ആരോഗ്യകരമായ ലോകകപ്പ്: പിന്തുണച്ച് കായിക താരങ്ങൾ

ദോഹ: കായികം ആരോഗ്യത്തിന് എന്നതിനെ അടിസ്ഥാനമാക്കി ലോകാരോഗ്യ സംഘടന, ഫിഫ, പ്രാദേശിക സംഘാടകരായ സുപ്രീം കമ്മിറ്റി ഫോർ ഡെലിവറി ആൻഡ് ലെഗസി എന്നിവർ സംയുക്തമായി മുന്നോട്ടുവെക്കുന്ന ആരോഗ്യത്തെ േപ്രാത്സാഹിപ്പിക്കുന്ന ലോകകപ്പ് സംരംഭത്തെ പിന്തുണച്ചും പ്രചോദിപ്പിച്ചും പ്രമുഖ താരങ്ങൾ. ശാരീരിക, മാനസിക ആരോഗ്യത്തെ ഉയർത്തിക്കാട്ടുന്നതിൽ കായിക മേഖലയുടെ പ്രാധാന്യത്തെ താരങ്ങൾ പ്രത്യേകം ചൂണ്ടിക്കാട്ടി.

ഖത്തർ ലോകകപ്പിന്‍റെ ഹെൽത്തി വേൾഡ് കപ്പ് സംരംഭത്തിന്‍റെ ഭാഗമാകാൻ സാധിച്ചതിൽ ഏറെ അഭിമാനമുണ്ടെന്നും ആളുകൾക്ക് ആരോഗ്യം സംബന്ധിച്ച് ബോധവാന്മാരാകാൻ ഇതേറെ ഉപകരിക്കുമെന്നും വിഖ്യാത ഡച്ച് ഫുട്ബാളറും ഖത്തർ ലെഗസി അംബാസഡറുമായ റൊണാൾഡ് ഡിബോയർ പറഞ്ഞു. മാനസികാരോഗ്യം എന്നത് വളരെ പ്രധാനപ്പെട്ടതാണെന്നും ആരോഗ്യമുള്ള ശരീരം മാനസികാരോഗ്യത്തെ സഹായിക്കുന്നുണ്ടെന്നും ഡച്ച് താരം വ്യക്തമാക്കി. മാനസികാരോഗ്യം ഉയർത്തിക്കാട്ടി അതിൽ കായികമേഖലയുടെ പ്രാധാന്യം സംബന്ധിച്ച വിഡിയോ സന്ദേശത്തിലാണ് ഡിബോയർ ഇക്കാര്യം വ്യക്തമാക്കിയത്.

കായികമേഖലയെയും ആരോഗ്യത്തെയും ബന്ധിപ്പിച്ച് ലോകാരോഗ്യ സംഘടനയും സുപ്രീം കമ്മിറ്റിയും ആരോഗ്യ മന്ത്രാലയവും സംയുക്തമായി അവതരിപ്പിക്കുന്ന സംരംഭത്തെ പിന്തുണക്കുന്നുവെന്ന് ഖത്തർ ദേശീയ റഗ്ബി താരമായ യാസ്മിൻ ദെഹ്ബി പറഞ്ഞു. ശാരീരികാരോഗ്യത്തെ മാത്രമല്ല, മാനസിക, ശാരീരിക ആരോഗ്യത്തെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള വഴിവിളക്കായും ഭാവിയിലെ വലിയ കായിക ചാമ്പ്യൻഷിപ്പുകൾ ആരോഗ്യകരവും സുരക്ഷിതവുമാക്കുന്നതിനുള്ള മാതൃകയായി മാറുകയും ചെയ്യുക എന്നീ ലക്ഷ്യങ്ങൾ മുൻനിർത്തിയാണ് 2021 ഒക്ടോബറിൽ ഫിഫ, ലോകാരോഗ്യ സംഘടന, സുപ്രീം കമ്മിറ്റി എന്നിവരുമായി പൊതുജനാരോഗ്യ മന്ത്രാലയം പങ്കാളിത്ത കരാർ ഒപ്പുവെക്കുന്നത്.

മൂന്നു വർഷത്തെ പങ്കാളിത്ത കരാറിന്‍റെ ഭാഗമായി 'ഹെൽത്തി ഫിഫ വേൾഡ് കപ്പ് ഖത്തർ 2022 - ക്രിയേറ്റിങ് എ ലെഗസി ഫോർ സ്പോർട്ട് ആൻഡ് ഹെൽത്ത്' എന്ന തലക്കെട്ടിൽ പുതിയ വെബ്സൈറ്റും മന്ത്രാലയം പുറത്തിറക്കിയിരുന്നു. ഖത്തറിൽനിന്നുള്ളവരുൾപ്പെടെയുള്ള ഫുട്ബാൾ ആരാധകരിൽ ലോകകപ്പിനെ ഉപയോഗപ്പെടുത്തി ആരോഗ്യകരമായ ജീവിതശൈലിയെ പ്രോത്സാഹിപ്പിക്കുക, സുരക്ഷിതവും ആരോഗ്യകരവുമായ ലോകകപ്പ് അനുഭവം നൽകുക തുടങ്ങിയവയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. സ്റ്റേഡിയത്തിനകത്തും ഫാൻ സോണുകളിലും ആരോഗ്യകരമായ ഭക്ഷ്യ വിഭവങ്ങൾ ലഭ്യമാക്കുക, സ്റ്റേഡിയത്തിലും ഫാൻസോണുകളിലും മറ്റിടങ്ങളിലും പുകയില ഉൽപന്നങ്ങൾ ഉപയോഗിക്കുന്നത് തടയുന്നത് കാര്യക്ഷമമാക്കുക, ഇതുമായി ബന്ധപ്പെട്ട് രാജ്യങ്ങളുമായി കൂടുതൽ സഹകരണ കരാറുകളിൽ ഏർപ്പെടുക, അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റിയുമായുള്ള സഹകരണം തുടങ്ങിയവയാണ് ആരോഗ്യം നിറഞ്ഞ ലോകകപ്പ് സാക്ഷാത്കരിക്കുന്നതിനായി മുന്നോട്ടുവെക്കുന്ന പ്രധാന കാര്യങ്ങൾ. ആരോഗ്യത്തെ പ്രമേയമാക്കി ഒരു ലോകകപ്പിൽ ആദ്യമായാണ് ഇത്തരമൊരു പങ്കാളിത്തം മുന്നോട്ടുവെക്കുന്നത്.

Tags:    
News Summary - A healthy World Cup: Sports stars in support

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.