ദോഹ: സുഹൃത്തുക്കൾക്കൊപ്പം പെരുന്നാൾ ആഘോഷത്തിനായാണ് മലപ്പുറം കീഴുപറമ്പ് സ്വദേശി കെ.ഇ. അഷ്റഫ് അൽ ദഖീറയിലെ കടൽക്കരയിലെത്തിയത്. മീൻ പിടിക്കാനും ഭക്ഷണമൊരുക്കാനുള്ള സജ്ജീകരണങ്ങളോടെ വന്ന്, അതിനുള്ള ഒരുക്കത്തിനിടെയായിരുന്നു ഏതാനും മീറ്റർ അകലെനിന്നും കൂട്ടനിലവിളിയും രക്ഷിക്കാനുള്ള മുറവിളിയും കേൾക്കുന്നത്.
'കരച്ചിൽ കേട്ട ദിക്കിലേക്ക് ഓടി. ആരോ കടലിൽ പോയെന്ന് മനസ്സിലായി. പിന്നെ ഒന്നും നോക്കിയില്ല. കൈയിലുണ്ടായിരുന്ന ഫോൺ എവിടേക്കോ എറിഞ്ഞു. ചാടല്ലേ, ശ്രദ്ധിക്കണം... എന്നുമൊക്കെ ആരൊക്കെയോ വിളിച്ചു പറയുന്നുണ്ടായിരുന്നു. കടലിലൂടെ പാഞ്ഞുപോയ സ്പീഡ് ബോട്ടിൻെറ ഓളത്തിൽ വലിയ ഉയരത്തിൽ പൊങ്ങിമറിയുന്ന തിരകൾക്കിടയിൽ ഒരു മനുഷ്യൻ ജീവൻ പിടയുന്ന കാഴ്ച മാത്രമായിരുന്നു കണ്ണിലുണ്ടായിരുന്നത്. ആ കടലിലേക്ക് ഞാനും എടുത്തു ചാടി. ഒരാളെ പിടിച്ചപ്പോഴാണ് അൽപം അകലെ മറ്റൊരാൾ കൂടി മുങ്ങിത്താഴുന്നത് കണ്ടത്.
അപ്പോൾ ആദ്യം ൈകകൊടുത്തയാളെ എനിക്കു പിന്നാലെ വന്നവർക്ക് കൈമാറി വീണ്ടും മുന്നോട്ട് പോയി. നല്ല ആഴമുള്ള സ്ഥലമായിരുന്നു അത്. ഒരുവേള ഞാനും മുങ്ങിപ്പോവുമോ എന്ന് തോന്നി. അത്രയേറെ അടിയൊഴുക്കും ആഴവുമുണ്ടായിരുന്നു. പക്ഷേ, അപ്പോഴേക്കും ബാലൻസ് ചെയ്തു കുട്ടിയെ കൈയിൽ പിടിച്ചു തിരികെ നീന്തി' -അസാമാന്യ ധൈര്യത്തിലുടെ രണ്ടു മനുഷ്യ ജീവനുകൾ തിരികെ പിടിച്ച അഷ്റഫ് ഒറ്റശ്വാസത്തിൽതന്നെ എല്ലാം പറഞ്ഞു തീർത്തു.
ഇന്നലെ പകലും ആ ഞെട്ടൽ അദ്ദേഹത്തിന് മാറിയിട്ടില്ല. കോഴിക്കോട് നിന്നുള്ള കുടുംബത്തിലെ രണ്ടു മക്കൾ ആണെന്നറിയാം. അവരുടെ വീടും പേരുമൊന്നും അറിയില്ല. വിശദാംശങ്ങളും മറ്റും വാങ്ങാനും ചോദിക്കാനുമൊന്നും പോയിട്ടില്ല -അഷ്റഫ് പറയുന്നു. 'അവർ ആകെ ഭയന്നിരുന്നു. രണ്ടു മക്കളുടെ ജീവൻ തിരികെ ലഭിച്ചതിൻെറ ആശ്വാസത്തിലും നെടുവീർപ്പിലുമായിരുന്നു ആ കുടുംബം. ആ സമയത്ത് അവരോട് ഒന്നും ചോദിക്കാൻ കഴിഞ്ഞില്ല.
