ദോഹ: തുടർച്ചയായ രോഗ വ്യാപന റിപ്പോർട്ടുകൾക്കു പിന്നാലെ രാജ്യത്തെ കോവിഡ് കണക്കുകൾ താഴ്ന്നു തുടങ്ങി. രോഗികളുടെ എണ്ണം കുറഞ്ഞതിനൊപ്പം, രോഗമുക്തിയിലും കാര്യമായ വർധനയുണ്ടായത് ആരോഗ്യ മേഖലക്ക് ആശ്വാസമായി. ശനിയാഴ്ച ഖത്തറിൽ 4,007 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. രോഗമുക്തരുടെ എണ്ണം 2018 ആയി ഉയർന്നു. ആദ്യമായാണ് ഇത്രയേറെ പേർ ഒരു ദിവസം രോഗമുക്തി നേടുന്നത്.
കഴിഞ്ഞ ഏതാനും ദിവസങ്ങളിലായി രോഗികളുടെ എണ്ണത്തിൽ ക്രമാതീതമായ കുറവ് രേഖപ്പെടുത്തുന്നുണ്ട്. ബുധനാഴ്ച 4206ഉം വ്യാഴാഴ്ച 4187ഉം വെള്ളിയാഴ്ച 4123ഉം ആയിരുന്നു കേസുകൾ. പുതിയ രോഗികളിൽ 339 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ. 613 പേർ വിദേശങ്ങളിൽനിന്നെത്തിയവരാണ്. 39,166 രോഗികളാണ് നിലവിൽ രാജ്യത്തുള്ളത്. ഒരു കോവിഡ് മരണം ശനിയാഴ്ച റിപ്പോർട്ട് ചെയ്തു. ഇതോടെ രാജ്യത്തെ ആകെ കോവിഡ് മരണങ്ങളുടെ എണ്ണം 624 ആയി. 38,722 പേരാണ് പരിശോധനക്ക് വിധേയരായത്. നിലവിൽ 633 പേരാണ് ആശുപത്രികളിൽ ചികിത്സയിലുള്ളത്. 100 പേർ ശനിയാഴ്ച പ്രവേശിക്കപ്പെട്ടതാണ്. തീവ്ര പരിചരണ വിഭാഗത്തിൽ 81 പേരുമുണ്ട്. ശനിയാഴ്ച 6,033 ഡോസ് വാക്സിൻ പുതുതായി നൽകി. ഇതുവരെ 54.09 ലക്ഷം ഡോസ് വാക്സിനാണ് രാജ്യത്ത് ആകെ കുത്തിവെച്ചത്.
പ്രോട്ടോകോൾ ലംഘനം; 1749 പേർക്കെതിരെ നടപടി
ദോഹ: കോവിഡ് വ്യാപനത്തിനിടെ പൊതുസ്ഥലങ്ങളിലെ പ്രോട്ടോകോൾ ലംഘനം തടയുന്നതിെൻറ ഭാഗമായി അധികൃതർ പരിശോധന സജീവമാക്കി. മാസ്ക് അണിയാത്തതിനും സാമൂഹിക അകലം പാലിക്കാത്തതിനുമായി 1749 പേർക്കെതിരെ കഴിഞ്ഞ ദിവസം നടപടി സ്വീകരിച്ചു. മാസ്ക് ധരിക്കാത്തതിനാണ് 898 പേർക്കെതിരെ നടപടിയെടുത്തത്. 831 പേർ സാമൂഹിക അകലം പാലിച്ചുമില്ല. 20 പേർക്കെതിരെ ഇഹ്തിറാസ് ആപ്ലിക്കേഷൻ ഇല്ലാത്തതിനാണ് നടപടി. കോവിഡ് മൂന്നാം തരംഗം സജീവമാവുകയും കേസുകൾ ഉയരുകയും ചെയ്ത പശ്ചാത്തലത്തിൽ രാജ്യത്തിെൻറ വിവിധ ഭാഗങ്ങളിൽ പരിശോധന സജീവമാണ്. മാസ്ക് ശരിയായി ധരിക്കാതെ, മൂക്കിനു താഴെയായി വെക്കുന്നവർക്കും കഴിഞ്ഞ ദിവസങ്ങളിൽ ചാർജ് ചെയ്തിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.