ദോഹ: ഖത്തറിൽ കോവിഡ് വാക്സിെൻറ രണ്ടാം ഡോസ് സ്വീകരിച്ച് ആറു മാസം പിന്നിട്ട എല്ലാവർക്കും ബൂസ്റ്റർ ഡോസ് സ്വീകരിക്കാമെന്ന് പൊതുജനാരോഗ്യ മന്ത്രാലയം അറിയിപ്പ്. കോവിഡ് പ്രതിരോധ കുത്തിവെപ്പിെൻറ രണ്ടാം ഡോസ് സ്വീകരിച്ച് ആറു മാസം പൂർത്തിയാക്കിയവർ ബൂസ്റ്റർ ഡോസ് സ്വീകരിച്ച് പ്രതിരോധ ശേഷി നിലനിർത്താമെന്നാണ് പുതിയ നിർദേശം. നേരത്തേ എട്ടുമാസമായിരുന്നു ബൂസ്റ്റർ ഡോസ് സ്വീകരിക്കാനുള്ള കാലയളവ്. ശാസ്ത്രീയ പഠനങ്ങളുടെയും കൂടുതൽ ക്ലിനിക്കൽ ഗവേഷണങ്ങളുടെയും അടിസ്ഥാനത്തിലാണ് വാക്സിനേഷെൻറ കാലയളവിൽ മാറ്റംവരുത്തുന്നതെന്ന് അധികൃതർ അറിയിച്ചു.
രണ്ടാം ഡോസ് സ്വീകരിച്ച് ആറു മാസം പിന്നിടുേമ്പാൾ തന്നെ അടുത്ത ഡോസ് കൂടി എടുക്കുന്നതോടെ കൊറോണ വൈറസിനെതിരെ ശരീരത്തിൽ പ്രതിരോധ ശേഷി നിലനിർത്താൻ കഴിയുമെന്നാണ് പഠനങ്ങൾ. പുതിയ നിർദേശ പ്രകാരം രണ്ടാം ഡോസ് സ്വീകരിച്ച് ആറു മാസം പൂർത്തിയാക്കിയവർ പ്രായംപരിഗണിക്കാതെ തന്നെ ബൂസ്റ്റർ ഡോസ് സ്വീകരിക്കാൻ യോഗ്യരായി മാറും. ഇവർക്ക് എത്രയും വേഗം വാക്സിൻ എടുത്ത് തുടങ്ങാമെന്ന് മന്ത്രാലയം വ്യക്തമാക്കി.
രണ്ട് ഡോസ് സ്വീകരിച്ച് ആറു മാസം കഴിയുേമ്പാൾ വ്യക്തികളിൽ പ്രതിരോധശേഷി കുറഞ്ഞു തുടങ്ങുന്നതായാണ് പഠനഫലങ്ങൾ നൽകുന്ന സൂചന. അത് കണക്കിലെടുത്താണ് ആരോഗ്യ മന്ത്രാലയം വാക്സിനേഷൻ നടപടികൾ കൂടുതൽ ഊർജിതമാക്കാൻ തീരുമാനിച്ചത്. സെപ്റ്റംബർ 15 മുതലാണ് ഖത്തറിൽ ബൂസ്റ്റർ ഡോസ് ആരംഭിച്ചത്. ആദ്യഘട്ടത്തിൽ ഗുരുതര അസുഖങ്ങൾക്ക് ചികിത്സയിൽ കഴിയുന്നവർ, 65 വയസ്സ് പിന്നിട്ടവർ, ആരോഗ്യ പ്രവർത്തകർ എന്നിവർക്കായിരുന്നു ബൂസ്റ്റർ ഡോസ് നൽകി തുടങ്ങിയത്. രണ്ടാഴ്ച കഴിയുേമ്പാഴേക്കും 50 വയസ്സ് പിന്നിട്ടവർക്കും ബൂസ്റ്റർ ഡോസ് നൽകി തുടങ്ങി. രണ്ടാം ഡോസ് എടുത്ത് എട്ടുമാസം പൂർത്തിയാക്കിയവർക്കായിരുന്നു ഇത്. അതിെൻറ തുടർച്ച എന്ന നിലയിലാണ് പ്രായം പരിഗണിക്കാതെ രണ്ടാം ഡോസിനുശേഷം ആറുമാസം പിന്നിട്ടവർക്കെല്ലാം വാക്സിൻ നൽകാൻ തീരുമാനമായത്.
കോവിഡിനെതിരെ വിജയകരമായി ചെറുത്തുനിൽക്കാൻ രാജ്യത്തിെൻറ വാക്സിനേഷൻ നടപടികൾകൊണ്ട് കഴിഞ്ഞതായി മന്ത്രലായം വിലയിരുത്തി. രോഗംബാധിച്ച് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെടുന്നതും മരണവും കാര്യമായ തോതിൽ കുറഞ്ഞിട്ടുണ്ട്. കഴിഞ്ഞ രണ്ടാഴ്ചയായി കേസുകളുടെ എണ്ണം കൂടുന്നുണ്ട്. വാക്സിൻ സ്വീകരിച്ചവരിലും രോഗം റിപ്പോർട്ട് ചെയ്യുന്നുണ്ട്. കോവിഡിനെതിരായ പോരാട്ടം അവസാനിച്ചിട്ടില്ലെന്ന് ഓർമപ്പെടുത്തുന്നതാണ് ഇത്തരം കേസുകൾ.
ലോകത്തിെൻറ പലഭാഗങ്ങളിലും കേസുകൾ സജീവമായി തുടരുന്നതിനാൽ ഖത്തറിൽ നിന്നും പുറത്തേക്ക് പോകാൻ ആഗ്രഹിക്കുന്നവർ അർഹരാണെങ്കിൽ ബൂസ്റ്റർ ഡോസ് എത്രയും വേഗം എടുക്കണമെന്ന് പൊതുജനാരോഗ്യ മന്ത്രാലയം വ്യക്തമാക്കി. രണ്ടാം ഡോസ് സ്വീകരിച്ച് ആറു മാസം പൂർത്തിയാക്കിയാൽ ബുക്ചെയ്ത് വാക്സിൻ എടുക്കാം. 12 മാസം തികയുന്നതിന് മുേമ്പ സ്വീകരിക്കണം.. 12 മാസത്തിനുള്ളിൽ ബൂസ്റ്റർ ഡോസ് സ്വീകരിച്ചില്ലെങ്കിൽ ഇഹ്തിറാസ് ആപ്ലിക്കേഷനിലെ വാക്സിനേഷൻ സ്റ്റാറ്റസ് നഷ്ടമാവും. രാജ്യത്തെ എല്ലാ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലും വാക്സിൻ ലഭ്യമാണെന്ന് അധികൃതർ അറിയിച്ചു. യോഗ്യരായവരെ പി.എച്ച്.സിയിൽ നിന്ന് നേരിട്ട് വിളിച്ച് അപ്പോയ്ൻമെൻറ് നൽകും. കാലാവധി പൂർത്തിയായിട്ടും ലഭിച്ചില്ലെങ്കിലും 40277077 നമ്പറിൽ വിളിച്ച് ഷെഡ്യൂൾ ചെയ്യാവുന്നതാണ്. പി.എച്ച്.സി.സിയുടെ മൊബൈൽ ആപ്ലിക്കേഷനായ 'നർആകും' വഴിയും അപ്പോയ്ൻമെൻറ് ഉറപ്പിക്കാം. അതേസമയം, അപ്പോയ്ൻമെൻറ് എടുക്കാതെ വാക്സിനായി കേന്ദ്രങ്ങളിൽ എത്തരുതെന്നും നിർദേശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.