ദോഹ: ഖത്തറിലെ കോവിഡ് വാക്സിൻ ബൂസ്റ്റർ ഡോസ് വിതരണത്തിന് വേഗം കൂട്ടാനുള്ള ശ്രമങ്ങളുടെ ഭാഗമായി ഉംസലാലിൽ പുതിയ കേന്ദ്രം ഉടൻ തുറക്കുമെന്ന് പൊതുജനാരോഗ്യ മന്ത്രാലയം. എല്ലാവർക്കും വാക്സിൻ ബൂസ്റ്റർ ഡോസ് എത്തിക്കുന്നതിെൻറ ഭാഗമായാണ് ഉംസലാലിൽ പുതിയ വാക്സിനേഷൻ കേന്ദ്രം തുറക്കുന്നതെന്ന് പൊതുജനാരോഗ്യ വിഭാഗം മേധാവി ഡോ. മുഹമ്മദ് ആൽഥാനി പറഞ്ഞു. പൗരന്മാർക്കും താമസക്കാർക്കും വാക്സിൻ നൽകുന്നതിൽ ഖത്തർ പ്രതിജ്ഞാബദ്ധമാണെന്നും രാജ്യത്തിെൻറ വാക്സിനേഷൻ നിരക്ക് ഉന്നതിയിലെത്തിയിരിക്കുകയാണെന്നും ഖത്തർ ടി.വിക്ക് നൽകിയ അഭിമുഖത്തിൽ ഡോ. മുഹമ്മദ് ആൽഥാനി വ്യക്തമാക്കി. ഇതുവരെ വാക്സിനെടുക്കാത്തവർ ഉടൻ വാക്സിനെടുക്കണമെന്നും വാക്സിനേഷൻ പ്രവർത്തനം ആരംഭിച്ചതിന് ശേഷം ഇതുവരെയായി പാർശ്വഫലങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
മുഴുവൻ ഹെൽത്ത് സെൻററുകൾക്കും പുറമേ, ഖത്തർ നാഷനൽ കൺവെൻഷൻ സെൻറർ, ഇൻഡസ്ട്രിയൽ ഏരിയയിലെ ലേബർ സിറ്റി എന്നിവിടങ്ങളിലായി വാക്സിനേഷനു വേണ്ടി മാത്രം പ്രത്യേകം കേന്ദ്രങ്ങൾ തുറന്നിരുന്നു. വാക്സിനേഷനടക്കം അത്യാധുനിക ചികിത്സ സംവിധാനങ്ങളുൾപ്പെടെ രാജ്യത്തെ 27 ഹെൽത്ത് സെൻററുകളും പ്രവർത്തന സജ്ജമാണെന്നും അദ്ദേഹം പറഞ്ഞു. കോവിഡ് രോഗവ്യാപ്തി ഉയർന്ന സാഹചര്യത്തിൽ കോവിഡ് രോഗികൾക്കായി മാത്രം പ്രത്യേകം ആശുപത്രികൾ ആരംഭിച്ചിരുന്നുവെന്നും ഹസം മിബൈരീക് ആശുപത്രി ഇതിൽ ഏറ്റവും വലിയ കേന്ദ്രമായിരുന്നുവെന്നും അദ്ദേഹം ഓർമിപ്പിച്ചു.
അതേസമയം, രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ച് ആറ് മാസം പിന്നിട്ടവർ ബൂസ്റ്റർ ഡോസ് സ്വീകരിക്കാൻ മുന്നോട്ടു വരണമെന്നും ബൂസ്റ്റർ ഡോസ് സമയം വൈകിപ്പിക്കരുതെന്നും ആരോഗ്യമന്ത്രാലയം ഈയിടെ പൊതുജനങ്ങളോടാവശ്യപ്പെട്ടിരുന്നു. ലോകത്തിൽ തന്നെ ഏറ്റവും മികച്ച വാക്സിനേഷൻ പ്രോഗ്രാമുകളിലൊന്ന് ഖത്തറിെൻറതായിരുന്നുവെന്നും സമൂഹത്തിെൻറ സുരക്ഷ ഉറപ്പാക്കുന്നതിൽ എല്ലാവരും ഒത്തൊരുമിച്ച് പ്രവർത്തിക്കേണ്ടത് അനിവാര്യമാണെന്നും യോഗ്യരായവർ ഉടൻ ബൂസ്റ്റർ ഡോസ് സ്വീകരിക്കുന്നതിനായി അപ്പോയിൻമെൻറ് എടുക്കണമെന്നും ആരോഗ്യ മന്ത്രാലയത്തിലെ വാക്സിനേഷൻ വിഭാഗം മേധാവി ഡോ. സുഹ അൽ ബയാത് വിഡിയോ സന്ദേശത്തിൽ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.