ദോഹ: രാജ്യത്തെ സർക്കാർ–സ്വകാര്യ സ്കൂളുകളിലെ 98 ശതമാനത്തിലധികം ജീവനക്കാർക്കും അധ്യാപകർക്കും കോവിഡ്–19 നെഗറ്റിവെന്ന് പൊതുജനാരോഗ്യ മന്ത്രാലയം അറിയിച്ചു. സ്കൂളുകൾ തുറക്കുന്നതിന് മുമ്പായി എല്ലാ ജീവനക്കാരെയും അധ്യാപകരെയും കോവിഡ്–19 പരിശോധനക്ക് വിധേയമാക്കിയെന്നും മന്ത്രാലയം വ്യക്തമാക്കി.
ജൂൺ ആരംഭം മുതൽ രാജ്യത്തെ കോവിഡ് കേസുകൾ കുറഞ്ഞുവരുകയാണ്. ഒരേ കുടുംബത്തിലാണ് കഴിഞ്ഞ കുറെ നാളുകളിലായി രോഗവ്യാപനം കണ്ടെത്തുന്നത്. കുടുംബാംഗങ്ങളിലെ ഒരാൾക്ക് രോഗബാധയുണ്ടായതാണ് ഇതിന് കാരണമെന്നും കോവിഡ്–19 ദേശീയ സ്ട്രാറ്റജിക് ഗ്രൂപ് ചെയർമാൻ ഡോ. അബ്ദുല്ലത്തീഫ് അൽ ഖാൽ വാർത്തസമ്മേളനത്തിൽ പറഞ്ഞു. നൂറിലധികം വരുന്നവർ കൂടിച്ചേരുന്നതും വലിയ കുടുംബ സംഗമങ്ങളും കൂടുതൽ അപകടം വരുത്തിയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
കോവിഡ്–19 പ്രതിരോധ വാക്സിൻ എത്തുന്നതോടെ രാജ്യം സാധാരണ ജീവിതത്തിലേക്ക് എത്തും. വാക്സിൻ എത്തിയാലുടൻ സമൂഹത്തിലെ എല്ലാവർക്കും ലഭ്യമാക്കാനുള്ള നടപടികൾ സ്വീകരിക്കുമെന്നും ഡോ. അൽ ഖാൽ അറിയിച്ചു.
കോവിഡ് മുൻകരുതലുകൾ സ്വീകരിക്കുന്നതിൽ സ്വദേശികളും വിദേശികളും ഒരു വീഴ്ചയും വരുത്തരുത്. കൂടുതൽ ജാഗ്രത പുലർത്തേണ്ട ഘട്ടമാണിതെന്നും അദ്ദേഹം ഓർമിപ്പിച്ചു. രാജ്യത്ത് കോവിഡ്–19ൻെറ രണ്ടാം വരവിൻെറ സൂചനകൾ ഇതുവരെയില്ല. എന്നിരുന്നാലും ഇത് ഏറ്റവും അപകടകാരിയായി ഇപ്പോഴും നമുക്കിടയിലുണ്ട്. നിയന്ത്രണങ്ങൾ പിൻവലിക്കുന്നത് വൈറസ് അപ്രത്യക്ഷമായതിനാലല്ലെന്നും അശ്രദ്ധരാകരുതെന്നും ജാഗ്രത അനിവാര്യമാണെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.