ലോക പുസ്തകമേളകളില്‍ ദോഹയും സ്ഥാനമുറപ്പിച്ചു -ഡയറക്ടര്‍ 

ദോഹ: ലോക പുസ്തക മേളകളുടെ കൂട്ടത്തില്‍ ഖത്തറിനും പ്രത്യേക സ്ഥാനം നേടാന്‍ കഴിഞ്ഞതായി പുസ്തക മേള ഡയറക്ടര്‍ അബ്ദുല്ല നാസിര്‍ അല്‍ അന്‍സാരി. ദോഹ അന്താരാഷ്ട്ര പുസ്തക മേളയുടെ പ്രാധാന്യം ഓരോ വര്‍ഷവും വര്‍ധിച്ചുവരികയാണ്. അന്താരാഷ്ട്രതലത്തിലും അറബ് ലോകത്ത് നിന്നും പുസ്തകമേളക്ക് പ്രശംസാ പ്രവാഹമാണെന്നും ഖത്തര്‍ വാര്‍ത്താ ഏജന്‍സിക്ക് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം വ്യക്തമാക്കി. 
ഖത്തറിനും അതിന്‍െറ സാംസ്കാരിക ഭൂപടത്തിനും പ്രത്യേക സ്ഥാനം നേടിക്കൊടക്കുന്നതില്‍ മേള വലിയ പങ്ക് വഹിക്കുന്നുണ്ട്. സര്‍ക്കാറിന്‍െറ ഭാഗത്ത് നിന്നും വലിയ പിന്തുണയാണ് ലഭിക്കുന്നത്. അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് ആല്‍ഥാനിയുടെ നേരിട്ടുള്ള മേല്‍നോട്ടമാണ് ഇതിന് പ്രധാന കാരണം. ഖത്തറില്‍ നിന്നും പുറത്ത് നിന്നുമുളള എഴുത്തുകാരുടെ നിറഞ്ഞ പിന്തുണയും ലഭിച്ചു.
26ാമത് അന്താരാഷ്ട്ര പുസ്തക മേളയില്‍ ലോകത്തിന്‍െറ വിവിധ ഭാഗങ്ങളില്‍ നിന്നായി 820 പവലിയനുകളാണ് ഉണ്ടായിരുന്നത്. മുന്‍വര്‍ഷങ്ങളില്‍ നിന്ന് വ്യത്യസ്തമായി സന്ദര്‍ശകരുടെ വലിയ വര്‍ധനവ് ഇപ്രാവശ്യമുണ്ടായി. രാജ്യത്തെ സ്കൂളുകളിലെ പരീക്ഷ സമയങ്ങളുമായി ഏറ്റുമുട്ടാത്ത രീതിയില്‍ സമയക്രമം നിശ്ചയിച്ചത് സന്ദര്‍ശകരുടെ വര്‍ധനവിന് പ്രധാന കാരണമായി. 
 സാഹിത്യ-കലാ-സംഗീത മേഖലയുമായി ബന്ധപ്പെട്ട്  50ഓളം വിവിധ പരിപാടികളാണ് മേളയില്‍ സംഘടിപ്പിച്ചിരുന്നത്. 26 അറബ്-അനറബ് രാജ്യങ്ങളില്‍ നിന്നായി 475 പ്രസാധകരാണ് ദോഹ അന്താരാഷ്ട്ര പുസ്തക മേളയില്‍ പങ്കെടുത്തത്. 

കുട്ടികള്‍ക്കായുള്ള പുസ്തകങ്ങളുടെ പ്രദര്‍ശനങ്ങള്‍ക്കും വില്‍പനക്കുമായി മാത്രം 66 പ്രസാധകര്‍ ദോഹയിലത്തെി. ഡിസംബര്‍ രണ്ടിന് തുര്‍ക്കി പ്രസിഡന്‍റ് റജബ് ത്വയ്യിബ് ഉര്‍ദുഗാനും ഖത്തര്‍ സാംസ്കാരിക മന്ത്രി ഡോ. ഹമദ് ബിന്‍ അബ്ദുല്‍ അസീസ് അല്‍കുവാരിയും ചേര്‍ന്ന് ഉദ്ഘാടനം ചെയ്ത മേള ഇന്നലെ സമാപിച്ചു. സമാപന ദിവസം അന്താരാഷ്ട്ര പണ്ഡിത സഭ അധ്യക്ഷന്‍ ഡോ. യൂസുഫുല്‍ ഖറദാവി അടക്കമുള്ളവര്‍ മേള സന്ദര്‍ശിക്കാനത്തെി. മലയാളത്തില്‍ നിന്ന് ഇസ്ലാമിക് പബ്ളിഷിങ് ഹൗസും ഡി.സി. ബുക്സിന്‍െറ വിതരണക്കാരായ ക്രസന്‍റ് പബ്ളിഷിങ് ഹൗസുമാണ് പ്രധാനമായി മേളയിലുണ്ടായിരുന്നത്.
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.