പാകിസ്താന് 3.75 ദശലക്ഷം ടണ്‍  പ്രകൃതിവാതകം നല്‍കും

ദോഹ: ഖത്തര്‍ ഗ്യാസ് പ്രതിവര്‍ഷം 3.75 ദശലക്ഷം ടണ്‍ പ്രകൃതിവാതകം പാകിസ്താന് വിതരണം ചെയ്യും. ഇതുമായി ബന്ധപ്പെട്ട് ഖത്തര്‍ ഗ്യാസ് പാകിസ്താന്‍ എണ്ണകമ്പനിയുമായി ദീര്‍ഘകാല കരാറില്‍ ഒപ്പുവച്ചു. 15 വര്‍ഷമാണ് കരാര്‍ കാലാവധി. പാകിസ്താന്‍ സ്റ്റേറ്റ് ഓയില്‍ കമ്പനി ലിമിറ്റഡുമായാണ് (പി.എസ്.ഒ) ഖത്തര്‍ ഗ്യാസിന്‍െറ കരാര്‍. വില്‍പന, വിതരണ കരാറില്‍  ഖത്തര്‍ പെട്രോളിയം പ്രസിഡന്‍റ് ആന്‍റ് സി.ഇ.ഒയും ഖത്തര്‍ ഗ്യാസ് ചെയര്‍മാനുമായ സാദ് ഷെരിദ അല്‍ കഅബി, പി.എസ്.ഒ മാനേജിങ് ഡയറക്ടര്‍ ആന്‍റ് സി.ഇ.ഒ ശൈഖ് ഇമ്രാന്‍ ഉല്‍ ഹഖ് എന്നിവരാണ് ഒപ്പുവച്ചത്. ആദ്യ കാര്‍ഗോ മാര്‍ച്ചില്‍ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. വിശ്വാസയോഗ്യമായ ഊര്‍ജ വിതരണക്കാര്‍ എന്ന നിലയില്‍ ഖത്തറിനെ സംബന്ധിച്ചിടത്തോളം മറ്റൊരു സുപ്രധാന നാഴികക്കല്ലാണ് ഈ കരാറെന്ന് സാദ് ഷെരിദ അല്‍ കഅബി പറഞ്ഞു. ഖത്തറും പാകിസ്താനും തമ്മിലുള്ള ആദ്യത്തെ നേരിട്ടുള്ള ദീര്‍ഘകാല കരാറാണിതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പാകിസ്താനില്‍ വലിയതോതില്‍ വാതകപ്രതിസന്ധി നേരിടുന്നുണ്ട്. ഇതു പരിഹരിക്കുന്നതിന്‍െറ ഭാഗമായാണ് ഖത്തറിനെ വലിയതോതില്‍ ആശ്രയിക്കുന്നത്. ഖത്തറില്‍ നിന്ന് ഇറക്കുമതി വര്‍ധിപ്പിക്കുന്നത് പാകിസ്താനിലെ പ്രകൃതിവാതക ദൗര്‍ലഭ്യത്തിന് ഒരുപരിധിവരെ പരിഹാരമാകുമെന്ന് വിലയിരുത്തപ്പെടുന്നു.
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.