ദോഹ: 2030ഓടെ രാജ്യത്തിന്റെ പൊതുഗതാഗത ബസ് സംവിധാനം പൂർണമായും വൈദ്യുതീകരിക്കാൻ ഗതാഗത മന്ത്രാലയം. ആറു വർഷത്തിനുള്ളിൽ നൂറുശതമാനവും വൈദ്യുതി ബസുകളാക്കി മാറ്റുന്നതിനുള്ള ശ്രമങ്ങളിലാണ് മന്ത്രാലയമെന്നും, നിലവിൽ 70 ശതമാനം ബസുകളും വൈദ്യുതീകരിച്ചതായും ഗതാഗത മന്ത്രാലയത്തിലെ ലാൻഡ് ട്രാൻസ്പോർട്ട് ലൈസൻസിങ് വിഭാഗം മേധാവി ഹമദ് അൽ മർറി പറഞ്ഞു.
ഊർജവും ഇന്ധനവും ലാഭിക്കുക, കാർബൺ പുറന്തള്ളൽ കുറക്കുക, ജീവിതനിലവാരം മെച്ചപ്പെടുത്തുക തുടങ്ങി നിരവധി നേട്ടങ്ങൾ ഇതിലൂടെ സാധ്യമായിക്കൊണ്ടിരിക്കുകയാണെന്നും ഹമദ് അൽ മർറി കൂട്ടിച്ചേർത്തു.ദോഹ എക്സ്പോയിൽ ബിസിനസ് ക്ലാസ് അഡ്വർടൈസിങ് ഗ്രൂപ് സംഘടിപ്പിച്ച ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഗതാഗതമേഖലയിലെ അടിസ്ഥാന സൗകര്യപദ്ധതികളും സേവനങ്ങളും വികസിപ്പിക്കാൻ വലിയ ശ്രമങ്ങൾ മന്ത്രാലയത്തിന്റെ ഭാഗത്തുനിന്നുണ്ടായിട്ടുണ്ടെന്നും അൽ മർറി പറഞ്ഞു. രാജ്യം ആഗോള ഗതാഗതമേഖലയുടെ ഭൂപടത്തിൽ മുൻനിര സ്ഥാനം നേടിയിരിക്കുകയാണെന്നും പരസ്പര ബന്ധിതവും സുസ്ഥിരവുമായ ഗതാഗത സംവിധാനമാണ് ഇതിന് കാരണമെന്നും അദ്ദേഹം വിശദീകരിച്ചു.
ചടങ്ങിൽ മുനിസിപ്പാലിറ്റി മന്ത്രി അബ്ദുല്ല ബിൻ ഹമദ് ബിൻ അബ്ദുല്ല അൽ അതിയ്യ ഖത്തറിലെ പരിസ്ഥിതി സുസ്ഥിരത, നേട്ടങ്ങളും വെല്ലുവിളികളും എന്ന പുസ്തകം പ്രകാശനം ചെയ്തു. പരിസ്ഥിതി, കാലാവസ്ഥ വ്യതിയാനവുമായി ബന്ധപ്പെട്ട ഖത്തറിന്റെ ദേശീയ തന്ത്രം, സുസ്ഥിര നഗരങ്ങൾ സാക്ഷ്യം വഹിക്കുന്ന വികസനം, മുനിസിപ്പാലിറ്റി മന്ത്രാലയത്തിന്റെയും പങ്കാളികളുടെയും ശ്രമങ്ങൾ എന്നിവ പ്രതിപാദിക്കുന്നതാണ് പുസ്തകം.
പാരിസ്ഥിതിക, സുസ്ഥിരതയുടെ ഏറ്റവും ഉയർന്ന നിലവാരം സൗകര്യങ്ങളിലും സേവനങ്ങളിലും പ്രയോഗിക്കുന്നതിലും പരിസ്ഥിതി സംരക്ഷണത്തിന് പ്രാധാന്യം നൽകുന്നതിലും മുൻപന്തിയിലെത്തിയ കമ്പനികളെയും ചടങ്ങിൽ ആദരിച്ചു.
റിയൽ എസ്റ്റേറ്റ് മേഖലയിൽ ബർവ റിയൽ എസ്റ്റേറ്റ്, കുടുംബ കമ്പനിക്ക് അൽ ഫർദാൻ ഗ്രൂപ്, മികച്ച ഹരിത സംരംഭത്തിനുള്ള പുരസ്കാരം അബ്ദുൽ ഗനി മോട്ടോർസ്, സമുദ്ര ഗതാഗത മേഖലയിലെ മികച്ച കമ്പനിയായി മവാനി ഖത്തർ, മികച്ച റീസൈക്ലിങ് പ്രോഗ്രാമിനുള്ള അവാർഡ് സുപ്രീം കമ്മിറ്റി ഫോർ ഡെലിവറി ആൻഡ് ലെഗസി എന്നിവർക്ക് സമ്മാനിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.