ദോഹ: സ്വപ്നങ്ങളിലേക്ക് പറക്കാൻ റഷ്യക്കാരൻ അലക്സ് ഇവാനോവിന് പാതിയറ്റുപോയ കൈകൾ തന്നെ ധാരാളമാണ്. ട്രാക്കിൽ അലക്സ് കുതിപ്പ് ആരംഭിക്കുമ്പോൾ മുട്ടിന് താഴെ ശുന്യമായ ആ കൈകൾ ചിറകുകളായി മാറും. പൂർണ ആരോഗ്യവുമായി, അംഗപരിമിതികളൊന്നുമില്ലാതെ മത്സരിക്കുന്നവർക്ക് മുന്നിലേക്ക് കുഞ്ഞുകൈകളെ ചിറകുകളായി റഷ്യക്കാരൻ കുതിച്ചുപായും. കഴിഞ്ഞ ദിവസം ആസ്പയർ പാർക്കിൽ നടന്ന മീഡിയ വൺ 'റൺ ദോഹ റൺ' ഹാഫ് മാരത്തണിൽ ശ്രദ്ധേയമായത് ഈ മധ്യവയസ്കന്‍റെ പ്രകടനമായിരുന്നു. മൂന്ന് കി.മീ മാസ്റ്റേഴ്സിൽ മത്സരിച്ച കക്ഷി മൂന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്ത് മെഡൽ പോഡിയത്തിലുമെത്തി.
അലക്സിന്‍റെ ജീവിതം ഇങ്ങനെയാക്കിയതിനു പിന്നിലും ഒരു കഥയുണ്ട്. അതറിയാൻ 28 വർഷം പിറകിലേക്ക് സഞ്ചരിക്കണം. 1993ൽ റഷ്യൻ സൈന്യത്തിന്‍റെ ഭാഗമായിരുന്നു അന്ന് കൗമാരക്കാരനായ അലക്സ്. സൈനിക സേവനത്തിനിടയിലെ ഒരു പൊട്ടിത്തെറിയുടെ ബാക്കിപത്രമാണ് ശരീരത്തിലെ ഈ കാഴ്ചയെന്ന് അലക്സ് പറയുന്നു. എന്നാൽ, നിരാശപ്പെട്ടോ, സഹതാപം വാങ്ങിയോ കഴിഞ്ഞുകൂടാൻ അലക്സ് തയ്യാറല്ല. കായിക രംഗത്ത് സജീവമാണിന്ന്. മാരത്തൺ ഓട്ടവും സൈക്ലിങ്ങുമായി ഇപ്പോൾ ഖത്തറിലെ സ്പോർട്സിലും സജീവം. വ്യായാമവും, പരിശീലനവുമായി ഫിറ്റ്നസ് നിലനിർത്തുന്ന ഇദ്ദേഹം, മറ്റുള്ളവരെയും അതിന് പ്രോത്സാഹിപ്പിക്കുന്നു. ഏഴു വർഷമായി കുടുംബ സമേതം ഖത്തറിലാണ്. ഭാര്യ അന്ന സ്പോർട്സ് മെഡിസിനിൽ പ്രാക്ടീസ് ചെയ്യുന്നു. മകളും ഖത്തറിൽ തന്നെയുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.