ഫിഫയിലെ പ്രശ്നങ്ങള്‍ ഖത്തര്‍  ലോകകപ്പിനെ ബാധിക്കില്ല -തവാദി

ദോഹ: ഫിഫയുടെ നേതൃസ്ഥാനങ്ങളില്‍ നടക്കുന്ന മാറ്റങ്ങള്‍ 2022ല്‍ ഖത്തറില്‍ നടക്കുന്ന ലോകകപ്പിനെ ബാധിക്കില്ളെന്ന് ലോകകപ്പ് പ്രദേശിക സംഘാടക സമിതിയായ സുപ്രീം കമ്മറ്റി ഫോര്‍ ഡെലിവറി ആന്‍റ് ലെഗസി സെക്രട്ടറി ജനറല്‍ ഹസന്‍ അല്‍ തവാദി പറഞ്ഞു. മികച്ച ലോകകപ്പ് കാഴ്ച്ചവെക്കുകയെന്നത് മാത്രമാണ് ഖത്തറിന്‍െറ മുന്നിലുളള ഏകവിഷയം. ഇനി ഏഴ് വര്‍ഷങ്ങള്‍ കൂടിയാണ് ഖത്തര്‍ ലോകകപ്പിനുളളത്. അതിനുളള തയ്യാറെടുപ്പിലാണ് രാജ്യം. അഞ്ച് വര്‍ഷം മുമ്പ് ഖത്തറിന് ലോകകപ്പ് വേദി ലഭിച്ചപ്പോള്‍ ഖത്തര്‍ ഇത് എങ്ങനെ നടത്തുമെന്നതില്‍ പലര്‍ക്കും ആശങ്കയുണ്ടായിരുന്നു. 
എന്നാല്‍ ഇന്ന് ഇത്തരം ആശങ്കക്ക് സ്ഥാനമില്ളെന്നും അദ്ദേഹം പറഞ്ഞു. ഫിഫയിലെ അഴിമതി അന്വേഷിക്കുന്ന എഫ്.ബി.ഐയോ, സ്വിസ്സ് അറ്റോര്‍ണി ജനറലോ ഖത്തറുമായി ഇതുവരെ ബന്ധപ്പെട്ടിട്ടില്ല. അവര്‍ ആവശ്യപ്പെട്ടാല്‍ അവരുടെ അന്വേഷണവുമായി ഖത്തര്‍ സഹകരിക്കും. എന്നാല്‍ ലോകകപ്പ് വേദിക്കായി അവിഹിതമായ ഒരു വഴിയും ഖത്തര്‍ സ്വീകരിച്ചിട്ടില്ല.
ലോകകപ്പ് വേദി ഖത്തറിന് ലഭിച്ചുവെന്നത് മിഡിലീസ്റ്റിന് തന്നെയുളള ഒരു ആദരവാണ്. ഖത്തറിനെ സംബന്ധിച്ചെടുത്തോളം അപൂര്‍വനേട്ടവുമാണത്. ലോകകപ്പിനെ സാമൂഹ്യമാറ്റത്തിനുളള ഉപകരണമായാണ് രാജ്യം കാണുന്നത്. ഇത് ജനങ്ങളെ പരസ്പരം അടുപ്പിക്കാനും സമൂഹങ്ങള്‍ തമ്മിലുളള അകലം കുറക്കാനും സഹായകമാകും. ജി.സി.സി മേഖലയില്‍ നിന്നുള്‍പ്പെടെ നിറഞ്ഞ പിന്തുണയാണ് ഖത്തറിന് ലഭിക്കുന്നത്. 
കഴിഞ്ഞ ദിവസം സമാപിച്ച ജി.സി.സി ഉച്ചകോടി ഖത്തര്‍ ലോക കപ്പിന് പൂര്‍ണപിന്തുണ പ്രഖ്യാപിച്ചത് അതിന്‍െറ ഉദാഹരണമാണ്. തൊഴില്‍ രംഗത്ത് രാജ്യത്ത് നിരവധി വെല്ലുവിളികളുണ്ട്. അത് പരിഹരിക്കാനുളള നടപടികള്‍ രാജ്യം സ്വീകരിച്ചുവരുന്നതായും അദ്ദേഹം വ്യക്തമാക്കി. 
അതിന്‍െറ ഏറ്റവും മികച്ച ഉദാഹരണങ്ങളാണ് തൊഴില്‍ നിയമത്തില്‍ ഖത്തര്‍ വരുത്തിയ പരിഷ്കരണങ്ങള്‍. ഫുട്ബോള്‍ സാമൂഹികമാറ്റത്തെ എങ്ങനെ സ്വാധീനിക്കുമെന്നതിന്‍െറ ഉദാഹരണമാണ് ഇതെന്നും അല്‍ തവാദി പറഞ്ഞു.
ലോകകപ്പുമായി ബന്ധപ്പെട്ട് രാജ്യത്ത് നടക്കുന്ന നിര്‍മ്മാണ പ്രവൃത്തിയുടെ പുരോഗതിയെ സംബന്ധിച്ച് അമീര്‍ ശൈഖ് തമീം ബിന്‍ ആല്‍ഥാനിയുടെ നേതൃത്വത്തില്‍ കഴിഞ്ഞദിവസം ചേര്‍ന്ന സുപ്രീം കമ്മിറ്റിയുടെ യോഗം ചര്‍ച്ച ചെയ്തിരുന്നു. 
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-12-18 07:50 GMT