ദോഹ: തക്ബീർ മുഴക്കിയും, പുതുവസ്ത്രമണിഞ്ഞും, സ്നേഹാശംസകൾ പങ്കിട്ടും വിശ്വാസി സമൂഹത്തിൻെറ ചെറിയപെരുന്നാൾ ആഘോഷം. റമദാൻ വ്രതം 29 പൂർത്തിയാക്കിയതിനു പിന്നാലെയാണ് ഒമാൻ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങൾക്കൊപ്പം ഖത്തറിലെ പ്രവാസികളും സ്വദേശികളും വെള്ളിയാഴ്ച പെരുന്നാൾ ആഘോഷിച്ചത്.
രാത്രി നമസ്കാരങ്ങളും ഖുർആൻ പാരായണവുമായി ഒരുമാസക്കാലം പകൽ അന്നപാനീയമുപേക്ഷിച്ച് പ്രാർഥനാനിർഭരമായ വിശ്വാസികൾ ആഹ്ലാദാരവത്തോടെയാണ് പെരുന്നാൾ നമസ്കാരത്തിനായി എത്തിയത്. പള്ളികളും ഈദ് ഗാഹ് വേദികളും ഉൾപ്പെടെ രാജ്യത്തിൻെറ വിവിധ ഭാഗങ്ങളിലായി 590 പ്രാർഥനാ കേന്ദ്രങ്ങളാണ് ഇസ്ലാമിക മതകാര്യ മന്ത്രാലയമായ ഔഖാഫ് സജ്ജമാക്കിയത്.
രാവിലെ 5.21നായിരുന്ന നമസ്കാരം. നോമ്പ് കാലത്ത് നേടിയെടുത്ത ആത്മീയ ചൈതന്യം തുടർന്നുള്ള ജീവിതത്തിലും നിലനിർത്തണമെന്ന് ഖതീബുമാർ പെരുന്നാൾ പ്രഭാഷണത്തിൽ ആഹ്വാനം ചെയ്തു. ലോക മുസ്ലിംകളുടെ ഐക്യത്തിന് ആഹ്വാനം ചെയ്തും നന്മകൾക്കായി പ്രാർഥിച്ചുമാണ് പ്രഭാഷണങ്ങൾ നിർവഹിച്ചത്. ഹയ്യ സന്ദർശന വിസയിൽ പ്രവാസി മലയാളികൾ ഉൾപ്പെടെ നിരവധി പേർ ബന്ധുക്കളെയും സുഹൃത്തുക്കളെയും തങ്ങൾക്കൊപ്പം എത്തിച്ചതോടെ ചെറിയ പെരുന്നാൾ കുടുംബ സംഗമ വേദികൂടിയായി മാറി. കുടുംബ സമേതമെത്തി ഈദ് ഗാഹുകളിൽ പങ്കെടുത്തും, സൗഹൃദം പുതുക്കിയുമെല്ലാം പെരുന്നാളിനെ അവർ ആഘോഷമാക്കി മാറ്റി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.