ദോഹ: ഏഷ്യൻ കപ്പ് ഫുട്ബാൾ സംഘാടനത്തിലെ വിജയത്തിൽ പ്രധാന ഘടകമായി ആധുനിക ഗതാഗത അടിസ്ഥാന സൗകര്യങ്ങളും. സ്റ്റേഡിയങ്ങളിലേക്കും മറ്റു പ്രധാന കേന്ദ്രങ്ങളിലേക്കും ആരാധകരുടെ യാത്ര എളുപ്പമാക്കുന്നതിലും തിരക്ക് കുറക്കുന്നതിലും സമഗ്രമായ ഗതാഗത അടിസ്ഥാന സൗകര്യങ്ങൾ വലിയ പങ്കാണ് വഹിച്ചതെന്ന് അധികൃതർ വിലയിരുത്തി.
ആരാധകർക്ക് സുഗമമായും വേഗത്തിലും ലക്ഷ്യസ്ഥാനങ്ങളിലെത്താൻ സഹായിച്ചത് ദോഹ മെട്രോ സേവനങ്ങളും റാപ്പിഡ് ട്രാൻസിറ്റ് ബസുകളും ഉൾപ്പെടുന്ന ആധുനിക ഗതാഗത അടിസ്ഥാന സൗകര്യങ്ങളായിരുന്നു.സംഘാടക സമിതി പുറത്തുവിട്ട റിപ്പോർട്ടിൽ ടൂർണമെന്റ് വേദികളായ ഒമ്പത് സ്റ്റേഡിയങ്ങളിൽ അഞ്ചിലും ആരാധകർക്ക് നേരിട്ട് മെട്രോ വഴി എത്തിച്ചേരാൻ കഴിഞ്ഞു.
ബാക്കി നാല് സ്റ്റേഡിയങ്ങളും മെട്രോ സ്റ്റേഷനുകളും തമ്മിൽ റാപ്പിഡ് ട്രാൻസിറ്റ് ബസ് സർവിസുമായി ബന്ധിപ്പിച്ചാണ് ഗതാഗതം സാധ്യമാക്കിയത്. എല്ലാവർക്കും മികച്ച ഗതാഗത അനുഭവം നൽകുകയെന്ന നയത്തിന്റെ ഭാഗമായി മത്സരദിവസങ്ങളിൽ ടിക്കറ്റ് ഉടമകൾക്ക് പ്രതിദിന സൗജന്യ ടിക്കറ്റ് നൽകാനും അധികൃതർ ശ്രദ്ധിച്ചു.ഗതാഗതത്തിനും ആശയവിനിമയത്തിനുമായി തയാറാക്കിയ രൂപരേഖയും പദ്ധതിയും കൃത്യമായിരുന്നെന്ന് എൽ.ഒ.സി മൊബിലിറ്റി ആൻഡ് ലോജിസ്റ്റിക് ഡെപ്യൂട്ടി എക്സിക്യൂട്ടിവ് ഡയറക്ടർ അഹ്മദ് അൽ ബിൻഅലി പറഞ്ഞു.
ടൂർണമെന്റിന്റെ ഹൃദയമിടിപ്പായിരുന്നു ആരാധകരെന്നും, അവർക്ക് സ്റ്റേഡിയങ്ങളിലേക്കും തിരിച്ചും സുഖകരവും സുഗമവുമായ ഗതാഗത അനുഭവം നൽകുകയായിരുന്നു ലക്ഷ്യമെന്നും ബിൻഅലി കൂട്ടിച്ചേർത്തു.ടൂർണമെന്റ് കാലയളവിൽ എട്ട് ലക്ഷത്തിലധികം പേർ സ്റ്റേഡിയങ്ങളിലെത്താൻ ദോഹ മെട്രോ ഉപയോഗപ്പെടുത്തി. 3354 ബസുകൾ രണ്ട് ലക്ഷത്തിലധികം ആരാധകരെ സ്റ്റേഡിയങ്ങളിലേക്കും എത്തിച്ചു-അദ്ദേഹം വ്യക്തമാക്കി.
ജനുവരി 12 മുതൽ ഫെബ്രുവരി 10 വരെ ആറുദശലക്ഷത്തിലധികം യാത്രക്കാരാണ് മെട്രോ ഉപയോഗപ്പെടുത്തിയത്. 110 ട്രെയിനുകൾ മുഴുസമയ സർവിസിൽ 83358 ട്രിപ്പുകൾ രേഖപ്പെടുത്തി.ഭിന്നശേഷിക്കാരായ ആരാധകർക്ക് സേവനം ഉറപ്പുവരുത്തുകയെന്ന തന്ത്രത്തിന്റെ ഭാഗമായി 3000 ജീവനക്കാർ അവർക്കായി സേവനമനുഷ്ഠിച്ചു. ആരാധകർക്ക് ഗതാഗത പിന്തുണ നൽകാനായി എല്ലാ സ്റ്റേഡിയങ്ങളിലും 25 ഗോൾഫ് കാർട്ടുകളും അനുവദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.