ദോഹ: മധ്യവേനൽ അവധിയിലേക്കു ഒരു മാസത്തിലേറെ ബാക്കിനിൽക്കെ തൊട്ടാൽ പൊള്ളും നിരക്കിലേക്ക് വിമാന ടിക്കറ്റുകളും ഉയരുന്നു. സ്കൂൾ അവധിയും ബലിപെരുന്നാളും ഉൾപ്പെടെ യാത്രക്കാരുടെ തിരക്കേറുന്ന ജൂൺ മാസത്തിൽ ദോഹയിൽനിന്നും കേരളത്തിലേക്കും മുംബൈ,ഡൽഹി തുടങ്ങിയ ഇന്ത്യൻ സെക്ടറുകളിലേക്കും വിമാനടിക്കറ്റ് നാലിരട്ടിയായി കുതിച്ചുകയറിത്തുടങ്ങി.
ഇതോടൊപ്പം രണ്ടാഴ്ചയിലേറെയായി തുടരുന്ന എയർഇന്ത്യ എക്സ്പ്രസ് വിമാനങ്ങളുടെ അനിശ്ചിതത്വം കൂടിയായതോടെ ദോഹയിൽ കോഴിക്കോട്, കൊച്ചി, കണ്ണൂർ, തിരുവനന്തപുരം വിമാനത്താവളങ്ങളിലേക്കുള്ള മറ്റു എയർലൈൻസുകളുടെ ടിക്കറ്റ് നിരക്കും കുതിച്ചുകയറി. നേരിട്ടുള്ള വിമാനങ്ങൾക്കും കണക്ഷൻ ഫ്ലൈറ്റുകൾക്കുമെല്ലാം നിരക്ക് നിയന്ത്രണമില്ലാതെ ഉയരുന്നതായി ട്രാവൽ മേഖലയിലുള്ളവർ പറയുന്നു. അതേസമയം, ജൂൺ രണ്ടാം വാരം മുതൽ നാലിരട്ടി തുക നൽകിയാൽ പോലും സീറ്റ് കിട്ടാനില്ലാത്ത സാഹചര്യവുമായി. പരിമിതമായ സീറ്റുകളിലേക്ക് വരും ദിവസങ്ങളിൽ ടിക്കറ്റ് വില ഇരട്ടിയായി ഉയരുമെന്നാണ് ട്രാവൽ മേഖലയിലുള്ളവർ പറയുന്നത്.
ഖത്തറിൽ സ്കൂളുകളിലെ മധ്യവേനലവധി ജൂൺ അവസാന വാരമാണ് ആരംഭിക്കുന്നത്. എന്നാൽ, ജൂൺ 16-17ന് ബലിപെരുന്നാൾ കൂടി കണക്കിലെടുത്ത് നേരത്തെ നാടു പിടിക്കാൻ ഒരുങ്ങുന്ന രക്ഷിതാക്കളുമുണ്ട്. പെരുന്നാളിന്റെ ഒരാഴ്ചയിലേറെയുള്ള അവധിയും കഴിഞ്ഞ് ജൂൺ 23ന് പുനരാരംഭിക്കുന്ന സ്കൂളുകൾ നാലു ദിവസം കഴിഞ്ഞ് മധ്യവേനലവധിക്ക് പിരിയുമെന്നതിനാൽ, പെരുന്നാൾ നാട്ടിലാക്കാൻ പുറപ്പെടുന്നവർ ജൂൺ രണ്ടാം വാരത്തിലാണ് ടിക്കറ്റ് ബുക്ക് ചെയ്യുന്നത്. ജൂൺ 13,14 ദിവസങ്ങളിൽ കോഴിക്കോട്ടേക്കുള്ള വൺ വേ ടിക്കറ്റിന് നിലവിലെ നിരക്ക് 1700 റിയാലിന് മുകളിലായി ഉയർന്നു. ഒരാളുടെ മാത്രം ടിക്കറ്റ് നിരക്കാണിത്. കൊച്ചിയിലേക്ക് എയർഇന്ത്യക്ക് 1550 റിയാലും ഇൻഡിഗോക്ക് 1650 റിയാലുമാണ് നിലവിലെ നിരക്ക്. റിട്ടേൺ ടിക്കറ്റ് ഉൾപ്പെടെയാണെങ്കിൽ ഇത് 50,000 രൂപക്ക് മുകളിലായി വർധിച്ചുകഴിഞ്ഞു. ഓരോ ദിവസവും ടിക്കറ്റ് നിരക്ക് നിയന്ത്രണമില്ലാതെയാണ് ഉയരുന്നതെന്ന് ട്രാവൽ മേഖലയിലുള്ളവർ സാക്ഷ്യപ്പെടുത്തുന്നു.
ജൂൺ മുതൽ ആഗസ്റ്റ്-സെപ്റ്റംബർ വരെ ഖത്തർ ഉൾപ്പെടെ ഗൾഫ് രാജ്യങ്ങളിൽ നിന്നുള്ള എയർലൈൻ കമ്പനികൾക്ക് വിമാനക്കൊള്ളയുടെ കാലമാണ്. സ്കൂളുകളിൽ മധ്യവേനലവധി തുടങ്ങുമ്പോൾ കുടുംബ സമേതം നാട്ടിലേക്ക് അവധി യാത്ര പ്ലാൻ ചെയ്യുന്നവരാണ് പ്രവാസികൾ. മാതാപിതാക്കളും രണ്ടും മൂന്നും മക്കളുമുള്ള കുടുംബങ്ങൾക്ക് വലിയൊരു ബജറ്റു തന്നെ അവധി യാത്രക്കായി മാറ്റിവെക്കണം. നാലു മാസം മുമ്പുവരെ യാത്ര പ്ലാൻ ചെയ്ത് വിമാന ടിക്കറ്റുകൾ ബുക്ക് ചെയ്യലാണ് കുടുംബങ്ങളുടെ പതിവെങ്കിലും ടിക്കറ്റ് നിരക്ക് ഓഫ് സീസണുകളെ അപേക്ഷിച്ച് ഇരട്ടിയോളം കൂടുതലാണ്. ഫെബ്രുവരി, മാർച്ച് മാസങ്ങളിൽ തന്നെ ജൂണിലെ ടിക്കറ്റ് ബുക്ക് ചെയ്യുന്നവരാണ് ഏറെയും. എങ്കിലും, റിട്ടേൺ ടിക്കറ്റ് അടക്കം ഒരാൾക്ക് 40,000 രൂപക്ക് മുകളിൽ മുടക്കിയതായി കഴിഞ്ഞ മാർച്ച് ആദ്യവാരം ടിക്കറ്റ് ബുക്ക്ചെയ്ത വടകര സ്വദേശി റാഷിദ് പറയുന്നു. മൂന്നു പേരുള്ള കുടുംബത്തിന്റെ യാത്രാ ടിക്കറ്റിന് മാത്രമായി ഒന്നര ലക്ഷത്തിലേറെ രൂപയാണ് നീക്കിവെച്ചത്.
രണ്ടു മാസത്തെയെങ്കിലും ശമ്പളം ടിക്കറ്റിനുതന്നെ ചെലവായി. അവധിക്കാലത്തെ പ്രവാസികളുടെ യാത്രാ നിരക്ക് വർധനയിൽ ഇടപെടണമെന്നത് സംഘടനകളുടെയും മറ്റും കാലങ്ങളായുള്ള ആവശ്യമാണെങ്കിലും വിമാന കമ്പനികൾ തീരുമാനിച്ചിടത്തുതന്നെയാണ് കാര്യങ്ങളെന്നതാണ് അവസ്ഥ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.