Ambassador of India with love and gifts at the Afghan camp

ഇന്ത്യയുടെ സ്​നേഹവും സമ്മാനവുമായി അംബാസഡർ അഫ്​ഗാൻ ക്യാമ്പിൽ

ദോഹ: പിറന്നമണ്ണിൽ ജീവിതം ദുഷ്​കരമായപ്പോൾ രാജ്യം വിട്ട്​ ​ഓടിപ്പോവാൻ വിധിക്കപ്പെട്ട്​, ഖത്തറി​ൽ അഭയം തേടിയ അഫ്​ഗാൻ പൗരന്മാരെ കാണാൻ ഇന്ത്യൻ അംബാസഡറെത്തി. ചൊവ്വാഴ്​ച വൈകീ​ട്ടോടെയായിരുന്നു ഇന്ത്യയുടെ സ്​നേഹവും പിന്തുണയും അറിയിക്കാനായി സമ്മാനപ്പൊതികളുമായി അംബാസഡർ ഡോ. ദീപക്​ മിത്തലും ഭാര്യ അൽപ്​ന മിത്തലും ഖത്തർ സർക്കാർ ഒരുക്കിയ ക്യാമ്പിലെത്തിയത്​. ഖത്തര്‍ വിദേശകാര്യമന്ത്രി സഹമന്ത്രി ലുല്‍വ അല്‍ കാതിറി‍​െൻറ നേതൃത്വത്തില്‍ അംബാസഡറെയും സംഘത്തെയും സ്വീകരിച്ചു. അഭയാർഥി ക്യാമ്പില്‍ കഴിയുന്ന കുഞ്ഞുങ്ങളെയും സ്ത്രീകളെയും മുതിര്‍ന്നവരെയും കണ്ട ഇന്ത്യൻ നയതന്ത്ര പ്രതിനിധി അവരുമായി കുശലാന്വേഷണങ്ങൾ നടത്തി. ഇന്ത്യയുടെ സ്നേഹവായ്​പുകളും പിന്തുണയും കൈമാറി. ക്രിക്കറ്റ് കളിയില്‍ തല്‍പരരായ യുവാക്കള്‍ക്ക് ക്രിക്കറ്റ് കിറ്റുകള്‍ സമ്മാനിച്ചു.

മുതിര്‍ന്നവര്‍, സ്ത്രീകള്‍, കുട്ടികള്‍ തുടങ്ങി എല്ലാ തരക്കാര്‍ക്കും വെവ്വേറെ തന്നെ വസ്ത്രങ്ങള്‍ സമ്മാനിച്ചു. ഖത്തറിലെ ഇന്ത്യന്‍ പ്രവാസി സമൂഹത്തി‍​െൻറ ഉപഹാരമെന്ന നിലക്ക്​ ഐ.സി.ബി.എഫാണ് വസ്ത്രങ്ങള്‍ നൽകിയത്. കുട്ടികളുമായി അംബാസഡര്‍ സംവദിച്ചു. തുടര്‍ന്ന് വിദേശകാര്യമന്ത്രി സഹമന്ത്രി ലുല്‍വ അല്‍ കാതിറുമായും അംബാസഡര്‍ സംസാരിച്ചു. ഇന്ത്യന്‍ പൗരന്മാർ ഉൾപ്പെടെ പതിനായിരക്കണക്കിനാളുകളെ അഫ്​ഗാനില്‍നിന്ന്​ യഥാസമയം ഒഴിപ്പിക്കാന്‍ ഖത്തര്‍ നടത്തിയ പ്രയത്നങ്ങള്‍ക്ക് അംബാസഡര്‍ നന്ദിയര്‍പ്പിച്ചു. ഇന്ത്യന്‍ എംബസി ഫസ്​റ്റ്​ സെക്രട്ടറി ധന്‍രാജ് സേവ്യര്‍, ഐ.സി.ബി.എഫ് പ്രസിഡൻറ്​ സിയാദ് ഉസ്​മാന്‍ തുടങ്ങിയവരും അംബാസഡര്‍ക്കൊപ്പമുണ്ടായിരുന്നു. ആഗസ്​റ്റ്​ 15ന്​ താലിബാൻ കാബൂൾ പിടിച്ചടക്കിയതിനു പിന്നാലെയാണ്​ അഫ്​ഗാനിൽനിന്നും വിദേശികളും സ്വദേശികളും രാജ്യം വിടാൻ ആരംഭിച്ചത്​.

അമേരിക്കൻ, നാറ്റോ സേനകൾക്കൊപ്പം ജനങ്ങളെ സുരക്ഷിതമായി ഒഴിപ്പിക്കുന്നതിൽ ഖത്തറും നേതൃപരമായ പങ്കുവഹിച്ചു. ഖത്തർ അമിരി എയർഫോഴ്​സിൻെറ വിമാനങ്ങളിലായിരുന്നു കൂടുതൽ പേരെയും രാജ്യത്തിന്​ പുറത്തെത്തിച്ചത്​. അമേരിക്ക, യൂറോപ്പ്​, ഇന്ത്യ ഉൾപ്പെടെ വിവിധ രാജ്യങ്ങളിലെ പൗരന്മാരെയും സുരക്ഷിതമായി അഫ്​ഗാന്​ പുറത്തെത്തിക്കാൻകഴിഞ്ഞു. 60,000ത്തോളം പേരാണ്​ ഇതിനകം ഖത്തർ വഴി വിവിധ രാജ്യങ്ങളിലെത്തിയത്​. 20,000ത്തോളം പേർ ഇപ്പോഴും ഖത്തറിലുണ്ട്​. ലോകകപ്പിന്​ സന്ദർശകരെ വരവേൽക്കാനായി ഒരുക്കിയ ബഹുനില പാർപ്പിട സമുച്ചയങ്ങൾ അത്യാധുനിക സജ്ജീകരണങ്ങളോടെ താമസത്തിന്​ വിട്ടു നൽകിയാണ്​ ഖത്തർ അഫ്​ഗാനി പൗരന്മാരെ വരവേറ്റത്​. രാജ്യം സന്ദർശിച്ച അമേരിക്കൻ വിദേശകാര്യ സെക്രട്ടറി ആൻറണി ബ്ലിങ്കൻ ഉൾപ്പെടെ വിവിധ ലോകനേതാക്കളുമായി ഇതിനകംതന്നെ ക്യാമ്പ്​ സന്ദർശിച്ചിരുന്നു.

Tags:    
News Summary - Ambassador of India with love and gifts at the Afghan camp

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.