ദോഹ: വിദേശകാര്യ മന്ത്രാലയത്തിന്റെ നേതൃത്വത്തിൽ നടത്തിയ രക്ഷാപ്രവർത്തനത്തിൽ 1620 ഖത്തർ റെസിഡന്റുമാരായ സുഡാനികളെ ദോഹയിലെത്തിച്ചതായി മന്ത്രാലയം വക്താവ് ഡോ. മാജിദ് ബിൻ മുഹമ്മദ് അൽ അൻസാരി. വിവിധ ഘട്ടങ്ങളിലായി 281 ടൺ ദുരിതാശ്വാസ വസ്തുക്കളും ഇതിനകം സുഡാനിലെത്തിച്ചതായി അറിയിച്ചു.
ഭക്ഷ്യവസ്തുക്കൾ, മരുന്നുകൾ, ചികിത്സ ഉപകരണങ്ങൾ, ഫീൽഡ് ആശുപത്രി ഉൾപ്പെടെ ദുരിതാശ്വാസ വസ്തുക്കളാണ് ഖത്തർ സുഡാനിലെത്തിച്ചത്. തിങ്കളാഴ്ച ഒമ്പതാമത്തെ വിമാനം വഴി 50 ടൺ അവശ്യവസ്തുക്കളാണ് ആഭ്യന്തര യുദ്ധത്തിൽ പൊറുതിമുട്ടിയ സുഡാനിലേക്ക് ഖത്തറിന്റെ നേതൃത്വത്തിൽ എത്തിച്ചത്.
199 പേരെ ഒഴിപ്പിക്കുകയും ചെയ്തു. സുഡാനിലെ നിലവിലെ സംഘർഷം അവസാനിപ്പിക്കാനും പരിഹാര ശ്രമങ്ങളുടെ ഭാഗമായുമാണ് ട്രാൻസിഷനൽ കൗൺസിൽ ചെയർമാൻ അബ്ദുൽ ഫതാഹ് ബുർഹാന്റെ ദൂതൻ ദഫല്ലാഹ് അൽഹാജ് അലിയുടെ മേഖലയിലെ രാജ്യങ്ങളിലേക്കുള്ള സന്ദർശനമെന്ന് ഡോ. അൽ അൻസാരി പറഞ്ഞു.
രാജ്യത്തെ പ്രതിസന്ധി അവസാനിപ്പിക്കാനും മാനുഷിക സഹായം സുഗമമാക്കാനും പരിഹാരം തേടുകയാണ് സന്ദർശനത്തിന്റെ ഉദ്ദേശം. ഇതുതന്നെയാണ് ഖത്തറിന്റെയും പ്രഥമ ആവശ്യം. സൗദിയുടെ നേതൃത്വത്തിൽ നടക്കുന്ന സമാധാന ശ്രമങ്ങൾക്ക് എല്ലാ പിന്തുണയും നൽകുന്നതായും അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.