ദോഹ: കഴിഞ്ഞ ഏതാനും ദിവസങ്ങളായി ഖത്തറിലെ സ്വദേശികളുടെയും താമസക്കാരുടേതുമായ നമ്പറുകളിലേക്ക് വന്ന വ്യാജ സന്ദേശങ്ങൾ പലരുടെയും ശ്രദ്ധയിലുണ്ടാവും.
നിങ്ങളുടെ ഹെൽത്ത് കാർഡ് കാലാവധി കഴിഞ്ഞു, 24 മണിക്കൂറിനുള്ളിൽ പുതുക്കണമെന്നാവശ്യപ്പെട്ട് ‘ഹുകൂമി’യുടെ എന്ന പേരിലൊരു വെബ്സൈറ്റ് ലിങ്കുമായി ഹമദ് മെഡിക്കൽ കോർപറേഷനിൽ നിന്ന് എന്ന തെറ്റിദ്ധാരണയിലൊരു സന്ദേശം.
എന്നാൽ, വ്യാജമായ ഇത്തരം സന്ദേശങ്ങളിൽ കുരുങ്ങരുതെന്ന് മുന്നറിയിപ്പ് നൽകിയിരിക്കുകയാണ് ഹമദ് മെഡിക്കൽ കോർപറേഷൻ അധികൃതർ. ഇത്തരത്തിൽ വരുന്ന എസ്.എം.എസ് ലിങ്കുകൾ തുറക്കാനോ, പ്രതികരിക്കാനോ പൊതുജനങ്ങൾ ശ്രമിക്കരുതെന്ന് ഹമദ് മെഡിക്കൽ കോർപറേഷൻ സമൂഹ മാധ്യമങ്ങൾ വഴി പങ്കുവെച്ച സന്ദേശത്തിൽ ഓർമിപ്പിച്ചു.
വ്യാജ സന്ദേശങ്ങളുടെ ചിത്രവും എച്ച്.എം.സി അധികൃതർ പങ്കുവെച്ചിരുന്നു.
സ്വദേശികളുടെയും താമസക്കാരുടെയും വ്യക്തിഗത വിവരങ്ങളും ബാങ്ക് വിശദാശങ്ങളും ചോർത്താനും തട്ടിപ്പ് നടത്താനുമുള്ള മറ്റൊരു ശ്രമമാണ് ഹെൽത്ത് കാർഡ് പുതുക്കൽ എന്ന പേരിലെത്തുന്ന ഇത്തരം സന്ദേശങ്ങൾ. ‘Y’ എന്ന് മെസേജ് റിേപ്ല ചെയ്യുകയോ, അല്ലെങ്കിൽ ലിങ്ക് കോപ്പി ചെയ്ത് ബ്രൗസർ വഴി പ്രവേശിക്കുകയോ ചെയ്യണമെന്നാണ് വ്യാജ സന്ദേശങ്ങളിൽ ആവശ്യപ്പെടുന്നത്.
എന്നാൽ, ഇത്തരത്തിൽ തട്ടിപ്പ് വെബ്സൈറ്റുകളിൽ പ്രവേശിക്കുന്നതോടെ സ്വകാര്യ വിവരങ്ങളും മറ്റും അജ്ഞാത കേന്ദ്രത്തിലെ തട്ടിപ്പു സംഘങ്ങളിലെത്തും. ഐ ക്ലൗഡ് ഇ-മെയിൽ ഐഡികളിൽ നിന്നെല്ലാമാണ് ഇത്തരത്തിലുള്ള എസ്.എം.എസുകൾ പൊതുജനങ്ങളിലേക്കെത്തുന്നത്.
ബാങ്ക് വിശദാംശങ്ങൾ ചോദിച്ചും, ക്യു.ഐ.ഡി നമ്പർ ആവശ്യപ്പെട്ടും, ബാങ്ക് അക്കൗണ്ട് ഫ്രീസ് ചെയ്തുവെന്ന് അറിയിച്ചും, ഖത്തർപോസ്റ്റിന്റെ പേരിലുമെല്ലാമായി വരുന്ന വ്യാജ ഫോൺ വിളികളുടെയും എസ്.എം.സിന്റെയും ഹൈപ്പർമാർക്കറ്റുകളുടെ സമ്മാനം ലഭിച്ചതായി അറിയിച്ചുവരുന്ന വാട്സ്ആപ് സന്ദേശങ്ങളുടെയുമെല്ലാം തുടർച്ചയാണ് ഇത്തരം തട്ടിപ്പുകളും.
ഹുകൂമിയുടെ വെബ്സൈറ്റിൽ സർവിസ് വിഭാഗത്തിൽ പ്രവേശിച്ച് ഹെൽത്ത് കാർഡ് പുതുക്കാവുന്നതാണ്. ഹമദ് മെഡിക്കൽ കോർപറേഷനിൽനിന്നു തന്നെയുള്ള സന്ദേശത്തിലെ ഔദ്യോഗിക വെബ്സൈറ്റ് ലിങ്ക് വഴി ഹെൽത്ത് കാർഡ് പുതുക്കാം. https://services.hukoomi.gov.qa/en/e-services/renew-health-card എന്ന ലിങ്കാണ് ഉപയോഗിക്കേണ്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.