എനിക്ക് ലഭിച്ച ധൈര്യവും രക്ഷിക്കാൻ കഴിഞ്ഞതും ദൈവഹിതമായിരുന്നു' -അഷ്റഫ് 'ഗൾഫ് മാധ്യമ'ത്തോട് പറഞ്ഞു. കീഴുപറമ്പ് പഞ്ചായത്തിൽനിന്നുള്ളവരുടെ കൂട്ടായ്മയായ 'കെപ്വ'യിലെ കൂട്ടുകാർക്കൊപ്പമായിരുന്നു അഷ്റഫും കടൽത്തീരത്തെത്തിയത്. ആഭ്യന്തര മന്ത്രാലയത്തിൻെറ ബിൻ ഉംറാൻ ഓഫിസിൽ ജീവനക്കാരനാണ് ഇദ്ദേഹം. 12 വയസ്സുള്ള പെൺകുട്ടിയും ഏഴ് വയസ്സുള്ള ആൺകുട്ടികൾക്കുമാണ് അഷ്റഫിൻെറ ധീരോദാത്തമായ രക്ഷാപ്രവർത്തനത്തിലൂടെ പുതുജീവൻ ലഭിച്ചത്. മാതാപിതാക്കൾക്കൊപ്പമായിരുന്നു ഇവർകടൽ തീരത്തെത്തിയത്. കീഴുപറമ്പ് കോട്ടകളത്തില അബ്ദുൽ സലാമിൻെറയും കുഞ്ഞാമിനയുടെയും മകനായ അഷ്റഫ് ഭാര്യ അംന പട്ടർകടവൻ, മക്കളായ ആയിഷ നഷ, അലീന, അർഷ് അഷ്റഫ് എന്നിവർക്കൊപ്പം ദോഹയിലാണ് താമസം. അഷ്റഫിൻെറ ധീരമായ രക്ഷാപ്രവർത്തനത്തെ വിവിധ മലയാളി സംഘടനകളും വ്യക്തികളും അഭിനന്ദിച്ചു. 'കെപ്വ', ചാലിയാർ ദോഹ എന്നിവരും അഷ്റഫിനെ അഭിനന്ദിച്ചു.
അഷ്റഫ്; രണ്ടു ജീവൻെറ രക്ഷകൻപെരുന്നാൾ അവധിയായതോടെ കുടുംബങ്ങളെല്ലാം സഞ്ചാരത്തിലാണ്. 25 വരെ ഈദ് അവധിയുള്ളതിനാൽ കുടുംബത്തിനൊപ്പം വൈകുന്നേരത്തോടെ വലിയ തിരക്കാണ് ഖത്തറിലെ വിവിധ കടൽത്തീരങ്ങളിൽ അനുഭവപ്പെടുന്നത്. കടലിൽ ഇറങ്ങരുതെന്ന് തീര രക്ഷാസേനയും വളൻറിയർമാരും നൽകുന്ന മുന്നറിയിപ്പുകൾ അവഗണിച്ച് കുട്ടികളും സ്ത്രീകളും കടലിൽ ഇറങ്ങുന്നതാണ് അപകടത്തിന് കാരണമാവുന്നത്. ബുധനാഴ്ച രാത്രിയിൽ അപകടം നടന്ന അൽദഖീറയിൽ കുളിക്കുന്നത് അപകടകരമാണെന്ന് തീരസേന മുന്നറിയിപ്പ് നൽകിയതായി രക്ഷകനായ അഷ്റഫ് പറയുന്നു. കുടുംബ സമേതമെത്തുേമ്പാൾ കുട്ടികളുടെ കാര്യത്തിൽ രക്ഷിതാക്കൾ കൂടുതൽ ശ്രദ്ധ നൽകണമെന്നാണ് അഷ്റഫിന് വിനോദയാത്രക്കാരോട് നൽകാനുള്ള ഉപദേശം. പെരുന്നാൾ അവധി പ്രമാണിച്ച് രാജ്യത്തിൻെറ വിവിധ മേഖലകളിൽ സുരക്ഷ സേനയും, പൊലീസും ജാഗ്രത പാലക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.