ദോഹ: കോവിഡ് മഹാമാരി പൊട്ടിപ്പുറപ്പെട്ടതിന്റെ തുടക്കം മുതൽ ഉയർന്ന വെല്ലുവിളികളെ നേരിടാൻ രാജ്യത്തിനായെന്നും കോവിഡ് മഹാമാരി സൂചകങ്ങളിൽ ലോകത്തിലെ മുൻനിര രാജ്യങ്ങളിലൊന്നായെന്നും പൊതുജനാരോഗ്യ മന്ത്രി ഡോ. ഹനാൻ മുഹമ്മദ് അൽ കുവാരി.
കോവിഡുമായി ബന്ധപ്പെട്ട ആഗോള ആരോഗ്യ അടിയന്തരാവസ്ഥ പിൻവലിച്ചതായി ഐക്യരാഷ്ട്രസഭ ഏജൻസിയായ ലോകാരോഗ്യ സംഘടന കഴിഞ്ഞ വെള്ളിയാഴ്ച പ്രഖ്യാപിച്ചതിന് പിന്നാലെ ഖത്തർ വാർത്താ ഏജൻസിയോട് സംസാരിക്കുകയായിരുന്നു മന്ത്രി.
പ്രതിസന്ധി ഘട്ടത്തിൽ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിയുടെ നേതൃത്വത്തിൽ നടത്തിയ അടിയന്തര ഇടപെടലുകളെ പ്രശംസിച്ച ഡോ. ഹനാൻ അൽ കുവാരി, മഹാമാരിയോടുള്ള ഖത്തറിന്റെ വിജയകരമായ ചെറുത്തുനിൽപ്പിനെ പ്രത്യേകം എടുത്തു പറഞ്ഞു.
പൊതുജനാരോഗ്യ മന്ത്രാലയമുൾപ്പെടെ രാജ്യത്തെ എല്ലാ സർക്കാർ സ്ഥാപനങ്ങളും പങ്കാളികളും സമൂഹമൊന്നടങ്കവും കോവിഡ് ഉയർത്തിയ വെല്ലുവിളികളെ ഒരുമിച്ച് നേരിട്ടതായും പ്രതിസന്ധിയുടെ നാളുകളിൽ രാജ്യം ഒരു ടീമായി പ്രവർത്തിച്ചെന്നും അവർ ചൂണ്ടിക്കാട്ടി.
രാജ്യത്തെ എല്ലാ മേഖലകളുടെയും സഹകരണത്തോടെയും പങ്കാളിത്തത്തോടെയുമാണ് ഇത് സാധ്യമായത്. ഉയർന്ന പ്രഫഷനലിസത്തോടെയും കാര്യക്ഷമതയോടെയും ഈ ആഗോള പ്രതിസന്ധിയെ മറികടക്കാൻ ഖത്തറിന് കഴിഞ്ഞു -ഡോ. അൽ കുവാരി പറഞ്ഞു.
മഹാമാരിയുടെ അവസാനഘട്ടത്തിൽ അതുയർത്തിയ വെല്ലുവിളികൾക്കിടയിലും ഖത്തറും ജനതയും കൂടുതൽ ശക്തരും പ്രതിരോധശേഷിയുള്ളവരുമായെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി.
ലോകത്തിലെ കുറഞ്ഞ കോവിഡ് മരണനിരക്കുള്ള രാജ്യങ്ങളിലൊന്ന് ഖത്തറാണ്. കോവിഡ് രോഗികൾക്ക് നൽകുന്ന മികച്ച ചികിത്സയിൽ ലോകത്തിലെ മുൻനിര രാജ്യങ്ങളിലൊന്നായ ഖത്തർ, ഉയർന്ന വാക്സിനേഷൻ നിരക്കിലും മുന്നിലെത്തി -കോവിഡ് സൂചകങ്ങളിലെ ഖത്തറിന്റെ നേട്ടങ്ങളുമായി ബന്ധപ്പെട്ട് അവർ വിശദീകരിച്ചു.
കഴിഞ്ഞ 12 മാസത്തിനിടെ കോവിഡ് മഹാമാരിയുമായി ബന്ധപ്പെട്ട മരണനിരക്കിൽ ഗണ്യമായ കുറവ് രേഖപ്പെടുത്തിയതിനെ തുടർന്നാണ് ഈ ആഴ്ച ആദ്യത്തിൽ ലോകാരോഗ്യ സംഘടന കോവിഡ് നിയന്ത്രണങ്ങളിൽ ഇളവ് വരുത്തി ആരോഗ്യ അടിയന്തരാവസ്ഥ പിൻവലിച്ചത്. ലോകാരോഗ്യ സംഘടനയുടെ കണക്കുകൾ പ്രകാരം 2020 ജനുവരി മൂന്ന് മുതൽ 2023 മെയ് മൂന്നു വരെ ഖത്തറിൽ 506,323 കോവിഡ് കേസാണ് സ്ഥിരീകരിച്ചത്. ഇക്കാലയളവിൽ 690 മരണവും രേഖപ്പെടുത്തി. ഈ വർഷം ഏപ്രിൽ 29 വരെ 7608,981 ഡോസ് വാക്സിനും ഖത്തർ വിതരണം ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.