകട്ടെ ആക്രമണത്തിനു പകരം പ്രതിരോധം ശക്തമാക്കി കളിയുടെ നിയന്ത്രണം ഏറ്റെടുത്തു. ആരാധകരെ ഏറെ നിരാശപ്പെടുത്തിയ ഫലമായിരുന്നെങ്കിലും ഒമാന് ഇനിയും സാധ്യതകളുണ്ട്. ഗ്രൂപ്പിലെ ആറ് ടീമുകൾക്കായി ആകെ പത്തു മത്സരങ്ങളാണുള്ളത്. അതിൽ രണ്ടു മത്സരം വീതം എല്ലാ ടീമുകളും പൂർത്തിയാക്കി. ആസ്ട്രേലിയ, സൗദി ടീമുകൾക്ക് ആറ് പോയൻറ് വീതവും ഒമാൻ ജപ്പാൻ ടീമുകൾക്ക് മൂന്നു പോയൻറ് വീതവുമാണുള്ളത്. ചൈനക്കും വിയറ്റ്നാമിനും പോയൻറ് ഒന്നുമില്ല.
ഒമാെൻറ ഇനിയുള്ള എട്ടു മത്സരങ്ങളിൽ നാലെണ്ണം ഒമാനിലാണ്. ബാക്കി നാലെണ്ണം സൗദി, ആസ്ട്രേലിയ, വിയറ്റ്നാം, ചൈന എന്നിവിടങ്ങളിൽ ആണ്. ഒമാനിൽ നടക്കുന്ന മത്സരങ്ങളിൽ എല്ലാം ജയിക്കുകയും വിദേശ മത്സരങ്ങളിൽ സമനില പിടിക്കുകയും ചെയ്താൽ ഒമാന് സാധ്യത ഉണ്ട്. ആസ്ട്രേലിയ, ജപ്പാൻ ടീമുകൾ തന്നെയാണ് ഒമാനെ സംബന്ധിച്ച് ഏറ്റവും വെല്ലുവിളി. ആദ്യ മത്സരം തോറ്റെങ്കിലും ജപ്പാൻ വിജയപാതയിൽ തിരിച്ചെത്തി. ആസ്ട്രേലിയ ആകട്ടെ കഴിഞ്ഞ ദിവസം വിയറ്റ്നാമിനെ അവരുടെ നാട്ടിൽ തോൽപിച്ചതോടെ തുടർച്ചയായ പത്തു വിജയങ്ങൾ നേടി കഴിഞ്ഞു. ഒമാെൻറ അടുത്ത മത്സരം ഒക്ടോബർ ഏഴിന് ആസ്ട്രേലിയക്കെതിരെ അവരുടെ നാട്ടിലാണ്. അതിൽ സമനില നേടാനായാൽ ഒമാന് നേട്ടമാണ്. എന്നാൽ, ഒക്ടോബർ പന്ത്രണ്ടിന് നടക്കുന്ന വിയറ്റ്നാമിനെതിരായ മത്സരം ഒമാൻ ജയിക്കുകതന്നെ വേണം. നവംബറിൽ ചൈനയിലും ജപ്പാനെതിരെ ഒമാനിലും മത്സരമുണ്ട്. ബാക്കി മത്സരങ്ങൾ 2022 ജനുവരി, ഫെബ്രുവരി, മാർച്ച് മാസങ്ങളിലാണ്. ഓരോ മത്സരവും ഏറെ വെല്ലുവിളികൾ നിറഞ്ഞതാണ്. ഏറെ പ്രയത്നിച്ചാൽ മാത്രമേ ആദ്യ രണ്ടു സ്ഥാനക്കാരിൽ ഉൾപ്പെടാനാവുകയുള്ളൂ. ആദ്യ രണ്ടു സ്ഥാനക്കാർ നേരിട്ട് ലോകകപ്പിന് യോഗ്യത നേടും. മൂന്നാം സ്ഥാനം നേടുന്ന ടീം ഗ്രൂപ് എ യിൽ മൂന്നാം സ്ഥാനത്തെത്തുന്ന ടീമുമായി പ്ലേ ഓഫ് കളിക്കണം. അതിൽ ജേതാക്കളാകുന്ന ടീം ഓഷ്യാന ജേതാക്കളുമായി കളിക്കണം. അതിലും ജയിച്ചാൽ ആ ടീമിനും ലോകകപ്പ് കളിക്കാം. ആതിഥേയരായ ഖത്തർ ഇതിനോടകം ലോകകപ്പിന് യോഗ്യത നേടിക്കഴിഞ്ഞു, ഇനി നാലോ അഞ്ചോ ടീമുകൾക്ക് കൂടിയാണ് അവസരം ലഭിക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.