ദോഹ: കടലോളങ്ങളിലെ സഞ്ചരിക്കുന്ന കൊട്ടാരമെന്നറിയപ്പെടുന്ന അത്യാഡംബര ക്രൂയിസ് കപ്പലായ എം.എസ്.സി വിർടോസ ദോഹ തുറമുഖത്ത് നങ്കൂരമിട്ടു. ഖത്തർ ടൂറിസവും മവാനി ഖത്തറും സംയുക്തമായി നടത്തുന്ന ക്രൂയിസ് സീസണിൽ ഈ വർഷത്തെ അഞ്ചാം വരവാണ് വിർടോസയുടേത്. മെയിൻ ഷിഫ് സിക്സ് ആദ്യമായി ഖത്തറിലെത്തിയതിന്റെ തൊട്ടടുത്ത ദിവസം തന്നെയാണ് 4000ത്തിലധികം യാത്രക്കാരുമായി വിർടോസയും എത്തിയിരിക്കുന്നത്. 4245 യാത്രക്കാരും ക്രൂ അംഗങ്ങളുമായി കപ്പൽ ദോഹ തുറമുഖത്ത് നങ്കൂരമിട്ടതായി മവാനി ഖത്തർ ട്വീറ്റ് ചെയ്തു. എം.എസ്.സിയുടെ കപ്പൽ നിരയിലെ ഏറ്റവും പുതിയ കപ്പലായ വിർടോസക്ക് 331 മീറ്റർ നീളമുണ്ട്. 52 മീറ്റർ ഉയരത്തിൽ ബീമുള്ള കപ്പലിന് മണിക്കൂറിൽ 25.5 മൈലാണ് വേഗം.മാർച്ച് 2022 വരെ അറേബ്യൻ കടലിൽ സഞ്ചരിക്കുന്ന വിർടോസക്ക് ഒരേസമയം 6334 യാത്രക്കാരെയും 1704 ക്രൂ അംഗങ്ങളെയും വഹിക്കാൻ ശേഷിയുണ്ട്. 2022 ഏപ്രിൽ വരെയാണ് ഈ വർഷത്തെ ക്രൂയിസ് സീസൺ. 76 കപ്പലുകളിൽ 56 ട്രിപ്പുകളാണ് ഈ സീസണിൽ പ്രതീക്ഷിക്കുന്നത്.
2030ഓടെ 60 ലക്ഷം സന്ദർശകരെയാണ് ഖത്തർ ടൂറിസം പ്രതീക്ഷിക്കുന്നത്. കോവിഡിൽ നിന്നും സാധാരണ ജീവിതത്തിലേക്ക് മടങ്ങുന്നതിന്റെ ഭാഗമായി ഖത്തർ വിനോദസഞ്ചാര മേഖലയെ പ്രചരിപ്പിക്കുന്നതിന്റെ ഭാഗമായി ഖത്തർ ടൂറിസം പുതിയ ഇൻറർനാഷനൽ മൾട്ടി മീഡിയ കാമ്പയിന് തുടക്കം കുറിച്ചിരുന്നു. 2028ഓടെ വിനോദസഞ്ചാര മേഖലയിൽനിന്നും ഖത്തർ ജി.ഡി.പിയിൽ 200 ബില്യൺ റിയാലിന്റെ വരുമാനമുണ്ടാകുമെന്ന് സ്റ്റാറ്റിസ്റ്റ ഡോട്ട് കോം റിപ്പോർട്ട് ചെയ്യുന്നു. പൊതു-സ്വകാര്യ പങ്കാളിത്തത്തോടെ നടപ്പാക്കുന്ന ക്രൂയിസ് സീസൺ കോവിഡ് മഹാമാരിക്ക് മുമ്പായി വളർച്ചയുടെ പാതയിലായിരുന്നു. 2019-2020 സീസണിൽ മാത്രം രണ്ട് ലക്ഷത്തിലധികം സന്ദർശകരാണ് ക്രൂയിസ് സീസണിലെത്തിയത്. 2018-2019 സീസണിൽനിന്നും 121 ശതമാനം വളർച്ചയാണ് തൊട്ടടുത്ത സീസണിൽ രേഖപ്പെടുത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.