ദോഹ: റോഡുകളും പൊതുസ്ഥലങ്ങളും മനോഹരമാക്കുന്നതിനുള്ള സൂപ്പർവൈസറി കമ്മിറ്റിക്ക് കീഴിൽ സീലൈൻ, അൽ ഫർക്കിയ, അൽ ഗരിയ, സിമൈസിമ ബീച്ചുകളിൽ നിരവധി കലാരൂപങ്ങൾ സ്ഥാപിച്ചതായി പൊതുമരാമത്ത് അതോറിറ്റി -അശ്ഗാൽ അറിയിച്ചു. ഗൾഫ് അന്തരീക്ഷവും പ്രത്യേകിച്ച് ഖത്തർ പശ്ചാത്തലവുമാണ് കലാരൂപങ്ങളുടെ പ്രചോദനമെന്ന് ഇതിന് പിന്നിൽ പ്രവർത്തിച്ച ലീന അൽ ആലി പറഞ്ഞു.
ഫൈൻ ആർട്ടിന്റെ സൗന്ദര്യം പ്രകടിപ്പിക്കുന്ന ആധുനിക ഡിസൈനുകളിലൂടെ കലാപരവും സാംസ്കാരികവുമായ വ്യക്തിത്വത്തെ പ്രതിഫലിപ്പിക്കുന്ന നമ്മുടെ സമ്പന്നമായ പാരമ്പര്യത്തിലേക്ക് സന്ദർശകരെ പരിചയപ്പെടുത്തുന്നതാണ് ഇതെന്നും ലീന അൽ ആലി കൂട്ടിച്ചേർത്തു. കടൽത്തീരങ്ങളിലെ കലാസൃഷ്ടികളുടെ സാന്നിധ്യം, കലയെ എല്ലാവർക്കും പ്രാപ്യമാക്കുന്നതിന് സംഭാവന ചെയ്യുന്നതായി റോഡുകളും പൊതുസ്ഥലങ്ങളും സൗന്ദര്യവത്കരിക്കുന്നതിനുള്ള സൂപ്പർവൈസറി കമ്മിറ്റി ഡെപ്യൂട്ടി ചെയർപേഴ്സൻ എൻജി. സാറ കഫൂദ് പറഞ്ഞു.
വിനോദവേദികളെ ഒരു തുറന്ന ആർട്ട് ഗാലറിയാക്കി മാറ്റുന്നത് വഴി പ്രാദേശിക അസ്തിത്വവും പരിഷ്കൃത ഇടപെടലും വർധിപ്പിക്കുന്നുവെന്നും സാറ കഫൂദ് പറഞ്ഞു. എല്ലാ പ്രായത്തിലുമുള്ള സന്ദർശകർക്കും വിനോദവും സംവേദനാത്മകവുമായ അനുഭവം പ്രദാനം ചെയ്യുന്നതിൽ ഇത്തരം കലാസൃഷ്ടികൾ വലിയ പങ്ക് വഹിക്കുന്നുണ്ടെന്നും കലാസൃഷ്ടികൾക്കൊപ്പം ചിത്രങ്ങൾ പകർത്തുന്നതിനുള്ള കഴിവ് നൽകുന്നതോടൊപ്പം അതിന്റെ ഭാഗമാകാനുള്ള അവസരം നൽകുകയും ചെയ്യുന്നുവെന്ന് പ്രൊജക്ട് ഡിസൈൻ മാനേജർ ഹിസ്സ അൽ കഅ്ബി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.