മസ്കത്ത്: വേള്‍ഡ് മലയാളി ഫെഡറേഷന് നാഷനല്‍ കൗണ്‍സിലിന്റെ 2024 ‘ഓണനിലാവ്’ ഓണാഘോഷ പരിപാടി ഹല്ബനിലെ അല്‍ റഹ്ബി ഫാമില്‍ നടന്നു. കെ. രാജന്, നാഷനല്‍ കോഓഡിനേറ്റര്‍ അന്‍സാര്‍, പ്രസിഡന്റ് സജിമോന്‍ ജോര്‍ജ്, സെക്രട്ടറി ഹബീബ്, ട്രഷറര്‍ ജാന്സന് ജോസ് എന്നിവരുടെ സാന്നിധ്യത്തില്‍ തിരികൊളുത്തി ഉദ്ഘാടനം നിര്‍വഹിച്ചു.
വയനാട് ദുരന്തത്തില്‍ മരിച്ചവരുടെയും മലയാള കലാരംഗത്തുനിന്ന് മരിച്ചവരുടെയും ഓര്‍മക്കായി ഒരു മിനിറ്റ് മൗനപ്രാര്‍ഥന അര്‍പ്പിച്ച് പരിപാടിക്ക് തുടക്കംകുറിച്ചു. സജിമോന്‍ ജോര്‍ജ് അധ്യക്ഷത വഹിച്ചു. ഒമാനിലെ സാമൂഹിക പ്രവര്‍ത്തനത്തെ വിശദീകരിച്ച് കെ. രാജന് സംസാരിച്ചു. ഡോ. റഷീദ് ആശംസകള്‍ നേര്‍ന്നു. തുടര്‍ന്ന് ഡബ്ല്യു.എം.എഫ് നിസ്വ യൂനിറ്റ് അവതരിപ്പിച്ച തിരുവാതിര മനോഹരമായി.
സൂര്, സുഹാര്‍, നിസ്വ കൗണ്‍സില്‍ അവതരിപ്പിച്ച നൃത്തങ്ങളും നിസ്വ കോഓഡിനേറ്റര്‍ ബിജു പുരുഷോത്തമന് അവതരിപ്പിച്ച കവിതയും ഓണനിലാവിന് മാറ്റുകൂട്ടി. സുജിത്തിന്റെ മെന്റലിസം കാണികൾക്ക് നവ്യാനുഭവമായി. സ്വാദിഷ്ടമായ സദ്യയും ഒരുക്കിയിരുന്നു. ഷാന്‍, ഹരി, നിഷാദ്, സിദ്ദീഖ് എന്നിവരുടെ നേതൃത്വത്തില്‍ കായിക പരിപാടികള്‍ അരങ്ങേറി.
എക്സിക്യൂട്ടിവ് അംഗങ്ങളായ അരുണ്‍, വിപിന്‍, അശ്വിന് എന്നിവര്‍ ഓണസദ്യക്ക് നേതൃത്വം നല്കി. പരിപാടിയുടെ മോഡറേഷന് സബിത നിര്‍വഹിച്ചു. സിംഫണി മ്യൂസിക് നാസര്‍ ആലുവ ടീം ഗാനമേളയും അശ്വതി, മകള്‍ പിങ്കി, ആതിര, മാളവിക ബിജു എന്നിവർ നൃത്തവും നിഷാദ് മാവേലിയെയും അവതരിപ്പിച്ചു. അന്‍സാര്‍ സ്വാഗതം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.