റമദാൻ ത്യാഗത്തിന്റെയും സ്നേഹത്തിന്റെയും നാളുകൾ കൂടെയാണ്. നാട്ടിലെ നോമ്പുകാലത്തിൽനിന്നും തികച്ചും വ്യത്യസ്തമാണ് ഖത്തറിലെ നോമ്പുകാലം. രാത്രികൾ ഏറെ വൈകും വരെ സ്ത്രീകൾക്കും പള്ളികളിൽ ചെലവഴിക്കാം. ജീവിതത്തിന്റെ മറ്റെല്ലാ കെട്ടുപാടുകളും ഒഴിവാക്കി പെണ്ണിനും അവളുടെ നമസ്കാരപ്പായയിൽ ആരാധനാ നിമഗ്നമായ മനസ്സോടെയിരിക്കാൻ സാധിക്കുന്ന കാലവും ഇടവുമാണിത്. ഓരോ റമദാൻ കാലവും തിരക്കുകളിലേക്ക് കൂപ്പുകുത്തുന്ന സമയമാണെനിക്ക്. അധ്യാപികയായതിനാൽ സ്കൂളിലെ ജോലിയും ഒപ്പം മൈലാഞ്ചി കലാകാരി എന്ന നിലയിലും തിരക്കേറുന്ന സമയം. ഖത്തറികൾ പൊതുവേ ഏറ്റവും കൂടുതൽ മൈലാഞ്ചി ഇടുന്ന കാലം കൂടിയാണിത്.
ഏഴു വർഷങ്ങൾക്കു മുമ്പ് ഒരു റമദാൻ മാസത്തിലാണ് ആ വലിയ ഖത്തറി വീട്ടിലേക്ക് മൈലാഞ്ചി ഇടാനായി ഞാനാദ്യം പോയത്. വൃദ്ധയായ ഉമ്മാക്കും അവരുടെ മക്കൾക്കുമാണ് മൈലാഞ്ചി ഇടാനുണ്ടായിരുന്നത്. അവരുടെ ഇളയ മകൾ പതിവായി മൈലാഞ്ചി ഇടാൻ വിളിക്കാറുണ്ടായിരുന്നു. ഞാനാദ്യം കാണുമ്പോൾ കാൽമുട്ടിന് ഓപറേഷൻ കഴിഞ്ഞ് വീൽചെയറിലായിരുന്നു ആ ഉമ്മ. നിറഞ്ഞ സ്നേഹമൊഴുകുന്ന കണ്ണുകൾ, മൈലാഞ്ചി ഇട്ട് കഴിഞ്ഞപ്പോൾ അവരെന്നെ ഇറുക്കി കെട്ടിപ്പിടിച്ചു. ഞാൻ വിളിക്കുമ്പോഴൊക്കെ നീ വരണം. ‘മാമാ’ (അറബികൾ ഉമ്മയെ വിളിക്കുന്നത്) വേഗം എഴുന്നേറ്റ് നടക്കാൻ റബ്ബിനോട് ദുആ ചെയ്യണേന്ന് പറഞ്ഞു. മാമ അറബിയിലും ഞാൻ ഇംഗ്ലീഷിലും അറിയാവുന്ന മുറി അറബിയിലും സംവദിച്ചു. മാസത്തിലൊരു തവണയെങ്കിലും മാമ വിളിക്കും. ചെന്നാൽ കെട്ടിപ്പിടിച്ച് ഉമ്മ വെച്ച് ഹൃദ്യമായ ചിരിയോടെ വിശേഷങ്ങൾ തിരക്കും. ഗദ്ദാമമാരെ വിളിച്ച് ചായയും പലഹാരങ്ങളും വിളമ്പും. മാമക്ക് എന്റെ ഉമ്മാടെയത്ര ഉയരമില്ല. പക്ഷേ അവർ കെട്ടിപ്പിടിക്കുമ്പോൾ എനിക്കെന്റെ മരിച്ചു പോയ ഉമ്മാടെ മണം അനുഭവപ്പെടും, ഉമ്മാടെ കൈകളുടെ സ്നേഹത്തിന്റെ തണുപ്പ്.
ചില ബന്ധങ്ങളുടെ അർഥമെന്തെന്നും അതിന്റെ ആഴമെത്രയെന്നും നമുക്കറിയില്ല. കാരുണ്യവാനായ റബിന്റെ അനുഗ്രഹമാണല്ലോ മനസ്സുകളിൽ തോന്നുന്ന അടുപ്പവും സ്നേഹവും. നമ്മുടെ ഉറ്റവരുടെ ഉള്ളിൽ ചിലപ്പോഴൊക്കെ നമ്മൾ അന്യരാണ്. എന്നാൽ ചില അന്യരുടെ മനസ്സിൽ നമ്മൾ ആരൊക്കെയോ ആണല്ലേ. ഇത്തരം സ്നേഹ ബന്ധങ്ങളെ എന്തു പേരിട്ടു വിളിക്കണം?
