ദോഹ: ശാന്തിനികേതന്‍ ഇന്ത്യൻ സ്കൂൾ അധ്യാപകര്‍ക്കായി ത്രിദിന പരിശീലന പരിപാടി സംഘടിപ്പിച്ചു. ആഗസ്റ്റ് 25 മുതൽ 27 വരെ നടന്ന പരിശീലന പരിപാടിയിൽ പാഠ്യ-പഠ്യേതര വിഷയങ്ങളെ അടിസ്ഥാനമാക്കി വിവിധ പ്രവർത്തനങ്ങൾ അവതരിപ്പിച്ചു. അധ്യാപന കാര്യക്ഷമത വർധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ഈ വർഷത്തെ പാഠ്യപദ്ധതി മാപ്പിങ്, അധ്യാപന രീതികൾ എന്നിവ ദേശീയ വിദ്യാഭ്യാസ നയത്തിനു (എൻ.ഇ.പി) അനുസൃതമായാണ് അവതരിപ്പിച്ചത്.
പ്രിൻസിപ്പൽ റഫീഖ് റഹിം സ്വാഗതം പറഞ്ഞു. സ്കൂൾ മാനേജ്മെന്റ് കമ്മിറ്റി വൈസ് പ്രസിഡന്റ് അൻവർ ഹുസൈൻ ഉദ്ഘാടനം ചെയ്തു. സീനിയർ ഓപറേഷൻസ് മാനേജർ അബ്ദുൽ ഹമീദ് പുതിയ സ്റ്റാഫ് അംഗങ്ങളെ പരിചയപ്പെടുത്തി. പാഠ്യപദ്ധതി മാപ്പിങ്ങിനെയും ഫലപ്രദമായ ആവിഷ്കരണത്തെയും കുറിച്ചുള്ള ചർച്ചകൾക്കായാണ് ബാക്കി ദിവസങ്ങൾ നീക്കിവെച്ചത്.
വിവിധ വിഭാഗങ്ങളായി നടന്ന ഈ സെഷനുകൾ വിദ്യാർഥികളുടെ ആവശ്യങ്ങൾ ഫലപ്രദമായി നിറവേറ്റുന്നതിനായി പാഠ്യപദ്ധതി ആസൂത്രണം ചെയ്യുന്നതിലും പരിഷ്കരിക്കുന്നതിലും ശ്രദ്ധ കേന്ദ്രീകരിച്ചു. ‘നോ ബാഗ് ഡേ’യുടെ മികച്ച പരിശീലനത്തെക്കുറിച്ചുള്ള അവതരണത്തോടെയാണ് രണ്ടാം ദിവസം ആരംഭിച്ചത്.
വിവിധ വിഭാഗങ്ങളിലെ അധ്യാപകർ ഈ സംരംഭത്തെ കുറിച്ച് പങ്കുവെച്ചു. ഇന്ത്യൻ ദേശീയ വിദ്യാഭ്യാസ നയം അനുശാസിക്കുന്ന തത്ത്വങ്ങൾക്ക് അനുസൃതമായി വിവിധ വിഷയങ്ങളുടെ അധ്യാപന രീതികളെക്കുറിച്ച് അക്കാദമിക് സൂപ്പർവൈസർമാരുടെയും സെക്ഷൻ ഇൻ-ചാർജുകളുടെയും നേതൃത്വത്തിൽ വിപുല ചർച്ചകൾ നടന്നു.
അവസാന ദിവസമായ ആഗസ്റ്റ് 29ന്, വിഷ്വൽ ആൻഡ് പെർഫോമിങ് ആർട്സ്, ലൈബ്രറി, സ്കൗട്ട് ആൻഡ് ഗൈഡുകൾ എന്നീ വിഷയങ്ങളുടെ വാർഷിക പാഠ്യപദ്ധതി ബന്ധപ്പെട്ട വകുപ്പ് മേധാവികൾ അവതരിപ്പിച്ചു.
സ്റ്റാഫ് അപ്രൈസൽ,പ്രഫഷനൽ എത്തിക്സ് എന്നീ വിഷയങ്ങളെ കുറിച്ച് പ്രിൻസിപ്പൽ റഫീഖ് റഹീം സംസാരിച്ചു. സ്കൂൾ മാനേജിങ് ഡയറക്ടർ കെ.സി. അബ്ദുൽ ലത്തീഫ് സമാപന പ്രഭാഷണം നടത്തി. വൈസ് പ്രിന്‍സിപ്പല്‍ ഡഡ്ലി ഓ’ കോണര്‍, സീനിയര്‍ ഹെഡ്ടീച്ചര് മെഹ്ജബീന്‍ ഹസ്സന്, സെക്കൻഡറി വിഭാഗം ഹെഡ് ടീച്ചര്‍ ബുഷറ എന്നിവർ വിവിധ വിഷയങ്ങളിൽ സംസാരിച്ചു. റീഡിങ് റാപ്ടേഴ്സ് ഡിജിറ്റല്‍ പഠനസംവിധാനത്തിന്റെ ഉദ്ഘാടനം മുക്ത ചതുര്‍വേദി നിർവഹിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.