ദോഹ: ഹൈ റിസ്ക് വിഭാഗങ്ങളിലുള്ളവർക്ക് കോവിഡ് വാക്സിൻെറ മൂന്നാം ഡോസ് സെപ്റ്റംബർ 15 ബുധനാഴ്ച മുതൽ നൽകി തുടങ്ങാൻ ഖത്തർ ആരോഗ്യ മന്ത്രാലയത്തിൻെറ അനുമതി. ഗുരുതര രോഗങ്ങൾ കാരണം പ്രതിരോധ ശേഷി കുറഞ്ഞവർ, 65 വയസ്സ് പിന്നിട്ടവർ, ആരോഗ്യ പ്രവർത്തകർ തുടങ്ങി മുൻനിര വിഭാഗങ്ങൾക്കാവും ആദ്യ ഘട്ടത്തിൽ വാക്സിൻ നൽകി തുടങ്ങുന്നത്.
ഈ വിഭാഗങ്ങളിൽ പെടുന്നവർ രണ്ടാം ഡോസ് വാക്സിൻ സ്വീകരിച്ച് എട്ടു മാസം പിന്നിടുന്നതോടെ ബൂസ്റ്റർ ഡോസിന് അർഹരാവും. 12 മാസത്തിനുള്ളിൽ വാക്സിൻ സ്വീകരിക്കണമെന്ന് മന്ത്രാലയം നിർദേശിച്ചു.
ആരോഗ്യ പ്രവർത്തകർക്ക് പുറമെ കോവിഡിനെതിരായ പോരാട്ടം നയിക്കുന്ന മറ്റു വിഭാഗങ്ങൾക്കും ബൂസ്റ്റർ ഡോസ് നൽകും. ഫൈസർ, മൊഡോണ വാക്സിനുകൾ സ്വീകരിച്ചവർക്കാണ് അതേ മരുന്നിൻെറ തന്നെ മൂന്നാം ഡോസ് നൽകുന്നത്. വാക്സിൻ സ്വീകരിക്കാൻ അർഹതപ്പെട്ടവർക്ക് പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിൽ നിന്നും ബുക്കിങ് ലഭിക്കുന്നതിനനുസരിച്ച് ബൂസ്റ്റർ ഡോസ് സ്വീകരിക്കാം.
ഗുരുത രോഗങ്ങൾക്ക് ചിത്സയിലിരിക്കുന്നവർക്ക് മൂന്നാം ഡോസ് നൽകാനായിരുന്നു നേരത്തെയുള്ള തീരുമാനം. അർബുദ ബാധിതരായി ചികിത്സയിൽ കഴിയുന്നവർ, അവയവമാറ്റ ശസ്ത്രക്രിയ കഴിഞ്ഞവർ, രണ്ടു വർഷത്തിനുള്ളിൽ മൂലകോശ മാറ്റ ശസ്ത്രക്രിയക്ക് വിധേയരാവുകയും രോഗ പ്രതിരോധ ശേഷി കുറക്കുന്ന മരുന്നുകൾ ഉപയോഗിക്കുകയും ചെയ്യുന്നവർ, കിഡ്നി രോഗം ഗുരുതരമായി ചികിത്സയിൽ കഴിയുന്നവർ തുടങ്ങിയവരാണ് പ്രതിരോധ ശേഷി കുറഞ്ഞ വിഭാഗത്തിൽപെടുന്നത്. രാജ്യത്ത് സമ്പൂർണ വാക്സിനേഷൻ പദ്ധതി പൂർത്തിയാവുന്ന ഘട്ടത്തിലാണ് മൂന്നാം ഡോസിന് അനുമതി നൽകിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.