ദോഹ: വാഹനാപകടങ്ങൾ കാമറയിലാക്കുന്നവർ സൂക്ഷിച്ചാൽ നല്ലത്. സമൂഹ മാധ്യമങ്ങളിലൂടെ ലൈക്കും ഷെയറും വാരിക്കൂട്ടാൻ ആഗ്രഹിച്ച് അപകട ദൃശ്യങ്ങൾ പകർത്താനിറങ്ങിയാൽ അകത്താവുമെന്ന മുന്നറിയിപ്പ് നൽകുകയാണ് ഖത്തർ ആഭ്യന്തര മന്ത്രാലയം അധികൃതർ.
ഖത്തർ ശിക്ഷ നിയമത്തിലെ ആർട്ടിക്ക്ൾ 333 പ്രകാരം വ്യക്തികളുടെ സമ്മതമില്ലാതെ അവരുടെ സ്വകാര്യത കളങ്കപ്പെടുത്തുന്ന രീതിയിൽ ചിത്രങ്ങൾ പകർത്തിയാൽ 10,000 റിയാൽ പിഴയും രണ്ടു വർഷം വരെ തടവുമാണ് അനുശാസിക്കുന്നതെന്ന് ഖത്തർ ടി.വിക്ക് നൽകിയ അഭിമുഖത്തിൽ ആഭ്യന്തര മന്ത്രാലയത്തിനു കീഴിലെ ജനറൽ ട്രാഫിക് വിഭാഗം ട്രാഫിക് ഇൻവെസ്റ്റിഗേഷൻ ഓഫിസർ ക്യാപ്റ്റൻ ഖാലിദ് അബ്ദുല്ല അൽ കുവാരി ഓർമിപ്പിച്ചു. ബോധവത്കരണത്തിനാണെങ്കിൽ പോലും അനുമതിയില്ലാതെ ചിത്രങ്ങൾ പകർത്തരുതെന്നും അദ്ദേഹം നിർദേശിച്ചു.
അതേസമയം, വാഹനാപകടമുണ്ടാകുമ്പോൾ ആളുകൾക്ക് അപകടത്തിന്റെ സാക്ഷ്യമായി ഹാജരാക്കാനും ട്രാഫിക് വിഭാഗത്തിൽ റിപ്പോർട്ട് ചെയ്യാനും ഫോട്ടോ എടുക്കാൻ നിയമം അനുവദിക്കുന്നുണ്ട്. ഇത്തരം ഫോട്ടോകൾ മെട്രാഷ് രണ്ട് ആപ്പിൽ അപ്ലോഡ് ചെയ്യാം. ഇത് മറ്റാവശ്യങ്ങൾക്ക് ഉപയോഗിക്കരുത്.
മെട്രാഷ് വഴി ട്രാഫിക് ലംഘനം റിപ്പോർട്ട് ചെയ്യുമ്പോൾ പോലും ആളുകളുടെ ഫോട്ടോ എടുക്കേണ്ട ആവശ്യമില്ലെന്നും ക്യാപ്റ്റൻ അൽ-കുവാരി പറഞ്ഞു. മെട്രാഷിൽ അപ് ലോഡ് ചെയ്യാൻ വാഹന നമ്പർ പ്ലേറ്റും അപകടത്തിലെ കേടുപാടുകളും പകർത്തിയാൽ മതിയെന്നും, അപകട കാരണങ്ങൾ അന്വേഷിക്കുന്നതിനും തുടർ നടപടികൾക്കുമായി പിന്നീട് ബന്ധപ്പെട്ടവരുമായി അധികൃതർ ആശയവിനിമയം നടത്തുമെന്നും അദ്ദേഹം പറഞ്ഞു.ബോധവത്കരണമാണ് ചിത്രീകരണത്തിന്റെ ഉദ്ദേശ്യമെങ്കിലും അത് കുറ്റകരമാണെന്നും, ആഭ്യന്തര മന്ത്രാലയത്തിന്റെ പബ്ലിക് റിലേഷൻസ് വിഭാഗം, പബ്ലിക് അഡ്മിനിസ്ട്രേഷന് കീഴിലെ ഗതാഗത സുരക്ഷ-ബോധവത്കരണ വിഭാഗം തുടങ്ങിയ പ്രത്യേക വകുപ്പുകൾ ഇതിനായി ഔദ്യോഗിക സ്വഭാവത്തിൽ പ്രവർത്തിക്കുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.