ദോഹ: ഇന്ത്യ സന്ദർശിക്കുന്ന ഖത്തർ വിദേശകാര്യ മന്ത്രാലയം പ്രത്യേക പ്രതിനിധി ഡോ. മുത്ലാഖ് ബിൻ മാജിദ് അൽ കഹ്താനി വിദേശ കാര്യമന്ത്രി എസ്. ജയ്ശങ്കറുമായി കൂടിക്കാഴ്ച നടത്തി. രണ്ടു ദിവസത്തെ സന്ദർശനത്തിനാണ് ഖത്തർ വിദേശ മന്ത്രാലയത്തിൻെറ തീവ്രവാദ വിരുദ്ധ-മധ്യസ്ഥ ദൗത്യസംഘ വിഭാഗം പ്രത്യേക ദൂതൻ ഡോ. അൽ കഹ്താനി ഇന്ത്യയിലെത്തിയത്. അഫ്ഗാനിസ്താനിലെ യുദ്ധ സാഹചര്യങ്ങൾ കൂടിക്കാഴ്ചയിൽ ചർച്ചയായി. മേഖലയിലെ സംഭവ വികാസങ്ങളിൽ ഇന്ത്യയുടെ ഉത്കണ്ഠയും നിലപാടും മനസ്സിലാക്കിയതായും അദ്ദേഹം ട്വീറ്റ് ചെയ്തു. അടുത്തയാഴ്ച റഷ്യൻ നേതൃത്വത്തിൽ ദോഹയിൽ നടക്കുന്ന രാജ്യാന്തര ഉച്ചകോടിയുടെ (വിപുലീകൃത ട്രോയിക്ക) മുന്നോടിയായാണ് ഖത്തർ വിദേശകാര്യ മന്ത്രിയുടെ പ്രതിനിധി ന്യൂഡൽഹിയിലെത്തിയത്.
അഫ്ഗാനിലെ രാഷ്ട്രീയ അരക്ഷിതാവസ്ഥക്ക് പരിഹാരം കാണുന്നതിൻെറ ഭാഗമായി, ചൈന, അമേരിക്ക, പാകിസ്താൻ, റഷ്യ എന്നീ രാജ്യങ്ങൾ പങ്കെടുക്കുന്ന 'എക്സ്റ്റൻഡഡ് ട്രോയിക്ക' ആഗസ്റ്റ് 11നാണ് ദോഹയിൽ ചേരുന്നത്. അഫ്ഗാനിലെ സമാധാന സ്ഥാപനത്തിന് ഈ ചർച്ച വഴിയൊരുക്കുമെന്ന പ്രതീക്ഷയിലാണ് രാജ്യാന്തര സമൂഹം.
ഇന്ത്യൻ വിദേശകാര്യ വിഭാഗത്തിൽ പാകിസ്താൻ, അഫ്ഗാൻ, ഇറാൻ ചുമതലയുള്ള ജോയൻറ് സെക്രട്ടറി ജെ.പി. സിങ്ങുമായും ഡോ. അൽ കഹ്താനി കൂടിക്കാഴ്ച നടത്തി.അഫ്ഗാൻ വിഷയത്തിൽ ഇന്ത്യയുടെ നിലപാടും രാജ്യത്ത് സമാധാനം പുനഃസ്ഥാപിക്കേണ്ടതിൻെറ ആവശ്യവും അദ്ദേഹം അൽ കഹ്താനിയെ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.