ദോഹ: എല്ലാവരും ബിരിയാണി കഴിച്ചും വിശ്രമിച്ചും സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കുമൊപ്പം സമയം ചെലവഴിച്ചും പെരുന്നാൾ ആഘോഷിക്കുമ്പോൾ മറ്റൊരു കൂട്ടം പ്രവാസികൾക്ക് ഇത് ഏറ്റവും തിരക്കേറിയ ദിനമാണ്. അവരിൽ ഒരു വിഭാഗമാണ് ഹോട്ടൽ ജീവനക്കാർ. മറ്റേത് ദിവസത്തേക്കാളും അന്ന് സജീവമാകണം. ആൾക്കൂട്ടത്തിനും പലതരം ബിരിയാണിക്കുമിടയിൽ ഓർഡർ എടുത്തും വിളമ്പിയും ഹോട്ടലിലെ ചുമരുകൾക്കുള്ളിൽ ഓടിയോടി പെരുന്നാൾ തീർക്കുന്നവർ. അവരുടെ പ്രതിനിധിയാണ് ദോഹ നജ്മയിൽ ഹോട്ടൽ ജീവനക്കാരനായ കോഴിക്കോട് നാദാപുരം സ്വദേശി യൂനുസ്.
12 വർഷമായി ഖത്തർ പ്രവാസിയായ യൂനുസിനും കൂട്ടുകാർക്കും പെരുന്നാൾ എങ്ങനെയെന്നു ചോദിച്ചാൽ 16-18 മണിക്കൂർ പണിയുള്ള ദിനമാണ്. ചിലർക്ക് 10 മണിക്കൂറിൽ ഒതുങ്ങും.
തലേദിവസത്തെ ഷിഫ്റ്റും കഴിഞ്ഞ് മുറിയിലെത്തി രാവിലെ ഈദ് നമസ്കാരത്തിനു പോകണം. പെരുന്നാളിനായി എടുത്ത പുതുവസ്ത്രമണിഞ്ഞ് പള്ളിയിലെത്തി നമസ്കാരവും കഴിഞ്ഞാൽ വെയ്റ്റർ യൂനിഫോം അണിഞ്ഞ് നേരെ ഹോട്ടലിലേക്ക്. അപ്പോഴേക്കും പള്ളി കഴിഞ്ഞെത്തുന്നവരുടെ തിരക്ക് തുടങ്ങിക്കാണും.
ചായയും കടികളുമായി അവർക്കൊപ്പം ഓടുന്ന മണിക്കൂറുകൾ. ആ തിരക്കൊന്ന് ഒഴിയുമ്പോഴേക്കും ഉച്ചയൂണിന്റെ സമയമാവും. ആവിപറക്കുന്ന ബിരിയാണിയും തേടി പെരുന്നാൾ ആഘോഷക്കാർ എത്തുമ്പോൾ തീന്മേശക്കും അടുക്കളക്കുമിടയിൽ ഓട്ടം തുടങ്ങും. ഓർഡർ എടുത്തും വിളമ്പിയും പെരുന്നാളുകാരെ സന്തോഷിപ്പിച്ച് കഴിയുമ്പോഴേക്കും ഉച്ച കഴിയും. പിന്നെ മുറിയിലെത്തി ഏതാനും മണിക്കൂർ വിശ്രമം. രാത്രി ഷിഫ്റ്റിൽ ജോലിയില്ലെങ്കിൽ സുഹൃത്തുക്കൾക്കൊപ്പം തങ്ങളുടെ പെരുന്നാൾ ആഘോഷിക്കാനായി പുറത്തിറങ്ങാം. ചിലയിടങ്ങളിൽ രാത്രികൂടി ജോലിചെയ്യുന്നവരുമുണ്ട്.
എന്തായാലും പെരുന്നാളിന് ഈ തിരക്കിനിടയിൽ ജോലി ചെയ്യുന്നത് സന്തോഷമാണെന്ന് യൂനുസ് പറയുന്നു. ശമ്പളത്തിനൊപ്പം, പെരുന്നാൾ അലവൻസ് കൂടി ലഭിക്കുന്നതോടെ ഇരട്ടി സന്തോഷമാവും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.