2030 ഏഷ്യൻ ഗെയിംസ്​ ബിഡ് കമ്മിറ്റി പുറത്തിറക്കിയ ലോഗോ

2030 ഏഷ്യൻ ഗെയിംസ്​: ഖത്തറിനെ വരച്ചുകാട്ടി ലോഗോയും മുദ്രാവാക്യവും

ദോഹ: 2030 ഏഷ്യൻ ഗെയിംസിനുള്ള ലോഗോയും മുദ്രാവാക്യവും ഖത്തർ പുറത്തുവിട്ടു. 2030 ഏഷ്യൻ ഗെയിംസ്​ ബിഡ് കമ്മിറ്റിയാണ് കായിക ലോകത്തിന് ആവേശമേകി ലോഗോയും മുദ്രാവാക്യവും പ്രകാശനം ചെയ്തിരിക്കുന്നത്. ഖത്തറി‍െൻറ പൈതൃകവും പ്രകൃതിയും ആധുനികതയും കോർത്തിണക്കിക്കൊണ്ടുള്ള സമ്പന്ന സംസ്​കാരത്തെ പ്രതിഫലിപ്പിക്കുന്നതാണ് ലോഗോയും മുദ്രാവാക്യവും.

ഖത്തർ ഒളിമ്പിക്​ കമ്മിറ്റി പ്രസിഡൻറും ബിഡ് കമ്മിറ്റി ചെയർമാനുമായ ശൈഖ് ജൂആൻ ബിൻ ഹമദ് ആൽഥാനിയാണ് ലോഗോയും 'യുവർ ഗേറ്റ്വേ' എന്ന മുദ്രാവാക്യവും പുറത്തുവിട്ടത്. ശൈഖ് ജൂആൻ ആൽഥാനിക്ക് പുറമേ, ഖത്തറി‍െൻറ പ്രമുഖ കായിക താരങ്ങൾ, കമ്മിറ്റി പ്രതിനിധികൾ തുടങ്ങിയവർ വെർച്വൽ ചടങ്ങിൽ പങ്കെടുത്തു.

സാമൂഹിക മാറ്റങ്ങൾക്കും സമാധാന ശ്രമങ്ങൾക്കും പരസ്​പരം മനസ്സിലാക്കുന്നതിനും കായിക മേഖലക്ക് വലിയ പ്രാപ്തിയുണ്ടെന്ന വിശ്വാസത്തിൽനിന്നാണ് ബിഡ് രൂപം കൊള്ളുന്നതെന്ന് ചടങ്ങിൽ ശൈഖ് ജൂആൻ ബിൻ ഹമദ് ആൽഥാനി പറഞ്ഞു. ഖത്തറിൻറയും ഏഷ്യൻ ഒളിമ്പിക്​ കുടുംബത്തി‍െൻറയും ശോഭനമായ ഭാവിയിലേക്കുള്ള പ്രവേശന കവാടമായാണ് ഗെയിംസിനെ അവതരിപ്പിക്കുന്നതെന്നും ശൈഖ് ആൽഥാനി കൂട്ടിച്ചേർത്തു.

ഖത്തറി‍െൻറ പൈതൃകവും അസാമാന്യമായ പ്രകൃതിഭംഗിയും വൈവിധ്യവും സമ്പന്നവും ആധുനികവുമായ സമ്പന്ന സംസ്​കാരത്തെ പ്രതിഫലിപ്പിക്കുന്നതാണ് ലോഗോ കൊണ്ട് ഉദ്ദേശിക്കുന്നത്. ഏഷ്യയുടെ ദേശീയ ഒളിമ്പിക്​ കമ്മിറ്റികളുടെ മികച്ച ഭാവിയിലേക്കുള്ള പ്രവേശന കവാടം എന്നതാണ് 'യുവർ ഗേറ്റ്വേ' എന്ന മുദ്രാവാക്യത്തിലൂടെ മുന്നോട്ട് വെക്കുന്നത്.

2030 ഏഷ്യൻ ഗെയിംസിനായുള്ള എല്ലാ വേദികളും ഖത്തറിൽ നിലവിലുണ്ടെന്നും കൂടാതെ ഏഷ്യൻ ചാമ്പ്യൻഷിപ്പുകളും ലോക ചാമ്പ്യൻഷിപ്പുകളും സംഘടിപ്പിക്കുന്നതിനുള്ള അടിസ്​ഥാന സൗകര്യങ്ങളുടെ കാര്യത്തിലും ഖത്തർ ഒരുപടി മുന്നിലാണെന്നും ബിഡ് കമ്മിറ്റി സെക്രട്ടറി ജനറൽ ജാസിം റാഷിദ് അൽ ബൂഐനൈൻ പറഞ്ഞു.

ലോക കായിക ഭൂപടത്തിൽ ഖത്തറിൻറ നേരത്തേതന്നെ കായിക രംഗത്ത് ഖത്തർ മികവ് പുറത്തെടുത്തിട്ടുണ്ടെങ്കിലും 2006ൽ 15ാമത് ഏഷ്യൻ ഗെയിംസിന് ആതിഥ്യം വഹിച്ചതിലൂടെയാണ് ഏഷ്യൻ കായിക ഭൂപടത്തിലും അതുവഴി ലോക കായിക രംഗത്തും ഖത്തർ ചരിത്രം രേഖപ്പെടുത്തിയത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.