തുമാമ സ്റ്റേഡിയം രൂപകല്‍പന  ഖത്തരി കമ്പനിക്ക്

ദോഹ: 2022 ഖത്തര്‍ ലോകകപ്പിന്‍െറ എട്ടാമത് വേദിയായി പ്രഖ്യാപിച്ച അല്‍ തുമാമ സ്റ്റേഡിയത്തിന്‍െറ രൂപകല്‍പന ചുമതല ഖത്തറിലെ പഴക്കമേറിയ എന്‍ജിനീയറിങ് കണ്‍സള്‍ട്ടിങ് കമ്പനിയായ അറബ് എന്‍ജിനീയറിങ് ബ്യൂറോക്ക്. സുപ്രീം കമ്മിറ്റി ഫോര്‍ ഡെലിവറി ആന്‍റ് ലെഗസിയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. 1966 മുതല്‍ എന്‍ജിനീയറിങ് കണ്‍സള്‍ട്ടിങ് രംഗത്തുള്ള അറബ് എന്‍ജിനീയറിങ് ബ്യൂറോ, നിര്‍മാണരംഗത്ത് വിവിധ രീതിയിലും വലുപ്പത്തിലുമുള്ള 1500 ലധികം പദ്ധതികള്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്. തുമാമ നിയുക്ത സ്റ്റേഡിയത്തിന്‍െറ രൂപകല്‍പന ചെയ്യുന്നതിന് ഖത്തരി കമ്പനിയായ എ.ഇ.ബിയെ ചുമതലപ്പെടുത്തിയത് പ്രഖ്യാപിക്കുന്നതില്‍ വളരെയധികം സന്തോഷമുണ്ടെന്ന് സുപ്രീം കമ്മിറ്റി മതസര വേദികളുടെ ചുമതലയുള്ള എക്സിക്യുട്ടീവ് ഡയറക്ടര്‍ ഗാനിം അല്‍ കുവാരി പറഞ്ഞു. തുമാമയില്‍ കണ്ടത്തെിയ സ്ഥലത്തിന് യോജിച്ച രീതിയില്‍ സ്റ്റേഡിയം രൂപകല്‍പന ചെയ്യാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. 
പുതിയ സ്റ്റേഡിയം രൂപകല്‍പന ചെയ്യുന്നത് പ്രഖ്യാപിച്ചതിലൂടെ മിഡിലീസ്റ്റില്‍ ആദ്യമായത്തെുന്ന ലോകകപ്പ് അതിന്‍െറ രൂപം പ്രാപിക്കുകയാണെന്നും നിലവില്‍ ആറ് സ്റ്റേഡിങ്ങള്‍ അതിദ്രുതം നിര്‍മാണത്തിലാണെന്നും അല്‍ കുവാരി ചൂണ്ടിക്കാട്ടി. 2022ലെ ലോകകപ്പ് ചാമ്പ്യന്‍ഷിപ്പിന്‍െറ ക്വാര്‍ട്ടര്‍ ഫൈനലടക്കമുള്ള മത്സരങ്ങള്‍ക്ക് വേദിയാകുന്ന തുമാമയിലെ  സ്റ്റേഡിയത്തിന് 40,000 ആളുകളെ ഉള്‍ക്കൊള്ളാന്‍ കഴിയും. ചാമ്പ്യന്‍ഷിപ്പിന് ശേഷം സീറ്റുകള്‍ 20,000 ആക്കിക്കുറക്കും. നാല് ഒൗട്ട് ഡോര്‍ പിച്ചുകളടക്കം 515,400 ചതുരശ്ര മീറ്ററിലാണ് സ്റ്റേഡിയം നിര്‍മിക്കുന്നത്. ലോകത്തിലെ തന്നെ ഏറ്റവും വലിയ ചാമ്പ്യന്‍ഷിപ്പിനുള്ള സ്റ്റേഡിയം രൂപകല്‍പന ചെയ്യാന്‍ അവസരം ലഭിച്ചത് തങ്ങള്‍ക്ക് കിട്ടിയ ആദരവാണെന്നും ഇതില്‍ അഭിമാനിക്കുന്നുവെന്നും എ.ഇ.ബി ഗ്രൂപ്പ് സി.ഇ.ഒയും ചീഫ് ആര്‍ക്കിടെക്ടുമായ ഇബ്രാഹിം മുഹമ്മദ് ജൈദ പറഞ്ഞു. 1966 മുതലുള്ള തങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരമാണ് സുപ്രീം കമ്മിറ്റി നല്‍കിയിരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. 
അല്‍ തുമാമയിലെ സ്റ്റേഡിയം രൂപകല്‍പനക്കുള്ള അവകാശം ഖത്തരി കമ്പനിക്ക് ലഭിച്ചതില്‍ അതിയായ സന്തോഷമുണ്ടെന്ന് സ്റ്റേഡിയം പ്രോജക്ട് മാനേജ്മെന്‍റ് കമ്പനിയായ ടൈം ഖത്തര്‍ പ്രോജക്ട് മാനേജര്‍ ചക് ബാല്‍ഡിന്‍ പറഞ്ഞു. 
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-12-18 07:50 GMT