ദോഹ: മേഖലയിലെ സമ്പന്നമായ സസ്യജന്തുജാലങ്ങളെയും വൈവിധ്യമാർന്ന സമുദ്രജീവികളെയും പ്രദർശിപ്പിക്കാനുദ്ദേശിക്കുന്ന ജൈവവൈവിധ്യ മ്യൂസിയം ഒക്ടോബറിൽ ആരംഭിക്കുന്ന ദോഹ എക്സ്പോ 2023ന്റെ ശ്രദ്ധാകേന്ദ്രങ്ങളിലൊന്നായി മാറും. പരിസ്ഥിതിശാസ്ത്രവും പുനരുപയോഗിക്കാവുന്ന ഊർജസ്രോതസ്സുകളുമായി ബന്ധപ്പെട്ട സാങ്കേതികവിദ്യകളുടെ പ്രദർശനത്തിനും എക്സ്പോയിൽ പ്രത്യേകം ഇടം നൽകുമെന്ന് സംഘാടകർ വ്യക്തമാക്കി.
എക്സ്പോ വെബ്സൈറ്റ് പ്രകാരം, ആഗോളാടിസ്ഥാനത്തിലെ കാലാവസ്ഥ വ്യതിയാനവുമായി ബന്ധപ്പെട്ട സ്ഥിതിവിവരക്കണക്കുകളും ഇവിടെ പ്രദർശിപ്പിക്കും. പ്രത്യേക പരിസ്ഥിതി കേന്ദ്രമെന്ന നിലയിൽ സുസ്ഥിരതയെ ശ്രദ്ധയിൽപെടുത്തുമ്പോൾ ഇവയെല്ലാം ഉൾപ്പെടുത്തുന്നതിന്റെ ഭാഗമായാണിത്.
നാഗരികതയുടെ ആധുനിക ജീവിതരീതി നിലനിർത്താനുള്ള ആവശ്യകതയെ അംഗീകരിക്കുന്നതോടൊപ്പം സുസ്ഥിര ജൈവവൈവിധ്യവും പാരിസ്ഥിതിക സന്തുലിതാവസ്ഥയും നിലനിർത്തുകയാണ് ലക്ഷ്യമെന്ന് ദോഹ എക്സ്പോ 2023 വെബ്സൈറ്റിൽ പറയുന്നു. 7500 ചതുരശ്ര മീറ്റർ വിസ്തൃതിയുള്ള എക്സിബിഷൻ സെന്ററും എക്സ്പോയുടെ പ്രധാന ആകർഷണമായിരിക്കും. ഹ്രസ്വ-ദീർഘകാല പ്രദർശനങ്ങൾക്ക് ഏറെ അനുയോജ്യമായ വേദിയായിരിക്കും എക്സ്പോയുടെ പ്രധാന ശേഷിപ്പുകളിലൊന്ന്.കുടുംബങ്ങൾക്കും കുട്ടികൾക്കുമായി വൈവിധ്യമാർന്ന വിനോദ-വിജ്ഞാന പ്രവർത്തനങ്ങൾക്ക് വേദിയാകുന്ന ഫാമിലി ആംഫി തിയറ്ററും ഇവിടെ സ്ഥാപിക്കുന്നുണ്ട്. 2023 ഒക്ടോബർ രണ്ടു മുതൽ 2024 മാർച്ച് 28 വരെയായി ആറു മാസം നീണ്ടുനിൽക്കുന്ന എക്സ്പോയിൽ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നായി മൂന്നു ദശലക്ഷം സന്ദർശകരെയാണ് പ്രതീക്ഷിക്കുന്നത്.80 രാജ്യങ്ങളുടെ പവിലിയനുകളാണ് ദോഹ എക്സ്പോയിൽ ഉയരുന്നത്. ഖത്തറിലും മിനാ മേഖലയിലുമായി നടക്കുന്ന ആദ്യത്തെ എ-വൺ ഇന്റർനാഷനൽ ഹോർട്ടികൾചറൽ എക്സിബിഷൻ എന്നാണ് ദോഹ എക്സ്പോ 2023നെ വിശേഷിപ്പിക്കുന്നത്.
17 ലക്ഷം ചതുരശ്രമീറ്റർ വിസ്തൃതിയിൽ ഇന്റർനാഷനൽ സോൺ, ഫാമിലി സോൺ, കൾചറൽ സോൺ എന്നിങ്ങനെ മൂന്നായി വിഭജിച്ചാണ് വേദി തയാറാക്കിയിരിക്കുന്നത്. കൂടാതെ ആധുനിക കൃഷിരീതികൾ, സാങ്കേതികവിദ്യ, കാർഷികരംഗത്തെ നൂതനാശയങ്ങൾ, പരിസ്ഥിതി അവബോധം, സുസ്ഥിരത എന്നിവക്കായി പ്രത്യേക മേഖലകളും സജ്ജമാക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.