ഖത്തറിലെത്തിയാൽ ആദ്യം എവിടെ പോകും... ജോലി തേടിയെത്തിയവരും സന്ദർശനത്തിന് വന്നവരുമെല്ലാം ഖത്തറിലെത്തിയാൽ ആദ്യം ഉടുത്തൊരുങ്ങി പുറപ്പെടുന്ന ഇടം ദോഹയുടെ ഹൃദയഭാഗത്തെ കോർണിഷ് തന്നെയാവും. നീലക്കടലിന്റെ കാറ്റേറ്റ് നീണ്ടുനിവർന്ന് ഒരു കിലോമീറ്റർ ദൂരത്തിൽ കിടക്കുന്ന ദോഹ കോർണിഷ് അനുഭവിച്ചറിയേണ്ട വിസ്മയമാണ്. ഖത്തറിലെ സ്വദേശികളും പ്രവാസികളും സന്ദർശകരുമെല്ലാമായി കോർണിഷിൽ എത്തിപ്പെടാത്തവർ ആരുമുണ്ടാവില്ല.
അംബരചുംബികളായ കെട്ടിടങ്ങളും മനോഹരമായ ലാൻഡ്സ്കേപ്പും ഉൾപ്പെടെ നിരവധി കാഴ്ചകളുള്ള ദോഹ കോർണിഷിൽ സഞ്ചാരികളെ കാത്തിരിക്കുന്ന ഒരിടമാണ് ‘ദൗ ബോട്ടുകളിലെ യാത്രാനുഭവം. കടലും, മുത്തുവാരലുമായി നൂറ്റാണ്ടുകളുടെ ബന്ധം കാത്തുസൂക്ഷിക്കുന്ന ഖത്തറിന്റെ സംസ്കാരത്തിന്റെ ഭാഗമായി ഈ ദൗ ബോട്ടുകൾ. പണ്ടുകാലത്ത് പൂർവികർ കടലിൽ മുങ്ങിത്തപ്പാനും മത്സ്യബന്ധനത്തിനുമായി ഉപയോഗിച്ച ഈ പായ്വഞ്ചി ഇന്ന് സഞ്ചാരികളെ ആകർഷിക്കുന്ന പ്രധാന കേന്ദ്രമാണ്.
കോർണിഷ് തീരത്ത് മീറ്ററുകളോളം നീളത്തിൽ കടലിൽ കാത്തിരിക്കുന്ന ബോട്ടുകൾ വാരാന്ത്യ അവധി ദിനങ്ങൾ ഉൾപ്പെടെ എല്ലാ വൈകുന്നേരങ്ങളിലും സഞ്ചാരികളുടെ തിരക്കേറുന്ന ഇടം കൂടിയാണ്.
ഈസ്റ്റ് ആഫ്രിക്കൻ തീരങ്ങളിലുള്ളവർ സംസാരിച്ചിരുന്ന ‘സ്വാഹിലി’ ഭാഷയിൽ നിന്നാണ് ‘ദൗ’ എന്ന വാക്കിന്റെ പിറവി. മരവും കൊടിമരവുമായി നിർമിച്ച ചെറു ബോട്ട് ബി.സി 600ൽ തന്നെ ഈസ്റ്റ് ആഫ്രിക്കൻ തീരങ്ങളിലുണ്ടായിരുന്നുവത്രേ. മത്സ്യബന്ധനത്തിനും മുത്തുവാരലിനും ചരക്കു നീക്കത്തിനും ഉപയോഗിച്ചത് പിന്നീട് ലോകത്തിന്റെ പലഭാഗങ്ങളിലേക്കുമെത്തി. ഒമാനിലും യമനിലുമെത്തിയ ബോട്ടുകൾ മറ്റു അറബ് നാടുകളിലും ജീവിതത്തിന്റെ ഭാഗമായി.
സമ്പന്നമായ ഭൂതകാലത്തിന്റെ ഓർമകൾ കൂടിയാണ് കോർണിഷ് തീരത്തെ ബോട്ടുല്ലാസ യാത്ര നൽകുന്നത്. നിരവധി ബോട്ടുകൾ തന്നെ യാത്രക്കാരെ കാത്ത് ഇവിടെയുണ്ട്. ബാച്ചിലർ യാത്രക്കും, കുടുംബ സമേതമുള്ള യാത്രക്കുമെല്ലാമായി ഇവ ലഭ്യമാണ്. ഒരാൾക്ക് 15-20 റിയാൽ മുതൽ ട്രിപ്പുകൾ ഒറ്റക്കും ഗ്രൂപ്പായും ലഭിക്കും. വിലപേശാൻ മിടുക്കുണ്ടെങ്കിൽ ഗ്രൂപ്പിന് കുറഞ്ഞ നിരക്കിലും യാത്ര ഉറപ്പിക്കാം. കോർണിഷിലെ തീരത്തു സഞ്ചാരവും, ഒപ്പം ഉയർന്നുനിൽക്കുന്ന കെട്ടിടങ്ങളാൽ ചുറ്റപ്പെട്ട കടലും മനോഹരമായ നഗരവും കണ്ട് ഏതാനും സമയം നീണ്ട ബോട്ടുയാത്ര പൂർത്തിയാക്കാം. സന്ദർശനത്തിനെത്തുന്ന കുടുംബങ്ങൾക്ക് ഒരിക്കലും മിസ്ചെയ്യാൻ പാടില്ലാത്തൊരു അനുഭവമാണ് ലളിതമെങ്കിലും കോർണിഷിലെ ഈ ‘ദൗ’ യാത്ര.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.