600 കോടി ഡോളറിന്റെ വിപുലീകരണമാണ് ഖത്തർ എനർജി പ്രഖ്യാപിച്ചത്
ദോഹ: പ്രതിദിനം ഒരു ലക്ഷം ബാരൽ അധിക ഉൽപാദനം സാധ്യമാക്കുന്നതിന്റെ ഭാഗമായി അൽ ഷഹീൻ എണ്ണ ഖനന പദ്ധതിക്കായി വൻ നിക്ഷേപം പ്രഖ്യാപിച്ച് ഖത്തർ എനർജി. മേഖലയിലെ തന്നെ ഏറ്റവും വലിയ എണ്ണ ഉൽപാദനമായി മാറുന്ന അൽ ഷഹീനിന്റെ വികസന പ്രവർത്തനങ്ങൾക്ക് 600 കോടി ഡോളറിന്റെ കരാറുകളാണ് അനുവദിച്ചത്.
ഖത്തറിലെ ഏറ്റവും വലിയ എണ്ണ ഖനന പദ്ധതിയാണ് അല്‍ ഷഹീന്. ഓഫ് ഷോര്‍ പദ്ധതിയാണിത്. റുഅ് യ എന്ന് പേരിട്ട വികസന പദ്ധതി വഴി പ്രതിദിനം ഒരുലക്ഷം ബാരലിന്റെ ഉല്പാദനമാണ് ലക്ഷ്യമിടുന്നത്. 2027 മുതല്‍ പദ്ധതി പൂര്‍ണതോതില്‍ പ്രവര്‍ത്തിച്ചു തുടങ്ങും. അഞ്ചുവര്‍ഷം കൊണ്ട് 550 മില്യൻ ബാരൽ എണ്ണ ഉൽപാദിപ്പിക്കുകയാണ് ലക്ഷ്യം. 200 പുതിയ എണ്ണക്കിണറുകളും കേന്ദ്രീകൃത പ്രോസസ് കോംപ്ലക്സുമെല്ലാം പണിയും. അല്‍ ഷഹീന് പദ്ധതിയില്‍ 70 ശതമാനം ഓഹരി ഖത്തര്‍ എനര്‍ജിയും 30 ശതമാനം ടോട്ടല്‍ എനര്‍ജിക്കുമാണ്. നോര്‍ത്ത് ഫീല്‍ഡ് പ്രകൃതി വാതക പദ്ധതികളുടെ വിപുലമായ വികസന പദ്ധതികള്‍ക്ക് പിന്നാലെയാണ് എണ്ണ ഖനന മേഖലയിലും ഖത്തര്‍ കൂടുതല്‍ നിക്ഷേപം നടത്തുന്നത്.
എൻജിനീയറിങ്, സംഭരണം, നിർമാണം, ഇൻസ്റ്റലേഷൻ എന്നീ നാലു മേഖലകളിലായാണ് പ്രവർത്തന വിപുലീകരണം സംബന്ധിച്ച് കരാറിൽ ഒപ്പുവെച്ചത്.
ഖത്തറിലെ ഏറ്റവും വലിയ എണ്ണപ്പാടത്തിന്റെ വികസനത്തിലെ സുപ്രധാന നാഴികക്കല്ലായി കരാർ നൽകിയതിനെ ഖത്തർ എനർജി പ്രസിഡന്റും സി.ഇ.ഒയും ഊർജകാര്യ സഹമന്ത്രിയുമായ സാദ് ഷെരീദ അൽ-കഅബി സ്വാഗതം ചെയ്തു. ഈ കരാറുകൾ നൽകുന്നതിലൂടെ രാജ്യത്തിന്റെ പകുതിയോളം അസംസ്കൃത എണ്ണ ഉൽപാദിപ്പിക്കുന്ന അൽ-ഷഹീന്റെ മുഴുവൻ സാധ്യതകളും ഉപയോഗപ്പെടുത്തുന്നതിലെ സുപ്രധാന ചുവടുവെപ്പാണെന്ന് അദ്ദേഹം പറഞ്ഞു. ഖത്തറിന്റെ തീരത്തുനിന്ന് 80 കിലോമീറ്റർ അകലെ പുറംകടലിലായാണ് സമ്പന്നമായ അൽ ഷഹീൻ എണ്ണപ്പാടം സ്ഥിതി ചെയ്യുന്നത്.
എണ്ണ നിക്ഷേപത്തിൽ ലോകത്തിലെതന്നെ ഏറ്റവും വലിയ ഫീൽഡായാണ് അൽ ഷഹീൻ വിലയിരുത്തുന്നത്. 1994ൽ വാണിജ്യാടിസ്ഥാനത്തിലുള്ള ഉൽപാദനം ആരംഭിച്ച ഇവിടെ നിന്ന് 2007ൽ പ്രതിദിന ഉൽപാദനം 3,00,000 ലക്ഷം ബാരൽ വരെ എത്തിയിരുന്നു. ഇത് വീണ്ടും വർധിപ്പിക്കുകയെന്ന ലക്ഷ്യവുമായാണ് പുതിയ നിക്ഷേപം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.