കോ​ർ​ണി​ഷ്​ ട​ണ​ലി​ലെ പ​ടി​ക​ളും എ​സ്ക​ലേ​റ്റ​റും

കോർണിഷ് അണിഞ്ഞൊരുങ്ങുന്നു; നിർമാണം അവസാന ഘട്ടത്തിൽ

ദോഹ: ലോകകപ്പ് കാലത്ത് ഒഴുകിയെത്തുന്ന ദശലക്ഷം കാണികളുടെയും സഞ്ചാരികളുടെയും ആകർഷക കേന്ദ്രമായ ദോഹ കോർണിഷ് പുതുമോടിയോടെ ആരാധകരെ വരവേൽക്കാനൊരുങ്ങുന്നു.

ഗതാഗത നിയന്ത്രണമേർപ്പെടുത്തി നിർമാണ പ്രവർത്തനങ്ങൾ മുഴുവൻ ശേഷിയിലും പുരോഗമിക്കുകയാണിപ്പോൾ. വികസന പ്രവർത്തനങ്ങളുടെ 95 ശതമാനത്തോളം ജോലികൾ പൂർത്തിയായിക്കഴിഞ്ഞു. കാൽനടക്കാർക്കും സൈക്ലിങ്ങുകാർക്കുമായി നീക്കിവെച്ച നടപ്പാലം, മൂന്ന് തുരങ്കപാതകൾ എന്നിവ ഉടൻ തുറന്നു നൽകാൻ കഴിയുംവിധം നിർമാണം പുരോഗമിക്കുന്നതായി അധികൃതരെ ഉദ്ധരിച്ച് പ്രദേശിക പത്രമായ അൽറായ റിപ്പോർട്ട് ചെയ്തു.

അൽ ദഫ്ന ടണൽ, കോർണിഷ് സ്റ്റേഷൻ ടണൽ, വെസ്റ്റ്ബേ സ്റ്റേഷൻ ടണൽ എന്നിവയാണ് കാൽനടക്കാർക്കായി നിർമാണം പൂർത്തിയാവുന്നത്. പ്രായമായവർക്കും ഭിന്നശേഷിക്കാർക്കും യാത്രക്ക് നടക്കാനായി എലിവേറ്ററും എസ്കലേറ്ററും ഒരുക്കിയാണ് നിർമാണം നടക്കുന്നത്. സൈക്കിൾ പാതകൾ കോർണിഷ്, അൽബിദ പാർക്ക്, തിയറ്റർ പാർക്ക്, ഹസദ് ടവർ എന്നിവിടങ്ങളിലേക്കുള്ള യാത്ര സുഖമമാക്കുന്നതായിരിക്കും. മഴവെള്ളം ഒഴിഞ്ഞുപോകാനുള്ള വിപുലമായ ഡ്രെയിനേജ് ശൃംഖല, അഗ്നിശമന സംവിധാനങ്ങൾ, കടൽതീരത്തേക്ക് നീണ്ടുനിൽക്കുന്ന പച്ചപ്പ് എന്നിവയുമായി ഒരേസമയം കൂടുതൽപേരെ ഉൾക്കൊള്ളാൻ കഴിയുംവിധമാണ് നടപ്പാത നിർമാണം നടക്കുന്നത്. കടൽതീരത്തേക്ക് മുഖം തിരിഞ്ഞിരിക്കുന്ന നിലയിൽ രണ്ട് കഫേകൾകൂടി ചേർന്നതാണ് ഓരോ ടണലും.

സുപ്പർവൈസറി കമ്മിറ്റി ഓഫ് ബ്യൂട്ടിഫിക്കേഷൻ ഓഫ് റോഡ്സ് ആൻഡ് പബ്ലിക് സ്പേസസിനു കീഴിലാണ് ദോഹ കോർണിഷ് വികസന പദ്ധതി നടപ്പാക്കുന്നത്.

ദഫ്ന ടണലിന് എതിർവശത്തുള്ള ദഫ്ന സ്ക്വയർ പ്രോജക്ട് രണ്ട് കഫേകൾകൂടി ഉൾപ്പെടുന്നതാണ്. ഓരോന്നിനും 20 ചതുരശ്ര മീറ്റർ ആന്തരിക വിസ്തീർണവും 48 ചതുരശ്ര മീറ്റർ പുറംമുറ്റവും ഉൾപ്പെടുന്നതാണ് മേഖല.

നവംബർ-ഡിസംബർ മാസങ്ങളിലായി നടക്കുന്ന ലോകകപ്പിനായി എത്തുന്ന കാണികൾക്കായി വിവിധ പരിപാടികളാണ് കോർണിഷിനെയും അൽബിദ്ദ പാർക്കിനെയും കേന്ദ്രീകരിച്ച് തയാറാക്കുന്നത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.