ഗതാഗത നിയമലംഘനങ്ങള്‍ക്ക് ഉടന്‍ പിഴ അടച്ചാല്‍ പകുതി ഇളവ്

ദോഹ: ഗതാഗത നിയമലംഘനങ്ങള്‍ക്ക് വിധിച്ച പിഴ അടച്ചുതീര്‍ക്കാന്‍ പ്രോത്സാഹനം നല്‍കുന്നതിന്‍െറ ഭാഗമായി ഉടന്‍ പിഴയടക്കുന്നവര്‍ക്ക് 50 ശതമാനം ഇളവ് നല്‍കാന്‍ ആഭ്യന്തര മന്ത്രാലയം തീരുമാനിച്ചു. 2015 ഡിസംബര്‍ 31 വരെയുള്ള കാലയളവില്‍ വിധിക്കപ്പെട്ട പിഴക്കാണ് ഇളവ് നല്‍കുന്നത്. 
ജനുവരി എട്ട് മുതല്‍ ഏപ്രില്‍ ഏഴ് വരെ പിഴയടക്കുന്നവര്‍ക്ക് ഇളവ് ലഭിക്കും. റഡാറില്‍ ഉള്‍പെട്ടതടക്കം എല്ലാ തരം കുറ്റകൃത്യങ്ങള്‍ക്കും പിഴയിളവ് ബാധകമാണ്. മന്ത്രാലയത്തിന്‍െറ വെബ് പോര്‍ട്ടല്‍, മെട്രാഷ് 2, മൊബൈല്‍ ആപ്, സെല്‍ഫ് സര്‍വീസ് കയോസ്ക് എന്നിവ വഴിയും ട്രാഫിക്് സര്‍വീസ് കൗണ്ടറുകളില്‍ നേരിട്ട് പണമടച്ചും പുതിയ പ്രഖ്യാപനത്തിന്‍െറ ആനുകൂല്യം നേടിയെടുക്കാന്‍ അവസരമുണ്ട്. പുതുക്കിയ ട്രാഫിക് നിയമങ്ങള്‍ കര്‍ശനമായി നടപ്പിലാക്കുന്നതിന് മുന്നോടിയായി മൊത്തം പിഴ അടച്ച് ഇതുവരെയുളള ട്രാഫിക് സ്റ്റാറ്റസ് ഫയല്‍ ശരിയാക്കുന്നതിനാണ് മന്ത്രാലയം ഇളവ് പ്രഖ്യാപിച്ചിരിക്കുന്നത്. 
എന്നാല്‍, ഇതിനകം മുഴുവന്‍ തുകയും അടച്ചു കഴിഞ്ഞവര്‍ക്ക് ഈ ഇളവിന്‍െറ ആനുകൂല്യം ലഭിക്കില്ല. കഴിഞ്ഞ ദിവസമാണ് താന്‍ 500 റിയാല്‍ പിഴ അടച്ചതെന്നും പുതിയ തീരുമാനം വരുമെന്നറിഞ്ഞിരുന്നെങ്കില്‍ കാത്തിരിക്കാമായിരുന്നെന്നും ഒരു സ്വദേശി അഭിപ്രായപ്പെട്ടതായി പ്രാദേശിക വെബ്പോര്‍ട്ടല്‍ റിപ്പോര്‍ട്ട് ചെയ്തു. നേരത്തെ തന്നെ വന്‍തതുക ഗതാഗത പിഴ ലഭിച്ചവര്‍ക്ക് ഇളവ് നല്‍കിയ സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. 5,000ത്തോളം ഗതാഗത നിയമലംഘനങ്ങളിലൂടെ 270 ലക്ഷം റിയാല്‍ പിഴയൊടുക്കേണ്ടിയിരുന്ന 42 സൗദി പൗരന്മാര്‍ക്ക് 2013ല്‍ തുകയുടെ പകുതി ഇളവ് ചെയ്തിരുന്നു.
2007ലെ 19 ാം നിയമത്തില്‍ ഭേദഗതി വരുത്തിയുണ്ടാക്കിയ 2015ലെ 16 ാം നിയമം 2015 ഡിസംബര്‍ 31 മുതല്‍ രാജ്യത്ത് നിലവില്‍ വന്നിട്ടുണ്ട്. നിയമം കര്‍ശനമായി നടപ്പിലാക്കാനുളള ഒരുക്കത്തിലാണ് ജനറല്‍ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക്. 
പുതിയ നിയമമനുസരിച്ച് അമിത വേഗതക്കുളള പിഴ വാഹനത്തിന്‍െറ വേഗത പരിഗണിച്ച് വ്യത്യാസപ്പെടുത്തും. 
അമിത വേഗത മണിക്കൂറില്‍ 30 കിലോമീറ്റര്‍ വരെയാണെങ്കില്‍ ഒരു പോയിന്‍റും പിന്നീട് വരുന്ന ഓരോ 10 കിലോമീറ്റര്‍ /മണിക്കൂറിനും ഒരു പോയിന്‍റ് വീതവും ലഭിക്കും. അമിത വേഗതക്കുളള 500 റിയാല്‍ പിഴക്ക് പുറമെ ഓരോ പോയിന്‍റിനും 100 റിയാല്‍ കൂടി ഈടാക്കും. പിഴ ഒടുക്കാന്‍ വിസമ്മതിക്കുന്നവരെ വിചാരണ ചെയ്ത ശേഷം ശിക്ഷ വിധിക്കും. ഇവര്‍ പിഴ ഒടുക്കേണ്ടിവരുന്ന പക്ഷം യാതൊരു ഇളവും നല്‍കുകയുമില്ല. 
വൈകല്യമുളളവര്‍ക്കായി നീക്കിവെച്ച പാര്‍ക്കിങ് കേന്ദ്രങ്ങളില്‍ വാഹനം പാര്‍ക്ക് ചെയ്യുന്നതിനും വലതുവശത്ത് കൂടെ മറികടക്കുന്നതിനും ഇനി മുതല്‍ 1000 റിയാല്‍ പിഴയിടും. നിലവില്‍ ഇത് 500 റിയാലാണ്. തെറ്റ് ആവര്‍ത്തിക്കുന്നവര്‍ക്ക് ജയില്‍ ശിക്ഷ നല്‍കാനും വകുപ്പുണ്ട്. 2015 ജനുവരിക്കും നവംബറിനുമിടയില്‍ 150 ലക്ഷം ഗതാഗത നിയമലംഘനങ്ങളാണ് രാജ്യത്ത് രജിസ്റ്റര്‍ ചെയ്തത്. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.