ദോഹ: രണ്ടു ദിവസങ്ങളിലായി ദോഹയിൽ ആതിഥേയത്വം വഹിക്കുന്ന ഏഷ്യൻ കോഓപറേഷൻ ഉച്ചകോടിയിൽ ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി പങ്കെടുക്കും.
മൂന്നാമത് ഉച്ചകോടിയുടെ വ്യാഴാഴ്ചത്തെ സെഷനിലാണ് അമീർ പങ്കെടുക്കുന്നത്. വിവിധ രാഷ്ട്രത്തലവന്മാർ, വിദേശകാര്യ മന്ത്രിമാർ, മുതിർന്ന ഉദ്യോഗസ്ഥർ ഉൾപ്പെടെ പ്രതിനിധികളാണ് രണ്ടു ദിനങ്ങളിലായി നടക്കുന്ന ഏഷ്യൻ രാജ്യങ്ങളുടെ സഹകരണ ഉച്ചകോടിയിൽ സംബന്ധിക്കുന്നത്.
നാലു വർഷത്തിൽ ഒരിക്കൽ നടക്കുന്ന എ.സി.ഡി ഉച്ചകോടി എട്ടുവർഷത്തെ ഇടവേളക്കു ശേഷമാണ് ആദ്യമായി നടക്കുന്നത്. ഇന്ത്യ ഉൾപ്പെടെ 35 അംഗരാജ്യങ്ങളുള്ള സർക്കാർ തല കൂട്ടായ്മയുടെ മൂന്നാമത് ഉച്ചകോടിക്കാണ് ദോഹ വേദിയാകുന്നത്. ‘കായിക നയതന്ത്ര’ എന്ന പ്രമേയത്തിൽ നടക്കുന്ന ഏഷ്യൻ രാജ്യങ്ങളുടെ സംഗമം ഈ മേഖലയിലെ പുതിയ സാധ്യതകളിലേക്ക് വെളിച്ചം വീശുന്നതാവും.
ഇന്ത്യയെ പ്രതിനിധീകരിച്ച് വിദേശകാര്യ സഹമന്ത്രി കീർത്തി വർധൻ സിങ് പങ്കെടുക്കും. ചൊവ്വാഴ്ച ദോഹയിലെത്തിയ കേന്ദ്ര സഹമന്ത്രിയെ അംബാസഡർ വിപുലിന്റെ നേതൃത്വത്തിൽ സ്വീകരിച്ചു. എ.സി.ഡി സെക്രട്ടറി ജനറൽ നാസർ റദാൻ താമിർ അൽ മുതൈരിയുമായി മന്ത്രി കൂടിക്കാഴ്ച നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.