ദോഹ: ഫൈനൽ ഉൾപ്പെടെ 51 മത്സരങ്ങൾ നീണ്ട ഏഷ്യൻ കപ്പിൽ കാണികളുടെ എണ്ണത്തിൽ സർവകാല റെക്കോഡ്. ഏഴ് പതിറ്റാണ്ട് നീണ്ട ഏഷ്യൻ കപ്പിൽ ഏറ്റവും കൂടുതൽ കാണികൾ പങ്കാളികളായ ടൂർണമെന്റ് എന്ന റെക്കോഡാണ് ഖത്തറിൽ കുറിച്ചത്. ശനിയാഴ്ച രാത്രി നടന്ന ഫൈനൽ ഉൾപ്പെടെ 15,09,496 ലക്ഷം ആരാധകർ എല്ലാ മത്സരങ്ങൾക്കുമായി സ്റ്റേഡിയങ്ങളിലെത്തി. ടൂർണമെന്റിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ആരാധക പങ്കാളിത്തമാണിത്. ലുസൈലിൽ നടന്ന ഫൈനലിൽ 86,492 കാണികളാണെത്തിയത്.
ഒരാഴ്ച മുമ്പ് ക്വാർട്ടർ ഫൈനലിലെത്തുമ്പോഴേക്കും 11 ലക്ഷം കാണികളുമായി ഖത്തർ ടൂർണമെന്റ് റെക്കോഡിട്ടിരുന്നു. 10.4 ലക്ഷം എന്ന 2004 ഏഷ്യൻ കപ്പിന്റെ റെക്കോഡാണ് ഇത്തവണ മാറിമറിഞ്ഞത്. ജനുവരി 12ന് ഖത്തർ - ലബനാൻ ഉദ്ഘാടന മത്സരവും ഏറ്റവും വലിയ കാണികളുടെ പങ്കാളിത്തമുള്ള മത്സരമായി റെക്കോഡ് കുറിച്ചിരുന്നു. 82,490 പേരാണ് ഈ കളിക്കെത്തിയത്.
അതേസമയം, ഏഷ്യൻ കപ്പ് ഫൈനലിലെ കാണികളുടെ എണ്ണത്തിൽ 1976ലെ ഇറാൻ-കുവൈത്ത് ഫൈനലിന് സ്വന്തമാണ്. തെഹ്റാനിലെ ആസാദി സ്റ്റേഡിയത്തിൽ നടന്ന ഫൈനലിന് ഒരു ലക്ഷത്തിന് മുകളിലാണ് കാണികളെത്തിയത്. അതേസമയം, കഴിഞ്ഞ ലോകകപ്പ് ഫൈനലിൽ ലുസൈലിൽ 88,966 പേർ എത്തി. ഇത്തവണ ഏഷ്യൻ കപ്പ് ഫൈനലിന് 86,492 കാണികളാണെത്തിയത്.
ഡിജിറ്റൽ ലോകത്തും ടൂർണമെന്റ് തരംഗമായെന്ന് കണക്കുകൾ പറയുന്നു. 550 കോടിയാണ് ഡിജിറ്റൽ പ്ലാറ്റ്ഫോമിലെ ഇടപെടലുകൾ. ടി.വി കാഴ്ചക്കാരിലും പുതിയ റെക്കോഡുകൾ പിറന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.