മസ്കത്ത്: യാച്ച് ടൂറിസത്തിലെ കുതിച്ചുചാട്ടം മസ്കത്തിനെ സാഹസിക കേന്ദ്രമാക്കി മാറ്റുന്നു. യാച്ച് ടൂറിസം മേഖലയിൽ ഗണ്യമായ വളർച്ചയാണ് മസ്കത്ത് കൈവരിച്ചിട്ടുള്ളത്. രജിസ്റ്റർ ചെയ്ത 500 ടൂറിസ്റ്റ് യാച്ചുകൾ ഇപ്പോൾ തലസ്ഥാനത്ത് പ്രവർത്തിക്കുന്നുണ്ടെന്ന് ഗതാഗത, വാർത്താവിനിമയ, വിവരസാങ്കേതിക മന്ത്രാലയത്തിലെ മാരിടൈം അഫയേഴ്സ് ഡയറക്ടർ ജനറൽ ക്യാപ്റ്റൻ മാജിദ് ബിൻ സെയ്ഫ് അൽ ബർഹി വ്യക്തമാക്കി.
മറൈൻ ടൂറിസം മെച്ചപ്പെടുത്തുന്ന സുപ്രധാന ഘടകമാണ് യാച്ച് ടൂറിസം. അസാധാരണമായ അനുഭവങ്ങൾ തേടുന്ന സന്ദർശകരെ ആകർഷിക്കുന്നതിനാൽ, ടൂറിസം മേഖല വികസിപ്പിക്കുന്നതിൽ യാച്ചിന് വളരെ അധികം പ്രാധാന്യമുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
ദൈമാനിയത്ത് ഐലൻഡ്സ്, ബന്ദർ അൽ ഖൈറാൻ പ്രദേശം, മറ്റു പ്രശസ്തമായ സ്ഥലങ്ങൾ എന്നിവയുൾപ്പെടെ ഒമാന്റെ തീരങ്ങളിലെ സമ്പന്നമായ സമുദ്രജീവികളെ പര്യവേക്ഷണം ചെയ്യാൻ വിനോദസഞ്ചാരികൾ ഏറെ ഇഷ്ടപ്പെടുന്നതാണ്.
മസ്കത്ത് ഗവർണറേറ്റിലെ അതിമനോഹരമായ ബീച്ചുകളും സുസജ്ജമായ മറീനകളും യാച്ച് ടൂറിസത്തിന്റെ കുതിച്ചുചാട്ടത്തിന് കാരണമാകുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. നിലവിൽ, ആറ് മറീനകൾ പ്രവർത്തനത്തിലുണ്ട്.
ഉപയോക്തൃ സുരക്ഷ ഉറപ്പാക്കാൻ, പ്രത്യേകിച്ച് തിരക്കേറിയ സീസണുകളിൽ മന്ത്രാലയം യാച്ച് യാത്രകൾ സജീവമായി നിരീക്ഷിക്കുന്നുണ്ടെന്ന് ക്യാപ്റ്റൻ ബർഹി കൂട്ടിച്ചേർത്തു.
ടൂറിസ്റ്റ് യാച്ചുകൾക്കായി ശുദ്ധമായ ഊർജ്ജ സാങ്കേതിക വിദ്യകൾ സംയോജിപ്പിച്ച് ഈ മേഖല വികസിപ്പിക്കുന്നതും വിനോദസഞ്ചാരികളെ മികച്ച രീതിയിൽ പരിപാലിക്കുന്നതിനായി ബീച്ച് സൗകര്യങ്ങൾ വർധിപ്പിക്കുന്നതും ഭാവി പദ്ധതികളിൽ ഉൾപ്പെടുന്നതാണ്. യാച്ചുകളിൽ സോളാർ പാനലുകൾ പോലെയുള്ള പുനരുപയോഗ ഊർജ്ജ പരിഹാരങ്ങൾ നടപ്പിലാക്കുന്നതിനുള്ള പ്രോജക്ടുകൾ പഠനത്തിലാണ്.
ഒമാന്റെ അതിമനോഹരമായ പ്രകൃതിഭംഗിയാണ് വിനോദ സഞ്ചാരികളുടെ വർധിക്കാനുള്ള കാരണമെന്ന് ടൂറിസ്റ്റ് യാച്ചിന്റെ ഉടമ മുഹമ്മദ് ബിൻ അഹമ്മദ് പറഞ്ഞു.
കടൽ വിനോദസഞ്ചാരം സുഗമമാക്കുന്നതിനായി അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനുള്ള സർക്കാറിന്റെ പ്രതിബദ്ധത, ഇന്ധന വിതരണവും അറ്റകുറ്റപ്പണി സേവനങ്ങളും ഉൾക്കൊള്ളുന്ന ആധുനിക മറീനകളുടെ ലഭ്യത തുടങ്ങിയവ ഏറെ പ്രംശസിക്കേണ്ടതാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.