ദോഹ: ബലിപെരുന്നാൾ അവധിക്കാലത്ത് തടസ്സമില്ലാത്ത സേവനങ്ങൾ ലഭ്യമാക്കി ഹമദ് മെഡിക്കൽ കോർപറേഷന് കീഴിലെ ആംബുലൻസ് സർവിസ്. പലസ്ഥലങ്ങളിലും അധിക യൂനിറ്റുകളെ വിന്യസിച്ചായിരുന്നു ഈദ് അവധിക്കാലത്ത് അടിയന്തരസാഹചര്യങ്ങളിൽ സേവനം ലഭ്യമാക്കിയത്.
പെരുന്നാളവധിയും വാരാന്ത്യവും ഒരുമിച്ചെത്തിയതോടെ സേവനം ഉറപ്പാക്കുന്നതിന് നിരവധി ആംബുലൻസുകളും പാരാമെഡിക്കുകളും സജ്ജമായതായി ആംബുലൻസ് സർവിസ് അസി.എക്സിക്യൂട്ടിവ് ഡയറക്ടർ അലി ദർവീശ് പറഞ്ഞു. രാജ്യത്തുടനീളം 125 ആംബുലൻസുകൾ, ക്രിട്ടിക്കൽ കെയർ പാരാമെഡിക്കുകൾ, സൈക്കിളുകൾ, ഗോൾഫ് കാർട്ടുകൾ എന്നിവ അവധിദിനങ്ങളിൽ പ്രവർത്തനസജ്ജമായിരുന്നു.
ഈദ് അവധിക്കാലത്ത് സാധ്യമായ ഏത് അടിയന്തര സാഹചര്യവും നേരിടാൻ പദ്ധതി ആംബുലൻസ് സർവിസ് സജ്ജമാക്കിയിരുന്നുവെന്ന് അദ്ദേഹം പ്രാദേശിക ദിനപത്രത്തോട് പറഞ്ഞു. ആളുകൾക്ക് ഫലപ്രദമായ അടിയന്തര പരിചരണം എളുപ്പത്തിൽ ലഭ്യമാക്കുന്നതിന്റെ ഭാഗമായി അവധിക്കാലത്ത് മികച്ച ആസൂത്രണത്തോടെയാണ് പദ്ധതികൾ തയാറാക്കിയതെന്നും തടസ്സമില്ലാത്ത സേവനം നൽകുകയാണ് ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി.
ഈദിന്റെ രണ്ടാം ദിവസം 237 രോഗികളെയാണ് ആംബുലൻസ് സർവിസ് വഴി ആശുപത്രികളിലെത്തിച്ചത്. അവരിൽ 171 പേർ പ്രാഥമിക അടിയന്തരവിഭാഗത്തിലും 66 പേർ ആരോഗ്യസാഹചര്യത്തെ അടിസ്ഥാനമാക്കി രണ്ടാമത്തെ വിഭാഗത്തിലുമായി പ്രവേശിപ്പിക്കപ്പെട്ടെന്നും അദ്ദേഹം പറഞ്ഞു. ബീച്ച് ഏരിയകൾ, സൂഖ് വാഖിഫ്, ആസ്പയർ സോൺ, പേൾ ഖത്തർ, ലുസൈൽ, കതാറ, ഇൻഡസ്ട്രിയൽ ഏരിയ തുടങ്ങിയ സ്ഥലങ്ങളിലും കൂടുതൽ ആളുകളെത്തുന്നതും വലിയ ഗതാഗതമുണ്ടാകുമെന്ന് പ്രവചിക്കപ്പെട്ട സ്ഥലങ്ങളിലുമാണ് കൂടുതൽ ആംബുലൻസ് സർവിസുകൾ വിന്യസിച്ചത്.
ഗുരുതരമായ കേസുകളിൽ അടിയന്തര പരിചരണം ലഭ്യമാക്കുന്നതിന് മൂന്ന് ലൈഫ് ഫ്ലൈറ്റുകളും സജ്ജമായിരുന്നു. അതോടൊപ്പം, വീടുകളിലെത്തിയുള്ള സേവനങ്ങൾ, രോഗികളെ മാറ്റുക, ആശുപത്രികളിലെ സേവനങ്ങൾ തുടങ്ങിയ കമ്യൂണിറ്റി സേവനങ്ങൾ സാധാരണപോലെ പ്രവർത്തിക്കുന്നുണ്ട്.
എച്ച്.എം.സി അൽ സദ്ദിലെ ആറ് പീഡിയാട്രിക് എമർജൻസി സെന്ററുകളിൽ ഈദിന്റെ ആദ്യ രണ്ട് ദിവസങ്ങളിൽ 2200ലധികം കേസുകളാണെത്തിയത്. ഇതിൽ 1223 കേസുകൾ പ്രധാനമായും ശ്വാസകോശ സംബന്ധമായ അണുബാധ കാരണമായിരുന്നു. ഭൂരിഭാഗം കുട്ടികൾക്കും ചെറിയ രോഗാവസ്ഥകളായിരുന്നുവെന്ന് പീഡിയാട്രിക് എമർജൻസി ഡയറക്ടർ ഡോ. മുഹമ്മദ് അൽ അമീരി പറഞ്ഞു.
അവധിക്കാലത്തെ പ്രതീക്ഷിച്ച തിരക്ക് കണക്കിലെടുത്ത് ആറ് പീഡിയാട്രിക് എമർജൻസി കേന്ദ്രങ്ങളിലും നഴ്സുമാരും ഡോക്ടർമാരും 24 മണിക്കൂറും സേവനസജ്ജരാണെന്ന് അദ്ദേഹം പറഞ്ഞു. ഹമദ് ജനറൽ ആശുപത്രിയിലെ പ്രധാന അടിയന്തര വിഭാഗത്തിൽ ഈദിന്റെ രണ്ടാം ദിനം വിവിധ കാരണങ്ങളാൽ 480 രോഗികളെയാണ് പ്രവേശിപ്പിച്ചത്. ഇതിൽ ദഹനസംബന്ധമായ കേസുകളിൽ 105 രോഗികളെയും ട്രോമ, പരിക്കുകൾ എന്നിവയുമായി ബന്ധപ്പെട്ട് 54 രോഗികളും ഉൾപ്പെടും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.