ദോഹ: കോവിഡിന്റെ ഏറ്റവും പുതിയ വകഭേദമായ ‘ഇ.ജി 5’ ഖത്തറിൽ റിപ്പോർട്ട് ചെയ്തതായി ആരോഗ്യ മന്ത്രാലയം സ്ഥിരീകരിച്ചു. എന്നാൽ റിപ്പോർട്ട് ചെയ്ത കേസുകൾ നിസ്സാരമാണെന്നും, ആശുപത്രി പ്രവേശനം ആവശ്യമില്ലെന്നും മന്ത്രാലയം അറിയിപ്പിൽ വ്യക്തമാക്കി. അമേരിക്ക, ബ്രിട്ടൻ ഉൾപ്പെടെ 50ലേറെ രാജ്യങ്ങളിൽ ഇതിനകം റിപ്പോർട്ടു ചെയ്ത ഇ.ജി 5 രാജ്യത്തും സ്ഥിരീകരിച്ച സാഹചര്യത്തിൽ പകർച്ചവ്യാധിക്കുള്ള സാധ്യത സൂക്ഷ്മമായി നിരീക്ഷിച്ചുവരുകയാണ്.
ആഗസ്റ്റ് ആദ്യ വാരത്തിലാണ് ലോകാരോഗ്യ സംഘടന കോവിഡിന്റെ പുതു വകഭേദമായി ഇ.ജി ഫൈവ് റിപ്പോർട്ട് ചെയ്തത്. ഗൾഫ് രാജ്യങ്ങൾ ഉൾപ്പെടെ 50ലേറെ രാജ്യങ്ങളിൽ ജനിതകമാറ്റം സംഭവിച്ച ഈ വൈറസിന്റെ സാന്നിധ്യമുണ്ടെന്ന് അറിയിച്ചിരുന്നു. ഇ.ജി 5ന് പുറമെ, ബി.എ 2.86 വകഭേദവും ഇതിനിടയിൽ അമേരിക്ക, ഇംഗ്ലണ്ട്, ഡെന്മാർക് ഉൾപ്പെടെ രാജ്യങ്ങളിൽ സ്ഥിരീകരിച്ചിരുന്നു. മുൻ വൈറസിൽനിന്ന് വ്യത്യസ്തമായ ഒന്നിലധികം ജനിതക വ്യതിയാനങ്ങൾ അടങ്ങിയിരിക്കുന്നതിനാൽ ഈ വകഭേദം പ്രധാനമാണ്. അതേസമയം, റിപ്പോർട്ട് ചെയ്ത കേസുകളിൽ വ്യാപനം വർധിക്കുന്നതിനോ രോഗികളുടെ ആശുപത്രി പ്രവേശനമോ ആവശ്യമായി വന്നിട്ടില്ല. അതേസമയം, ഇതുസംബന്ധിച്ച് കൂടുതൽ വിശകലനങ്ങൾ നടക്കുകയാണെന്ന് ലോകാരോഗ്യ സംഘടനയെ ഉദ്ധരിച്ച് പൊതുജനാരോഗ്യ മന്ത്രാലയം പുറത്തുവിട്ട പ്രസ്താവനയിൽ അറിയിച്ചു.
പുതിയ രണ്ട് വകഭേദങ്ങളുടെയും സാംപിളുകളും രജിസ്റ്റർ ചെയ്ത കേസുകളും ആരോഗ്യ വിദഗ്ധർ നിരന്തരം നിരീക്ഷിക്കുകയാണ്. റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ ഗുരുതര ആരോഗ്യ പ്രശ്നങ്ങളുള്ളവർ ജനത്തിരക്കേറിയ സ്ഥലങ്ങളിൽ മാസ്ക് ധരിക്കുക, കൈകൾ പതിവായി വൃത്തിയാക്കുക, സുരക്ഷിതമായ അകലം പാലിക്കുക തുടങ്ങിയ മുൻകരുതലുകൾ സ്വീകരിക്കണമെന്ന് നിർദേശിച്ചു. കോവിഡ് ലക്ഷണങ്ങൾ പ്രകടിപ്പിക്കുന്നവർ മുൻകരുതലുകൾ സ്വീകരിക്കുകയും ചികിത്സ തേടുകയും ചെയ്യേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.