ഇറാഖില്‍ തട്ടികൊണ്ടുപോയ ഏഴ് ഖത്തര്‍ സ്വദേശികളെ മോചിപ്പിച്ചു

ദോഹ: ഇറാഖ്-സൗദി ബോര്‍ഡറില്‍ നിന്ന് കഴിഞ്ഞ ദിവസം തട്ടികൊണ്ടുപോയ ഏഴ് ഖത്തരി പൗരന്‍മാരെ മോചിപ്പിച്ചതായി അല്‍ ജസീറ ചാനല്‍ റിപ്പോര്‍ട്ട് ചെയ്തു. ഒരു കുവൈത്തി പൗരനെയും സൗദി പൗരനെയും മോചിപ്പിച്ചതായും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി. ഇവരെ ഇറാഖ്-കുവൈത്ത് അതിര്‍ത്തിയായ അല്‍ അബ്ദാലിയിലൂടെ കുവൈത്തിലത്തെിച്ച്, തട്ടിക്കൊണ്ടുപോയവര്‍ കുവൈത്തിലെ ഖത്തര്‍ അംബാസഡറുടെ സാനിധ്യത്തില്‍ കുവൈത്ത് അധികൃതര്‍ക്ക് കൈമാറിയാതായി അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്തു. അതെസമയം ഇന്ന് മോചപ്പിച്ച ഒമ്പത് പേരും ഖത്തരി പൗരന്‍മാരാണെന്ന് കുവൈത്തിലെ അല്‍ വത്വന്‍ പത്രം ഉള്‍പ്പെടെ നിരവധി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. 
കുവൈത്ത് അധികൃതരെ ഉദ്ധരിച്ചാണ് റിപ്പോര്‍ട്ട്. മോചിപ്പിച്ചവരെ എയര്‍ ആബുലന്‍സില്‍ കുവൈത്തിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായും അല്‍ജസീറ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി. സൗദിയോട് ചേര്‍ന്ന് കിടക്കുന്ന ഇറാഖിലെ അല്‍ മുതന്വ പ്രവിശ്യയില്‍ ബസായയിലെ സമാവ മരുഭൂമിയില്‍ വെച്ച്  നിന്ന് 26ഓളം ഖത്തരി പൗരന്‍മാരെ അക്രമികള്‍ തട്ടി കൊണ്ടുപോയതായിട്ടായിരുന്നു വാര്‍ത്തകള്‍. പൗരന്‍മാരെ തട്ടിക്കൊണ്ടുപോയ സംഭവം ഖത്തര്‍ വിദേശകാര്യ മന്ത്രാലയം സ്ഥിരീകരിക്കുകയും ചെയ്തിരുന്നു. 
ബുധനാഴ്ച്ച പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് ആയുധധാരികളായ സംഘം മരുഭൂമിയില്‍ വെച്ച് ഇവരെ തട്ടിക്കൊണ്ടുപോയത്. ഖത്തറില്‍ നിന്ന് വേട്ടക്കായി പോയതായിരുന്നു സംഘം. എന്നാല്‍ ആരാണ് ഖത്തരി സംഘത്തെ തട്ടി കൊണ്ടുപോയതെന്ന് വ്യക്തമല്ല. പൗരന്‍മാരുടെ മോചനത്തിനായി വിദേശ കാര്യമന്ത്രാലയം ശ്രമം ആരംഭിച്ചതായി കഴിഞ്ഞ ദിവസം ഖത്തര്‍ അധികൃതര്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ എത്ര ഖത്തരി പൗരന്‍മാരെയാണ് തട്ടികൊണ്ടുപേയതെന്നും ഇതിനു പിന്നിലെ ശക്തി ആരാണ് തുടങ്ങിയ കാര്യങ്ങളില്‍ അധികൃതര്‍ ഒരു പ്രതികരണവും നടത്തിയിരുന്നില്ല. മോചനം സംബന്ധമായ അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്തെങ്കിലും ഇതുമായി ബന്ധപ്പെട്ട ഖത്തര്‍ വദേശകാര്യ മന്ത്രാലയം പ്രതികരിച്ചിട്ടില്ല. 
ഇറാഖിലെ നാസിരിയ്യ നഗരത്തിനും സമാവക്കും ഇടയിലേക്കാണ് ഇവരെ തട്ടിക്കൊണ്ടുപോയതെന്ന് അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്തു. ഇറാഖിന്‍െറ ദക്ഷിണ ഭാഗത്ത് ബന്ദികളാക്കപ്പെട്ടവരുടെ മോചനത്തിനായി തീവ്രപരിശ്രമത്തിലാണെന്നും ഇതുമായി ബന്ധപ്പെട്ട് ഇറാഖ് വിദേശകാര്യമന്ത്രാലയവുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും ഖത്തര്‍ വിദേശകാര്യമന്ത്രാലയം പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. മോചനവുമായി ബന്ധപ്പെട്ട് ഖത്തറിലെ ഇറാഖ് എംബസിയുമായും ബന്ധപ്പെടുന്നുണ്ടന്നും മന്ത്രാലയം കൂട്ടിച്ചേര്‍ത്തു. 
മരുഭൂമിയില്‍ തമ്പുകളില്‍ ക്യാമ്പ് ചെയ്തവരെ 50 ഫോര്‍വീല്‍ വാഹനങ്ങളില്‍ തോക്കുകളുമായത്തെിയ സായുധ സംഘമാണ് തട്ടിക്കൊണ്ടു പോയതെന്ന് സമാവ ഗവര്‍ണര്‍ ഫാലിഹ് അല്‍സെയ്ദിനെ ഉദ്ധരിച്ചാണ് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തത്. തോക്കുകളുമായത്തെിയ നൂറോളം വരുന്ന സംഘം നായാട്ട് ക്യാമ്പിലേക്ക് പുലര്‍ച്ചെ മൂന്നു മണിയോടെയാണ് ഇരച്ചുകയറിയതെന്ന് പൊലീസ് കേണലും ഏജന്‍സിയോട് പറഞ്ഞിരുന്നു. ഇറാഖ് അധികൃതരുടെ അനുമതിയോടെയാണ് ഖത്തരി സംഘം ഇറാഖ് അതിര്‍ത്തിക്കകത്ത് പ്രവേശിച്ചതെന്ന് വിദേശകാര്യ മന്ത്രാലയത്തെ ഉദ്ധരിച്ച് ഖത്തര്‍ ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.