ദോഹ: ഖത്തർ ദേശീയ ദിന പരിപാടികളുടെ പ്രധാന കേന്ദ്രമായ ദർബ് അൽ സാഇയിൽ ആഘോഷങ്ങൾക്ക് ഡിസംബർ 10ന് കൊടിയേറും. ദേശീയ ദിനമായ ഡിസംബർ 18 വരെ നീണ്ടുനിൽക്കുന്നതാണ് ദർബ് അൽ സാഇയിലെ സ്ഥിരം വേദികളിലെ ആഘോഷങ്ങൾ. ദിവസവും വൈകീട്ട് മൂന്ന് മുതൽ രാത്രി 11 വരെ വിപുലമായ പരിപാടികളാണ് ആസൂത്രണം ചെയ്തിരിക്കുന്നതെന്ന് സാംസ്കാരിക മന്ത്രാലയം അറിയിച്ചു.
ഉം സലാലിലെ ദർബ് അൽ സാഇയാണ് കഴിഞ്ഞ ഏതാനും വർഷങ്ങളായി ഖത്തറിന്റെ ദേശീയ ദിന പരിപാടികളുടെ പ്രധാന കേന്ദ്രം. ഖത്തറിന്റെ സാംസ്കാരിക തനിമയും പൈതൃകവും വിളിച്ചോതുന്ന കലാപരിപാടികളും പ്രദർശനങ്ങളും മുതൽ വിവിധ ഷോകൾ, ശിൽപശാലകൾ, വിദ്യാഭ്യാസ പരിപാടികളും മത്സരങ്ങളും തുടങ്ങിയവയുമായി നിറപ്പകിട്ടാർന്ന ദേശീയ ദിന ഉത്സവത്തിനാണ് ഇത്തവണ ദർബ് അൽ സാഇ ഒരുങ്ങുന്നത്. കുട്ടികൾക്കും സ്ത്രീകൾക്കും മുതിർന്നവർക്കുമെല്ലാം ആഘോഷിക്കാനുള്ള വൈവിധ്യങ്ങളും ദർബ് അൽസാഇ ഒരുക്കും. കരകൗശല നിർമാണങ്ങളും പ്രദർശനങ്ങളും വിനോദ പരിപാടികളും ശ്രദ്ധേയമാണ്.
ദേശീയ ദിനത്തോടനുബന്ധിച്ച് രാജ്യത്തിന്റെ സമ്പന്നമായ സാംസ്കാരിക പൈതൃകവും പാരമ്പര്യവും തലമുറകളിലേക്ക് പകരുകയാണ് സാംസ്കാരിക മന്ത്രാലയം. ഖത്തറിലെ സ്വദേശികളും താമസക്കാരും ഉൾപ്പെടെ ദിവസേനെ ആയിരങ്ങൾ സന്ദർശിക്കുന്ന ആഘോഷ വേദി കൂടിയാണ് ദർബ് അൽ സാഇ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.