ദോഹ: കോവിഡ് മഹാമാരിക്കാലത്ത് ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്കായി ഖത്തർ എയർവേസ് കാർഗോ എത്തിച്ചത് 60 കോടിയിലധികം ഡോസ് വാക്സിൻ. ഖത്തർ എയർവേസ് കാർഗോ പുറത്തുവിട്ട 2021-2022 വാർഷിക റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്
യൂനിസെഫിന്റെ കോവാക്സ് പ്രോഗ്രാമിന്റെ ഭാഗമായി 154 ദശലക്ഷം വാക്സിൻ ഡോസും ഖത്തർ എയർവേസ് കാർഗോക്ക് വിവിധ ഇടങ്ങളിലേക്കായി എത്തിക്കാൻ കഴിഞ്ഞിട്ടുണ്ട്. കോവിഡ് മഹാമാരിയുമായി ബന്ധപ്പെട്ട് വാക്സിൻ എത്തിക്കുന്നത് സംബന്ധിച്ച് 2021 ഫെബ്രുവരിയിലാണ് ഖത്തർ എയർവേസ് കാർഗോ യൂനിസെഫുമായി ധാരണപത്രം ഒപ്പുവെച്ചത്. അഞ്ചുവർഷത്തേക്കാണ് കരാർ.
മഹാമാരിയിൽനിന്ന് ലോകത്തെ മുക്തമാക്കുന്നതിന് പിന്തുണയുമായി ടൺകണക്കിന് മെഡിക്കൽ ഉപകരണങ്ങൾ, പി.പി.ഇ കിറ്റുകൾ, സുപ്രധാന വസ്തുക്കൾ എന്നിവ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെത്തിച്ച ലോകത്തിലെ മുൻനിര കാർഗോ കമ്പനിയായ ഖത്തർ എയർവേസ് കാർഗോ, ഫാർമസ്യൂട്ടിക്കൽ, മെഡിക്കൽ വിതരണ രംഗത്തെ പ്രധാന ട്രാൻസ്പോർട്ടറായും നിലകൊണ്ടു.
65ലധികം ഫ്രൈറ്റർ ഡെസ്റ്റിനേഷനുകൾ, 140ലധികം പാസഞ്ചർ ഡെസ്റ്റിനേഷനുകൾ എന്നിവ സ്വന്തമായുള്ള ഖത്തർ എയർവേസ്, 2020-2021 കാലയളവിൽ വലിയ പ്രകടനമാണ് കാഴ്ചവെച്ചത്. 2021 ജൂണിൽ മാത്രം പ്രതിദിനം 155 വിമാനങ്ങളാണ് ഖത്തർ എയർവേസ് പ്രവർത്തിപ്പിച്ചത്. ഇതുവരെയായി 600 ദശലക്ഷത്തിലധികം ടൺ കോവിഡ് വാക്സിനാണ് ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി എത്തിച്ചത്. ഫാർമസ്യൂട്ടിക്കൽ ഉൽപന്നങ്ങളുടെ വിതരണത്തിലും കാർഗോ വിപണിയിലെ ശക്തമായ സാന്നിധ്യവും ഖത്തർ എയർവേസിനെ മറ്റുള്ള കമ്പനികളിൽനിന്ന് വേറിട്ടുനിർത്തുന്നു. ഖത്തർ എയർവേസ് കാർഗോയുടെ വികെയർ സംരംഭവും ഇതിനകം വാർത്താപ്രാധാന്യം നേടിക്കഴിഞ്ഞു -റിപ്പോർട്ടിൽ പറയുന്നു.
2021 ജൂലൈയിൽ ഫാർമ ഡോട്ട് എയറോ, കൂൾ ചൈന അസോസിയേഷൻ എന്നിവയിൽ ഖത്തർ എയർവേസ് കാർഗോ അംഗത്വം നേടിയിരുന്നു. മൂല്യമേറിയ ഫാർമസ്യൂട്ടിക്കൽ ഉൽപന്നങ്ങൾ ഉന്നത നിലവാരത്തിൽ അന്താരാഷ്ട്ര മാനണ്ഡങ്ങൾ പാലിച്ച് വിതരണംചെയ്യുന്നതിന് കമ്പനിയെ ഇത് പ്രാപ്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.