ദോഹ: മൂന്നു ദിവസത്തോളം നീണ്ട അനിശ്ചിതത്വത്തിനും ദുരിതപൂർണമായ യാത്രക്കുമൊടുവിൽ ശനിയാഴ്ചയോടെ കേരളത്തിൽനിന്നുള്ള എയർ ഇന്ത്യ എക്സ്പ്രസിന്റെ ദോഹ സർവിസുകൾ സാധാരണ നിലയിലായി. ബുധൻ, വ്യാഴം, വെള്ളി ദിവസങ്ങളിൽ മുടങ്ങിയ വിമാനങ്ങളെല്ലാം ശനിയാഴ്ച പതിവുപോലെ സർവിസ് നടത്തി. ദോഹ-കോഴിക്കോട് ഐ.എക്സ് 376, ദോഹ -കണ്ണൂർ ഐ.എക്സ് 774, ദോഹ-കൊച്ചിൻ ഐ.എക്സ് 476 വിമാനങ്ങൾ ശനിയാഴ്ച മുടക്കമില്ലാതെ പറന്നത് യാത്രക്കാർക്ക് ആശ്വാസമായി. കോഴിക്കോട്, കണ്ണൂർ വിമാനത്തവളങ്ങളിൽനിന്നുള്ള എയർ ഇന്ത്യ എക്സ്പ്രസ് നിശ്ചിത സമയത്തുതന്നെ ദോഹയിലെത്തിയിരുന്നു. രാത്രിയുള്ള കൊച്ചി വിമാനം ഒരു മണിക്കൂറിലേറെ വൈകിയാണ് എത്തിയത് എന്നതൊഴിച്ചാൽ സർവിസ് സാധാരണ നിലയിലെത്തി.
കഴിഞ്ഞ മൂന്നുദിവസങ്ങളിലായി എട്ടു വിമാനങ്ങളാണ് ദോഹയിൽനിന്ന് റദ്ദാക്കിയത്. നേരത്തേ ടിക്കറ്റ് എടുത്ത ആയിരത്തിലേറെ യാത്രക്കാരാണ് ഇതുകാരണം പെരുവഴിയിലായത്. ചിലർ നാട്ടിലേക്കുള്ള യാത്ര നീട്ടിവെച്ചപ്പോൾ, വാർഷികാവധിക്കും അടിയന്തര സാഹചര്യങ്ങളിലുമായി നാട്ടിലേക്ക് പുറപ്പെടാനിരുന്നവർ അധിക നിരക്ക് നൽകി മറ്റുവിമാനങ്ങളെ ആശ്രയിച്ചാണ് ലക്ഷ്യസ്ഥാനങ്ങളിലെത്തിയത്. ആശുപത്രി ചികിത്സക്കായി അടിയന്തര സാഹചര്യത്തിൽ നാട്ടിൽ പോകേണ്ടിയിരുന്നവരും സംഘത്തിലുണ്ടായിരുന്നു. അതേസമയം, കഴിഞ്ഞ ദിവസങ്ങളിൽ ഇന്ത്യയിലേക്കുള്ള ബജറ്റ് എയർലൈൻസ്, വിദേശ വിമാന കമ്പനികൾ എന്നിവയുടെ ടിക്കറ്റ് നിരക്ക് കുത്തനെ ഉയരുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.