ദോഹ: പ്രതിദിന കോവിഡ് കേസുകൾ റെക്കോഡ് വേഗത്തിൽ കുതിക്കുന്നതിനിടെ, ഏത് അടിയന്തര സാഹചര്യവും നേരിടാൻ സജ്ജമായി ആരോഗ്യമന്ത്രാലയം. കൂടുതൽ രോഗികൾക്ക് ആശുപത്രി ചികിത്സ ആവശ്യമായി വന്നാൽ ലഭ്യമാക്കാനായി കിടക്കകൾ ഉൾപ്പെടെ എല്ലാ കരുതൽ ശേഖരവും സജ്ജമാണെന്ന് ഹമദ് മെഡിക്കൽ കോർപറേഷൻ ഇന്റേണൽ മെഡിസിൻ വിഭാഗം ചെയർമാൻ ഡോ. അഹമ്മദ് അൽ മുഹമ്മദ് അറിയിച്ചു. ഖത്തർ ടി.വിക്ക് നൽകിയ അഭിമുഖത്തിലായിരുന്നു ഇക്കാര്യം വ്യക്തമാക്കിയത്. കമ്യൂണിക്കബ്ൾ ഡിസീസ് സെന്റർ (സി.ഡി.സി), ക്യൂബൻ ആശുപത്രി, ഹസം മിബൈരിക് ജനറൽ ആശുപത്രി എന്നിവയാണ് കോവിഡ് പരിശോധന കേന്ദ്രങ്ങളായി മാറ്റിയത്. വിശാലമായ ഐ.സി.യു സൗകര്യത്തോടെയാണ് ആശുപത്രി ഒരുക്കിയത്. ആശുപത്രികൾക്കാവശ്യമായ എല്ലാ സജ്ജീകരണങ്ങളും ഒരുക്കിയിട്ടുണ്ട്. ഭാവിയിൽ ആവശ്യമെങ്കിൽ വിപുലീകരിക്കുന്നതിനുള്ള നിരവധി പദ്ധതികളും തയാറാക്കിയിട്ടുണ്ടെന്നും അവർ വ്യക്തമാക്കി.
വാക്സിൻ സ്വീകരിക്കാൻ അർഹരല്ലാത്ത കുട്ടികൾക്കിടയിൽ മൂന്നാം തരംഗത്തിൽ കോവിഡ് വ്യാപനം സജീവമാകുന്നുണ്ട്. ഗർഭിണികളായ സ്ത്രീകളിലും മുൻതരംഗങ്ങളേക്കാൾ ഇത്തവണ കോവിഡ് വ്യാപനം സജീവമാവുന്നത് ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. സമ്പർക്കത്തിലൂടെയുള്ള രോഗവ്യാപനവും കൂടുതലാണ്. അടിയന്തര സാഹചര്യങ്ങൾ നേരിടാനും കൂടുതൽ രോഗികൾക്ക് ആശുപത്രി ചികിത്സ ആവശ്യമായി വന്നാൽ സൗകര്യങ്ങൾ ഒരുക്കാനും തയാറാണെന്ന് അദ്ദേഹം വ്യക്തമാക്കി. കുട്ടികളിൽ കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തതിനു പിന്നാലെ, മുൻ തരംഗങ്ങളിൽനിന്ന് വ്യത്യസ്തമായി പ്രത്യേക കോവിഡ് ആശുപത്രി സജ്ജീകരിച്ചിട്ടുണ്ട്. അൽ വക്റ ആശുപത്രിക്കുകീഴിൽ അൽ മഹ സെന്ററിൽ 50 കിടക്കകളോടെയാണ് കുട്ടികൾക്കുള്ള കോവിഡ് ആശുപത്രി. 24 മെഡിക്കൽ ഒബ്സർവേഷൻ ബെഡുകൾ, നാല് ഐ.സി.യു കിടക്കകൾ എന്നിവ ഉൾപ്പെടെയാണ് കുട്ടികളുടെ ആശുപത്രിയെന്നും അദ്ദേഹം പറഞ്ഞു.
ആവശ്യമെങ്കിൽ ഇവിടെ കിടക്കകളുടെ ശേഷി 140ലേക്ക് ഉയർത്താനും സൗകര്യമുണ്ട്. ഏറ്റവും ആധുനികമായ അടിസ്ഥാന സൗകര്യങ്ങളും കൂടുതൽ ഐ.സി.യുകളുമായാണ് ഹസം മിബൈരിക് ജനറൽ ആശുപത്രി കോവിഡ് കേന്ദ്രമായി സജ്ജീകരിച്ചത്. ക്യൂബൻ ആശുപത്രിയിലാണ് വനിതകൾക്കായി ചികിത്സാസൗകര്യം ഒരുക്കിയത്. ആശുപത്രിയിൽ പ്രവേശിക്കപ്പെടുന്നവർക്ക്, പ്രായ വ്യത്യാസമില്ലാതെ ചികിത്സാസൗകര്യവും കിടക്കകളും ഒരുക്കുകയാണ് ലക്ഷ്യം. ഏത് സാഹചര്യത്തിലും അപ്രതീക്ഷിത മാറ്റങ്ങൾ നേരിടാനും രോഗവ്യാപനം കൂടുകയാണെങ്കിൽ അതിനനുസരിച്ചും ആരോഗ്യമേഖലയും ആശുപത്രികളും സജ്ജമാണ് -ഡോ. അഹമ്മദ് അൽ മുഹമ്മദ് പറഞ്ഞു. നേരത്തെ കോവിഡ് ആശുപത്രിയായി സേവനം ചെയ്ത മിസൈമീദ് ആശുപത്രി, റാസ് ലഫാൻ ആശുപത്രി, അൽ വക്റ ആശുപത്രി എന്നീ കേന്ദ്രങ്ങൾ അടിയന്തര ഘട്ടങ്ങളിൽ കോവിഡ് സെന്ററുകളാക്കി മാറ്റാൻ തയാറാണെന്നും അധികൃതർ അറിയിച്ചു. നിലവിൽ 31,713 രോഗികളാണ് ഖത്തറിലുള്ളത്. ആശുപത്രികളിൽ 566 പേരും ഐ.സിയുകളിൽ 60 പേരും നിലവിൽ ചികിത്സയിലുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.