ദോഹ: ഖത്തർ സ്പോർട്സ് ഫോർ ഓൾ ഫെഡറേഷന്റെ (ക്യു.എസ്.എഫ്.എ) ആഭിമുഖ്യത്തിൽ പൊതുജനങ്ങൾക്കായി വിവിധ പാർക്കുകളിൽ സംഘടിപ്പിക്കുന്ന കായിക പരിപാടികൾക്ക് തുടക്കം കുറിച്ചു. രാജ്യത്തെ വിവിധ പാർക്കുകളിലായി വർഷം മുഴുവൻ നീളുന്ന കാലയളവിലായി 575 വ്യത്യസ്ത കായിക പരിപാടികളാണ് സംഘടിപ്പിക്കുന്നത്. ആസ്പയർ പാർക്ക്, അൽ ബിദ്ദ പാർക്ക്, അൽ റയ്യാൻ പാർക്ക്, ലുസൈൽ അറീന ഓക്സിജൻ പാർക്ക് എന്നിവിടങ്ങളിലാണ് കായിക പരിപാടികൾ സംഘടിപ്പിക്കുകയെന്ന് ക്യു.എസ്.എഫ്.എ ആക്ടിവിറ്റി മാനേജർ അബ്ദുല്ല അൽ ദോസരി ഖത്തർ നാഷനൽ കൺവെൻഷൻ സെൻററിൽ നടന്ന നജാഹ് ഖത്തരി ഫോറത്തിൽ പറഞ്ഞു.'365 ആക്ടിവ് പ്രോഗ്രാം' എന്നാണ് ഇതിനു പേരിട്ടിരിക്കുന്നത്. പാർക്കുകളിൽ എല്ലാ ആഴ്ചകളിലും മാരത്തണുകൾ നടക്കുന്നുണ്ടെന്നും കൂടാതെ, കമ്യൂണിറ്റി ട്രെയിനറുടെ സാന്നിധ്യത്തിൽ സൗജന്യ ഫിറ്റ്നസ് ക്ലാസുകളും സംഘടിപ്പിച്ചു വരുന്നുണ്ടെന്നും അൽ ദോസരി പറഞ്ഞു.ക്യു.എസ്.എഫ്.എയുടെ മൊബൈൽ ആപ് വഴിയാണ് പരിപാടികളിൽ പ്രവേശനം. ഒരു വർഷം നീളുന്ന 365 പ്രോഗ്രാമിൽ 575 കായിക ഇനങ്ങളാണ് സംഘടിപ്പിക്കുന്നത്.
എല്ലാ വ്യാഴം, വെള്ളി ദിവസങ്ങളിലുമായി സംഘടിപ്പിക്കുന്ന പരിപാടികളിലേക്ക് പൊതുജനങ്ങളെ സ്വാഗതം ചെയ്യുന്നതായി അൽ ദോസരി വ്യക്തമാക്കി. പബ്ലിക് പാർക്കുകളുടെ സാധ്യതകൾ ഉപയോഗപ്പെടുത്തി പൊതുജനങ്ങളിൽ പുതിയൊരു കായിക സംസ്കാരം വളർത്തിയെടുക്കുകയും ബന്ധപ്പെട്ട സംഘടനകളുമായി സഹകരിച്ച് സൗജന്യ ആരോഗ്യ സേവനങ്ങൾ നൽകുകയുമാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം സൂചിപ്പിച്ചു. എല്ലാവർക്കും സൗജന്യമായി കായിക പ്രവർത്തനങ്ങളിൽ പങ്കെടുക്കാം.
പ്രഫഷനൽ അത്ലറ്റുകൾക്കും അല്ലാത്തവർക്കും പങ്കെടുക്കാം. എല്ലാ ആഴ്ചകളിലും വ്യത്യസ്തമായ പരിപാടികളാണ് സംഘടിപ്പിക്കുക.
സൈക്ലിങ്, ഫുട്ബാൾ, ഷൂട്ടിങ്, പാഡൽ, വോളിബാൾ എന്നിവക്ക് പുറമേ, പ്രത്യേക പരിശീലകന്റെ സാന്നിധ്യത്തിൽ വ്യായാമവും സംഘടിപ്പിക്കുന്നുണ്ട്.
ലുസൈൽ അറീനയിൽ വൈകീട്ട് മൂന്നു മുതൽ ആറു വരെയാണ്. വനിതകൾക്ക് വൈകീട്ട് അഞ്ചു മുതൽ വൈകീട്ട് ഏഴു വരെയുമാണ് സമയം.
വ്യക്തികളുടെ ഭാരം നിരീക്ഷിക്കുന്നതിനുള്ള പ്രത്യേക പരിപാടിയും ക്യു.എസ്.എഫ്.എ ആരംഭിച്ചിട്ടുണ്ട്.
മാർച്ച് എട്ടിന് നീന്തൽ ചാമ്പ്യൻഷിപ്, മാർച്ച് 12ന് ഫെൻസിങ് മത്സരം, മാർച്ച് 17ന് നുഐജ ഈസ്റ്റ് പ്ലേഗ്രൗണ്ടിൽ ലേൺ ഫുട്ബാൾ സ്കിൽ, മാർച്ച് 14ന് പുരുഷന്മാരുടെ പാഡൽ ചാമ്പ്യൻഷിപ്, മാർച്ച് 26ന് ഫുർസാൻ ചാമ്പ്യൻഷിപ് എന്നിവയാണ് ഇനി നടക്കാനിരിക്കുന്ന മത്സരങ്ങൾ. 2015ൽ അന്നത്തെ കായിക യുവജന മന്ത്രിയുടെ പ്രത്യേക തീരുമാനപ്രകാരമാണ് ക്യു.എസ്.എഫ്.എ സ്ഥാപിക്കപ്പെട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.