ഉമ്മയെ ഓർമിപ്പിക്കുന്ന സ്നേഹക്കൂടാണ് ഖത്തറിയായ മാമ. മാമ കെട്ടിപ്പിടിക്കുമ്പോൾ എപ്പോഴും എന്റെ നെഞ്ച് എന്തിനെന്നില്ലാതെ കലങ്ങാറുണ്ട്. ഉമ്മയുടെ സ്നേഹത്തിന്റെ മണം ഞാനനുഭവിക്കാറുണ്ട്. കഴിഞ്ഞ തവണ അവസാന നോമ്പ് ദിവസത്തിൽ മൈലാഞ്ചി ഇടാൻ ചെല്ലാൻ ഇത്തിരി വൈകിയപ്പോൾ, നീ മാമാനെ മറന്നോന്ന് ചോദിച്ച് പരിഭവിച്ചുകൊണ്ടിരിക്കുന്നുവെന്ന് പറഞ്ഞ് മാമാടെ മോൾ വിളിച്ചു. ‘മാമ സ്വൈര്യം തരാത്തതിനാൽ വിളിച്ചതാട്ടോ.. നിനക്കൊന്നും തോന്നല്ലേ..’ എന്നും പറഞ്ഞു മാമാടെ മോൾ ഫോൺ വെച്ചു.
ഞാൻ വാതിൽ തുറന്നതും അകത്തെ വീൽചെയറിൽ നിന്നും ‘അഹ് ലൻ വ സഹ് ലൻ’ എന്ന മധുരമൂറുന്ന ശബ്ദം. സ്നേഹത്തിന് നമ്മുടെ മനസ്സിൽ മഞ്ഞു വാരിയിടുന്ന കുളിര് തോന്നിപ്പിക്കാനാവുമെന്ന് അപ്പോഴാണ് ഞാൻ തിരിച്ചറിഞ്ഞത്. എന്നെ കണ്ടതും എന്തേ വരാൻ വൈകിയതു നീയെന്നേ മറന്നോ, എന്ന പരിഭവം. കൊറോണ ഭീതിയിൽ തൊടാതെ നിന്നിരുന്ന എന്നെ വലിച്ചടുപ്പിച്ച് അമർത്തിയ ചുംബനം. ആ നെറുകയിൽ അതീവ സ്നേഹത്തോടെ ചുണ്ട് ചേർക്കുമ്പോൾ എന്തിനെന്നറിയാതെ എന്റെ കണ്ണുകൾ നിറഞ്ഞൊഴുകി. മാമ മക്കത്തു പോയിരിക്കുകയായിരുന്നു. അവിടെ ഇരുന്ന് നിന്നെ ഒത്തിരി ഓർത്തു. നിനക്കു വേണ്ടി ഞാൻ മക്കത്തുനിന്ന് എന്തൊക്കെ കൊണ്ടു വന്നിരിക്കുന്നതെന്ന് നോക്കുവെന്ന് പറഞ്ഞ് കണ്ണു നിറയെ ഒരു കുഞ്ഞിന്റെ കുസൃതിയോടെ വലിയ പൊതിയെടുത്ത് തന്നു.
ആ സ്നേഹ മഴയിൽ കുളിച്ച് നിൽക്കുമ്പോൾ, ഞാൻ പറഞ്ഞതൊന്നുമാത്രം... അൽഹംദുലില്ലാഹ് (ദൈവത്തിനു സ്തുതി). മാമ ചേർത്തു പിടിച്ചു പിന്നെയും പറഞ്ഞു കൊണ്ടിരുന്നു ‘അള്ളാഹ് അൽവദൂദ്. അവനാണ് നിന്റെയും എന്റെയും മനസ്സിൽ ഹുബ്ബ് (ഇഷ്ടം) നിറച്ചത്.. നമ്മളിങ്ങനെ സ്നേഹിക്കണമെന്നാണ് അള്ളാഹുവിന്റെ ഖദ്ർ (വിധി)’
‘നിനക്ക് ഒഴിവ് കിട്ടുമ്പോഴൊക്കെ ഇവിടെ വരണമെന്നാണ് മാമ പറയുന്നത്. മാമാക്ക് ഇടക്കിടക്ക് നിന്നെ വെറുതെയെങ്കിലും ഒന്നു കാണണമെന്ന്’.. മാമ അറബിയിൽ പറഞ്ഞതെല്ലാം മാമാടെ മകൾ ഇംഗ്ലീഷിൽ എന്നോട് പറഞ്ഞു.
‘നീ എന്തു മാജിക്കാണ് മാമാടെ അടുത്ത് ചെയ്തത്?’ അവളെന്നെ നോക്കി കണ്ണിറുക്കി. മനുഷ്യമനസ്സുകളിൽ ഉറവപൊട്ടുന്ന സ്നേഹത്തിന്റെ നീരൊഴുക്കിനെന്ത് മാജിക്ക്? അവൾ ഭക്ഷണപ്പൊതികളുടെ വലിയൊരു കവർ എടുത്ത് എന്റെ കൈകളിൽ തന്നു. ഞാൻ മാമയുടെ നെറ്റിയിൽ അമർത്തി ചുംബിച്ചു. അപ്പോഴും മാമയുടെ കൈകാലുകളിൽ ഞാനണിയിച്ച മൈലാഞ്ചി സുഗന്ധം പൊഴിക്കുന്നുണ്ടായിരുന്നു.
ഞങ്ങളുടെ സ്നേഹത്തിന്റെ സുഗന്ധം. ഭാഷയുടെയും രാഷ്ട്രത്തിന്റെയും അതിർവരമ്പുകളില്ലാത്ത മാതൃസ്നേഹത്തിന്റെ നിഷ്കളങ്ക സുഗന്ധം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.