ദോഹ: രാജ്യത്തിന്‍െറ വിവിധ ഭാഗങ്ങളില്‍ രണ്ടുവര്‍ഷത്തിനകം 50 കാലാവസ്ഥ നിരീക്ഷണ കേന്ദ്രങ്ങള്‍ സ്ഥാപിക്കുമെന്ന് ഖത്തര്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റിക്ക് കീഴിലെ മീറ്റിറോളജി (എം.ഇ.ടി) ഡിപ്പാര്‍ട്ട്മെന്‍റ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. കാലാവസ്ഥ പ്രവചനങ്ങള്‍ ഉള്‍പ്പെടെയുള്ള വിവിധ പ്രവര്‍ത്തനങ്ങള്‍ക്കായി അത്യാധുനിക സൗകര്യങ്ങള്‍ ഉള്‍ക്കൊള്ളുന്ന കേന്ദ്രങ്ങളായിരിക്കും സ്ഥാപിക്കുകയെന്ന് പ്രാദേശിക പത്രം റിപ്പോര്‍ട്ട് ചെയ്തു. ദോഹ രാജ്യാന്തര മരിടൈം ഡിഫന്‍സ് (ഡിംഡെക്സ് 2016) പ്രദര്‍ശനത്തോടനുബന്ധിച്ചാണ് ഇക്കാര്യം പുറത്തുവിട്ടത്.
ആധുനിക സൗകര്യങ്ങള്‍ സംവിധാനിച്ച കാലാവസ്ഥ കേന്ദ്രത്തിന്‍െറ മൊബൈല്‍ വാനുകള്‍ മണിക്കൂറുകള്‍ തോറുമുള്ള കാലാവസ്ഥ പ്രവചനങ്ങള്‍ പുറത്തുവിടും. കൂടാതെ കാറ്റിന്‍െറ ഗതിയില്‍ പൊടുന്നനെ സംഭവിക്കുന്ന മാറ്റങ്ങള്‍, സമുദ്രങ്ങളിലെ അസ്ഥിരമായ കാലാവ്സഥ മാറ്റങ്ങള്‍, പൊടിക്കാറ്റ് ഇവയെക്കുറിച്ചുള്ള വിവരങ്ങളും കൈമാറും. ദക്ഷിണ കൊറിയയില്‍ നിന്ന് ഇറക്കുമതി ചെയ്ത, കൊണ്ടുനടക്കാവുന്ന ഇത്തരം കാലാവസ്ഥ നിരീക്ഷണകേന്ദ്രങ്ങള്‍, കാലാവസ്ഥ പ്രവചനങ്ങള്‍ അന്യമായ സ്ഥലങ്ങളിലും അടിയന്തരഘട്ടങ്ങളിലും ഗുണപ്രദമാകും. 72 മണിക്കൂര്‍ നേരത്തേക്കുള്ള കാലാവസ്ഥ പ്രവചനങ്ങള്‍ നല്‍കാനും ഈ ഉപകരണങ്ങള്‍ക്കാകും.
പത്ത് കാലാവസ്ഥ നിരീക്ഷണകേന്ദ്രങ്ങളാണ് നിലവില്‍ രാജ്യത്ത് പ്രവര്‍ത്തിക്കുന്നത്. സി ബാന്‍റ് സാങ്കേതികത ഉപയോഗിച്ച് ഗള്‍ഫ് മേഖലയില്‍ മുഴുവനുള്ള കാലാവസ്ഥ വ്യതിയാനങ്ങള്‍ മനസിലാക്കാനും ജനങ്ങളിലേക്ക് എത്തിക്കാനും കഴിയും. പുതുതലമുറക്ക് ഇത്തരം സംവിധാനങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ കൈമാറാനായി ഈ മൊബൈല്‍ വാനുകളുമായി സ്കൂളുകള്‍ സന്ദര്‍ശിക്കാനും പരിപാടിയുണ്ട്. ഭൂകമ്പങ്ങളെക്കുറിച്ച് മുന്നറിയിപ്പ് നല്‍കാന്‍ രാജ്യത്തിന്‍െറ വിവിധഭാഗങ്ങളില്‍ സെസ്മിക് സെന്‍സറുകളും സ്ഥാപിച്ചിട്ടുണ്ടെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു. ഡിംഡെക്സ് പ്രദര്‍ശനത്തിലെ സിവില്‍ ഏവിയേഷന്‍ പവലിയനിലൂടെ കാലാവസ്ഥ നിരീക്ഷണം, പ്രവചനം, കാലാവസ്ഥ മുന്നറിയിപ്പുകള്‍, രാജ്യത്തെ കാലാവസ്ഥ കേന്ദ്രങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ എന്നിവയെക്കുറിച്ചുള്ള വിശദവിവരങ്ങള്‍ സന്ദര്‍ശകരുമായി ഇവര്‍ പങ്കുവെച്ചു. പരിപാടിയില്‍ എം.ഇ.ടി ഡയറക്ടര്‍ അബ്ദുല്ല അല്‍ മന്നായിയും സംബന്ധിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.