ദോഹ: ഖത്തറിന് പുറത്തുനിന്ന് രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ചവർക്ക് ഇവിടെനിന്ന് ബൂസ്റ്റർ ഡോസ് സ്വീകരിക്കാമെന്ന് പൊതുജനാരോഗ്യ മന്ത്രാലയം. വിദേശ രാജ്യങ്ങളിൽനിന്ന് ആസ്ട്രസെനഗ (കോവിഷീൽഡ്) ഉൾപ്പെടെയുള്ള വാക്സിെൻറ രണ്ട് ഡോസും സ്വീകരിച്ചവർക്ക് ആറു മാസം തികഞ്ഞാൽ ബൂസ്റ്റർ ഡോസായി ഫൈസർ ബയോൻടെക് വാക്സിനോ മൊഡേണ വാക്സിനോ നൽകുമെന്ന് പൊതുജനാരോഗ്യ മന്ത്രാലയം വാക്സിനേഷൻ വിഭാഗം മേധാവി ഡോ. സുഹ അൽ ബയാത് അറിയിച്ചു. രണ്ട് തരം വാക്സിനുകൾ സ്വീകരിക്കുന്നത് ആരോഗ്യ പ്രശ്നങ്ങളുണ്ടാക്കുന്നില്ലെന്നും ഖത്തർ ടി.വിക്ക് നൽകിയ അഭിമുഖത്തിൽ അവർ വിശദീകരിച്ചു. ഖത്തറിന് പുറത്തുനിന്ന് വാക്സിൻ സ്വീകരിച്ചവർക്ക് ബൂസ്റ്റർ ഡോസ് നൽകുന്നത് സംബന്ധിച്ച് ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു അവർ.
സ്വന്തം രാജ്യത്തുനിന്ന് രണ്ട് ഡോസും സ്വീകരിച്ചവർക്ക് ഖത്തറിൽ ബൂസ്റ്റർ ഡോസ് നൽകാനുള്ള തീരുമാനം ഇന്ത്യക്കാർ ഉൾപ്പെടെയുള്ള പ്രവാസികൾക്ക് ആശ്വാസമാവും.
വാക്സിൻ സ്വീകരിച്ചവർക്ക് ലഭിച്ചുകൊണ്ടിരിക്കുന്ന ഇളവുകളും മുൻഗണനകളും ബൂസ്റ്റർ ഡോസ് സ്വീകരിക്കുന്നില്ലെങ്കിൽ മാറാൻ സാധ്യതയുണ്ടെന്ന് ഡോ. സോഹ പറഞ്ഞു. 'രണ്ട് ഡോസും സ്വീകരിച്ചവർക്ക് ഇളവുകളുടെ കാലാവധി 12 മാസമാണ്. എട്ട് മാസം കഴിയുേമ്പാഴേക്കും രോഗപ്രതിരോധ ശേഷി കുറയുമെന്നാണ് പഠനം. ബൂസ്റ്റർ ഡോസ് സ്വീകരിക്കുന്നതോടെ പ്രതിരോധശേഷി നിലനിർത്താൻ കഴിയും. രണ്ടാം ഡോസ് സ്വീകരിച്ച് ആറു മാസം തികഞ്ഞവർ ബൂസ്റ്റർ ഡോസിന് കാലതാമസം വരുത്തരുത്. സ്വന്തം ആരോഗ്യസുരക്ഷ ഉറപ്പാക്കുന്നതോടൊപ്പം അവരുടെ സമീപത്തുള്ളവരുടെയും ആരോഗ്യം സുരക്ഷിതമാക്കണം' -ഡോ. സോഹ വ്യക്തമാക്കി.
രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ച് ആറ് മാസം പിന്നിട്ടവർ ബൂസ്റ്റർ ഡോസ് സ്വീകരിക്കണമെന്ന് ആരോഗ്യമന്ത്രാലയം ഈയിടെ അറിയിച്ചിരുന്നു. നേരത്തെ എട്ട് മാസമായിരുന്നെങ്കിലും ഏറ്റവും പുതിയ ക്ലിനിക്കൽ പരിശോധനകൾ പ്രകാരം രണ്ടാം ഡോസിനും ബൂസ്റ്റർ ഡോസിനും ഇടയിലുള്ള സമയം അധികൃതർ കുറക്കുകയായിരുന്നു.
'ബൂസ്റ്റർ ഡോസ് സ്വീകരിക്കുന്നതിലൂടെ സ്വന്തം ആരോഗ്യത്തിനും മറ്റുള്ളവരുടെ ആരോഗ്യത്തിനുമാണ് സംരക്ഷണം നൽകുന്നത്. ലോകത്ത് പ്രത്യേകിച്ചും യൂറോപ്യൻ രാജ്യങ്ങളിൽ മഹാമാരിയുടെ നാലാം തരംഗം റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ ബൂസ്റ്റർ ഡോസ് സ്വീകരിക്കുന്നത് രോഗപ്രതിരോധശേഷി ഇരട്ടിയാക്കും' -അവർ പറഞ്ഞു.
ബൂസ്റ്റർ ഡോസ് സ്വീകരിക്കാതെ രാജ്യത്തിന് പുറത്തുപോയി തിരിച്ചുവരുന്നവർക്ക് വാക്സിൻ സ്വീകരിച്ചവർക്കുള്ള പ്രിവിലേജുകൾ ഉണ്ടാകുമെന്നും അവർ നേരത്തെ പ്രഖ്യാപിച്ച നടപടികൾക്കും പരിശോധനകൾക്കും വിധേയമാകണമെന്നും ഡോ. സുഹ അൽ ബയാത് ഓർമിപ്പിച്ചു. യാത്ര ചെയ്യാനുദ്ദേശിക്കുന്നവർ മൂന്നാം ഡോസ് സ്വീകരിക്കുന്നത് അത്യുത്തമമാണെന്നും അവർ കൂട്ടിച്ചേർത്തു. രണ്ട് ഡോസ് സ്വീകരിച്ച് ആറ് മാസങ്ങൾ പിന്നിട്ടവരിൽ രോഗപ്രതിരോധശേഷി കുറഞ്ഞുവരുന്നതായാണ് പുതിയ പഠനങ്ങൾ. ഇക്കാരണത്താലാണ് ബൂസ്റ്റർ ഡോസ് സ്വീകരിക്കാൻ നിർദേശം നൽകിയിരിക്കുന്നത്. ബൂസ്റ്റർ ഡോസ് സ്വീകരിക്കുന്നതുമൂലം സാരമായ പാർശ്വഫലങ്ങൾ ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ലെന്നും ഫസ്റ്റ്, സെക്കൻഡ് ഡോസുകൾക്ക് സമാനമായ വേദന, വാക്സിൻ സ്വീകരിച്ചഭാഗത്ത് വേദന തുടങ്ങിയ പാർശ്വഫലങ്ങൾ തന്നെയാണ് ബൂസ്റ്റർ ഡോസിലും ഉണ്ടാകുകയെന്നും ഡോ. സോഹ ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.