ദോഹ: അമേരിക്കയിലെ കാലിഫോര്‍ണിയന്‍ നഗരമായ സാന്‍ബെര്‍ണാര്‍ഡിനോയിലുണ്ടായ വെടിവെപ്പില്‍ ഖത്തര്‍ പൗരന്‍ ഉള്‍പ്പെട്ടുവെന്ന വാര്‍ത്ത പ്രചരിച്ചത് തെറ്റിദ്ധാരണ പരത്തി. 14 പേരാണ് ബെര്‍ണാര്‍ഡിനോയിലെ സാമൂഹിക കേന്ദ്രത്തില്‍ ബുധനാഴ്ചയുണ്ടായ വെടിവെപ്പില്‍ കൊല്ലപ്പെട്ടത്.
സംഭവത്തിലെ പ്രതികളിലൊരാള്‍ ഖത്തര്‍ സ്വദേശിയാണെന്ന തരത്തില്‍ സാമൂഹിക മാധ്യമങ്ങളിലും പ്രമുഖ മാധ്യമങ്ങളുടെ ഓണ്‍ലൈന്‍ എഡിഷനുകളിലും വന്നതാണ് തെറ്റിദ്ധാരണയുണ്ടാക്കിയത്. സംഭവത്തില്‍ സശയിക്കുന്ന രണ്ടാമത്തെയാള്‍ ഖത്തര്‍ സ്വദേശിയായ ത്വയ്യിബ് ബിന്‍ ഉര്‍ദുഗാന്‍ (28) ആണെന്നാണ് വാര്‍ത്ത പ്രചരിച്ചത്. ഫോക്സ് ന്യൂസിനെ ഉദ്ധരിച്ച് ട്വിറ്ററിലാണ് ഈ വാര്‍ത്ത പ്രത്യക്ഷപ്പെട്ടത്. എന്നാല്‍, ഇത് ആരോ വ്യാജമായി സൃഷ്ടിച്ചതാണെന്ന് പിന്നീട് പൊലീസ് അറിയിച്ചു. സംഭവത്തിലെ പ്രതികളെന്ന് സംശയിക്കുന്ന രണ്ട് പേര്‍ പൊലീസുമായുണ്ടായ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടിരുന്നു. സയിദ് റിസ്വാന്‍ ഫാറൂഖ് (28), തശ്ഫീന്‍ മാലിക് (27) എന്നീ ദമ്പതികളാണ് മരിച്ചതെന്നും ഇവര്‍ക്ക് ഒരു പെണ്‍കുഞ്ഞുണ്ടെന്നും ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍, സംഭവവുമായി ബന്ധപ്പെട്ട് ആദ്യം വന്ന റിപ്പോര്‍ട്ടില്‍ സയിദ് റഹീല്‍ ഫാറൂഖ് എന്ന പേരും ഉണ്ടായിരുന്നു. ഇതും തെറ്റായിരുന്നുവെന്ന് പൊലിസിന് വ്യക്തമാക്കേണ്ടി വന്നു.
ഫോക്സ് ന്യൂസിന്‍െറ ട്വിറ്റര്‍ അക്കൗണ്ടില്‍ ചേര്‍ത്തതിനാലാണ് ഖത്തരി പൗരന്‍ സംഭവത്തില്‍ ഉള്‍പ്പെട്ടുവെന്ന തെറ്റിദ്ധാരണ പരത്താന്‍ ഇടയാക്കിയത്. സാന്‍ബെര്‍ണാര്‍ഡിനോയിലെ വെടിവെപ്പുമായി ബന്ധപ്പെട്ട് സംശയിക്കുന്ന ഖത്തര്‍ സ്വദേശിയാണെന്ന് ഫോക്സ് ന്യൂസ് ലേഖികയാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതിനെതിരെ വ്യാപകമായ പരിഹാസമാണ് ട്വിറ്ററില്‍നിന്നുയര്‍ന്നത്. തുര്‍ക്കിയുടെ പ്രസിഡന്‍റായ ഉര്‍ദുഗാന്‍െറ പേരാണ് സംഭവത്തിലേക്ക് വലിച്ചിഴച്ചതെന്നും പേരിന്‍െറ വിശ്വാസ്യത അന്വേഷിക്കാന്‍ റിപ്പോര്‍ട്ടര്‍ ശ്രമിച്ചില്ളെന്നും വിമര്‍ശനമുയര്‍ന്നു. ഇത്തരമൊരു വിവരം നല്‍കിയിട്ടില്ളെന്ന് പൊലീസ് വ്യക്തമാക്കിയതോടെ ട്വീറ്റ് പിന്‍വലിക്കുകയും ചെയ്തു. ഖത്തറിന്‍െറ പേര് സംഭവത്തിലേക്ക് വലിച്ചിഴച്ചതില്‍ രാജ്യത്തും സാമൂഹിക മാധ്യമങ്ങളില്‍ പ്രതിഷേധമുയര്‍ന്നു. ഉര്‍ദുഗാന്‍ ഖത്തര്‍ സന്ദര്‍ശിക്കുന്ന സമയമായതിനാല്‍ ആരോ മനപൂര്‍വം ചെയ്തതാണിതെന്ന് സംശയിക്കുന്നതായി ചിലര്‍ ട്വിറ്ററില്‍ കുറിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.