ദോഹ: ലോകകപ്പ് ഫുട്ബാൾ വേദികളിൽ ചിരപരിചിതനാണ് മുന്‍ ജർമൻ പരിശീലകൻ കൂടിയായ യുർഗൻ ക്ലിൻസ്മാൻ. കളിക്കാരനും പരിശീലകനുമായി ജർമനിക്കൊപ്പം ലോകകപ്പിൽ പങ്കാളിയായ താരം. 2014ൽ അമേരിക്കൻ ടീമിനൊപ്പം ലോകകപ്പിലെത്തി. ക്ലബിലും ദേശീയ ടീമിലുമായി പ്രഗത്ഭ ടീമുകളുടെ പരിശീലകനും കളിക്കാരനുമായി നിറഞ്ഞു നിന്ന ക്ലിൻസ്മാന് ഇത് തിരക്കുകളൊന്നുമില്ലാത്ത ലോകകപ്പാണ്. പരിശീലനവുമൊന്നുമില്ലാത്തതിനാൽ ഖത്തർ ലോകകപ്പിന് നല്ലൊരു കാഴ്ചക്കാരനും നിരീക്ഷകനുമാവാൻ ഒരുങ്ങുകയാണ് തന്ത്രങ്ങളും, ചടലുമായ നീക്കങ്ങളും കൊണ്ട് ഒരുകാലത്ത് ലോകഫുട്ബാളിന്‍റെ മുൻനിരയിലുണ്ടായ ക്ലിൻസ്മാൻ.
ഖത്തർ ലോകകപ്പിൽ ഓരോ ടീമിന്‍റെയും പ്രകടനത്തെ വിലയിരുത്തുന്ന ഇദ്ദേഹം ഇത്തവണ തെക്കനമേരിക്കൻ കരുത്തരായ അർജന്‍റീന, ബ്രസീൽ ടീമുകളുടെ ലോകകപ്പായി മാറുമെന്ന് പ്രവചിക്കുന്നു. വാഷിങ് ടൺ പോസ്റ്റിനു നൽകിയ അഭിമുഖത്തിലാണ് ക്ലിൻസ്മാൻ തന്‍റെ ലോകകപ്പ് ചിന്തകൾ പങ്കുവെച്ചത്.
നെയ്മറിന്‍റെ ബ്രസീലും, ലയണൽ മെസ്സിയുടെ അർജന്‍റീനയുമാവും ഖത്തറിലെ മുൻനിരക്കാർ എന്ന് അദ്ദേഹം പറയുന്നു. നിലവിലെ ചാമ്പ്യന്മാരായ കിലിയൻ എംബാപ്പെയുടെ ഫ്രാൻസും, ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ പോർചുഗലും ശക്തരാണെങ്കിലും കിരീട സാധ്യതയിൽ ഇവരില്ലെന്നും വ്യക്തമാക്കുന്നു. 'സ്പെയിനിനെ പോലെ കരുത്തരായ ഒരുപിടി യൂറോപ്യൻ രാജ്യങ്ങൾ ഖത്തറിലെത്തുന്നുണ്ട്.
അതേസമയം, ഇറ്റലിയുടെ അസാന്നിധ്യമാണ് എന്നെ അതിശയിപ്പിച്ചതും നിരാശപ്പെടുത്തിയതും. യോഗ്യത നേടിയിരുന്നെങ്കിലും കിരീട ഫേവറിറ്റുകൾ കൂടിയായിരുന്നു ഇറ്റലി. ഫ്രാൻസ് മികച്ച ടീമാണ്. പക്ഷേ, നിലവിലെ ചാമ്പ്യന്മാർ അടുത്ത തവണ കിരീടത്തിലെത്തില്ലെന്നത് ലോകകപ്പിന്‍റെ ഒരു ചരിത്രമാണ്. അത് ഇത്തവണവും ആവർത്തിക്കും. ഫ്രാൻസ് ഫൈനലിനുമുമ്പ് പുറത്താവും. പിന്നെയുള്ളത് ജർമനിയാണ്. നിലവിലെ തലമുറ താരങ്ങളുടെ പ്രകടനം സംബന്ധിച്ച് ഒരുപാട് ചോദ്യങ്ങളുയരുന്നുണ്ട്. അവർക്ക് മുന്നേറാൻ കഴിയും. പക്ഷേ, കിരീടത്തോളം അടുക്കാനാവില്ലെന്നാണ് എന്‍റെ പക്ഷം.
തെക്കനമേരിക്കൻ ടീമുകളെ ഞാൻ സൂക്ഷ്മമായി പിന്തുടരുന്നുണ്ട്. എന്‍റെ അഭിപ്രായത്തിൽ ബ്രസീലിനാണ് ഒന്നാം സ്ഥാനം. രണ്ടാമത് കിരീട സാധ്യത അർജന്‍റീനക്കാണ്' -2006 ജർമനി ലോകകപ്പിൽ ആതിഥേയ ടീമിന് തന്ത്രമോതിയ ക്ലിൻസ്മാൻ പറയുന്നു.
'അർജന്‍റീന ഒരു ലോകകിരീടത്തെ അത്രമാത്രം ആഗ്രഹിക്കുന്നുണ്ട്. ലയണൽ മെസ്സിയുടെ അവസാന ലോകകപ്പ് എന്ന നിലയിൽ വിജയത്തിന് അവർ സാധ്യമായരീതിയിലെല്ലാം പോരാടും. എന്നാൽ, കഴിഞ്ഞ ഏതാനും വർഷമായി ബ്രസീൽ ഫുട്ബാൾ ഏറെ മെച്ചപ്പെട്ടിട്ടുണ്ട്. ടിറ്റെയെന്ന ഒരു കോച്ചിനെ നിലനിർത്തി ടീം വളരെയധികം പക്വത നേടി ഏറെ മുന്നേറിയിട്ടുണ്ട്. ടീം കോച്ചിങ് റോളിൽ പ്രശ്നങ്ങളൊന്നുമില്ല. മികച്ച താരനിരയുമായി കളിക്കാരും സർവസജ്ജമാണ്' -ക്ലിൻസ്മാൻ പറഞ്ഞു. നവംബർ -ഡിസംബറിൽ നടക്കുന്ന ലോകകപ്പിൽ അർജന്‍റീന ഗ്രൂപ് 'സി'യിലും ബ്രസീൽ ഗ്രൂപ് 'ജി'യിലുമാണ് മത്സരിക്കുന്നത്. ഇരുവരും ഗ്രൂപ് ജേതാക്കളും ശേഷം നോക്കൗട്ടിലും മുന്നേറിയാൽ സെമിയിൽ അർജന്‍റീന-ബ്രസീൽ പോരാട്ടത്തിനാവും കാൽപന്ത് ലോകം സാക്ഷ്യം വഹിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.